ഇടുക്കി-മുല്ലപ്പെരിയാറില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയാക്കിയതോടെ വണ്ടിപ്പെരിയാര്‍ മേഖലയില്‍ 7 വീടുകളില്‍ വെള്ളം കയറി. വെളളിയാഴ്ചയാണ് മുല്ലപ്പെരിയാറിന്റെ 10 ഷട്ടറുകള്‍ 30 സെ മീ ഉയര്‍ത്തിയത്. ഞായറാഴ്ച ആറ് ഷട്ടറുകള്‍ 50 സെ മീ വീതം ഉയര്‍ത്തി. ഇന്നലെ പല വട്ടമായി 10 ഷട്ടറുകളും 90 സെ മീ വീതം ഉയര്‍ത്തി കൂടുതല്‍ വെളളമൊഴുക്കി.
മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളമൊഴുക്ക് സെക്കന്റില്‍ 3638 ഘനമീറ്ററായിരുന്നത് ഇന്നലെ രാവിലെ 4957 ആയി കൂടി. ജലനിരപ്പ് ഈ സമയം 138.95 അടി പിന്നിട്ടിരുന്നു. ഉച്ചയ്ക്ക് 2 ന് 6042 ആയും വൈകിട്ട് 5ന് 7130 ഘനമീറ്ററായും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. എന്നാല്‍ ജലനിരപ്പ് ഉയര്‍ന്ന് 139.45 അടി പിന്നിട്ടു. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ശരാശരി അളവ് സെക്കന്റില്‍ 11000 ഘനയടിയാണ്.
2144 ഘനയടി തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്. അപ്പര്‍ റൂള്‍കര്‍വ് 137.5 അടിയാണ്. പത്താം തിയതി മുതല്‍ 138.40 അടിയായും ഇത് മാറും. റൂള്‍കര്‍വ് പാലിക്കാന്‍ തമിഴ്നാട് ആദ്യം തയ്യാറാകാതെ ഇരുന്നതാണ് ഇത്തരത്തില്‍ വലിയ തോതില്‍ വെള്ളം തുറന്ന് വിടുന്നതിലേക്ക് എത്തിച്ചതെന്ന പരാതി വ്യാപകമാണ്.