റിയാദ്-സൗദി അറേബ്യയെ ആഗോള വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ചെങ്കടല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള സ്റ്റാഫ് സിറ്റി പ്രൊജക്റ്റിന്റെ പ്രവൃത്തി അവസാന ഘട്ടത്തില്‍. കമ്പനി സി.ഇ.ഒ ജോണ്‍ പഗാനോ സ്റ്റാഫ് സിറ്റി പ്രൊജക്റ്റിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. 200 ല്‍ പരം വില്ലകളുടേയും വീടുകളുടേയും നിര്‍മാണം ഏപ്രില്‍ മാസം പൂര്‍ത്തിയായി. നിര്‍മാണ പ്രവൃത്തികളെല്ലാം ഇപ്പോള്‍ മികച്ച രീതിയില്‍ തന്നെ നടക്കുന്നുണ്ടെന്നും സെപ്തംബര്‍ മാസത്തോടെ ഇതു കൈമാറ്റം ചെയ്യുമെന്നും സി.ഇ.എ അറിയിച്ചു. അടുത്തവര്‍ഷം മുതല്‍ അതിഥികളെ സ്വീകരിച്ചു തുടങ്ങുകയും ചെയ്യും.
സൗദിയുടെ പടിഞ്ഞാറന്‍ തീരമേഖലയോട് ചേര്‍ന്നു കിടക്കുന്ന മനോഹരമായ ദ്വീപ് സമുച്ചയത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നത് 16 ആഢംബര ഹോട്ടലുകളാണ്. അര ലക്ഷം കോടി ഡോളര്‍ ചെലവിട്ട് ചെങ്കടല്‍ തീരത്ത് സൗദി അറേബ്യ നിര്‍മിക്കുന്ന ഭാവിയുടെ നഗരമായ നിയോമില്‍ (Neom) 2024 മുതല്‍ താമസക്കാര്‍ എത്തിത്തുടങ്ങും. 2030 ഓടെ ദശലക്ഷക്കണത്തിന് പേര്‍ നിയോം സ്വന്തം മേല്‍വിലാസമാക്കി മാറ്റും. അടുത്ത പതിറ്റാണ്ടോടെ 20 ലക്ഷം പേരെങ്കിലും നിയോമില്‍ താമസമാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.