Sorry, you need to enable JavaScript to visit this website.
Wednesday , October   05, 2022
Wednesday , October   05, 2022

കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ച ഒരാള്‍

ആഗോളതലത്തില്‍ ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനും മുതിര്‍ന്ന കമ്യുണിസ്റ്റ് നേതാവുമായിരുന്നു ഇന്ന് അന്തരിച്ച പി.കെ. കുഞ്ഞനന്തന്‍ നായര്‍ എന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. കോളങ്കട അനന്തന്‍ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബര്‍ 26 ന് നാറാത്താണ് ജനനം.
1935 ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാല ഭാരത് സംഘം എന്ന  ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റായി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരായിരുന്നു അന്ന് സെക്രട്ടറി. 1939 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. 1945 46 കാലഘട്ടത്തില്‍ ബോംബയില്‍ രഹസ്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. 1948 ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ദല്‍ഹി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം  ഉറച്ചുനിന്നു. 57 ല്‍ ഇ.എം.എസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്‌സിസം ലെനിനിസത്തിലും രാഷ്ട്രമീമാംസയിലും ബിരുദമെടുത്തു. 1959 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1965 ല്‍ ബ്ലിറ്റ്‌സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബര്‍ലിനില്‍നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ലോകം ശ്രദ്ധിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ബര്‍ലിന്റെ തൂലികയിലൂടെയാണ് പുറത്തുവന്നത്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ  പ്രവര്‍
ത്തനങ്ങളെയും പദ്ധതികളേയും കുറിച്ച് ഗവേഷണം നടത്തിയ ബര്‍ലിന്റെ ഡെവിള്‍ ഇന്‍ ഹിസ് ഹാര്‍ട്ട് എന്ന ഗ്രന്ഥം ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എണ്‍പതുകളുടെ അവസാനം നാട്ടില്‍ തിരിച്ചെത്തിയ ബര്‍ലിന്‍, പാര്‍ട്ടി സെന്ററുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. തൊണ്ണൂറുകളില്‍ പാര്‍ട്ടിയില്‍ വിഭാഗീയത കത്തിനിന്ന കാലത്ത് വി.എസ്.അച്യുതാനന്ദനൊപ്പം ഉറച്ചു നിന്ന ബര്‍ലിന്‍, ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടായി. നാറാത്തെ വീട്ടില്‍ താമസിച്ചു വരുന്നതിനിടെ ഊരുവിലക്ക് നേരിടേണ്ടി വന്നു.  പൊളിച്ചെഴുത്ത് എന്ന ആത്മകഥയിലൂടെ ഔദ്യോഗിക വിഭാഗത്തെ ഞെട്ടിച്ച ബര്‍ലിന്‍, 79 ാം വയസില്‍ സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടു. അവസാന കാലത്ത് പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.
ലോക സോഷ്യലിസ്റ്റ് നേതാക്കളുമായി അടുത്ത സമ്പര്‍ക്കംപുലര്‍ത്താനും സോവിയറ്റ് യൂണിയനിലെയും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ ജയാപചയങ്ങള്‍ നേരിട്ടുകാണാനും സാധിച്ച വ്യക്തി.
ബര്‍ലിന്‍ മതിലാണ് കുഞ്ഞനന്തന്‍നായരെ ജര്‍മനിയില്‍ എത്തിച്ചത്. ബര്‍ലിന്‍ നഗരത്തെ നെടുകെ വിഭജിച്ചുകൊണ്ട് ഇരു ജര്‍മനിയെയും വേര്‍തിരിക്കുന്നതിന് 1961 ഓഗസ്റ്റ് 13ന് അര്‍ധരാത്രിയാണ് പതിനായിരക്കണക്കിന് ജനങ്ങള്‍ ചേര്‍ന്ന് ഈ കൂറ്റന്‍മതില്‍ കെട്ടിപ്പൊക്കിയത്. ഒരു രാജ്യത്തിന്റെ ഭാഗമായി ജീവിച്ച ജനതയെ വന്‍മതില്‍കൊണ്ട് വേര്‍തിരിച്ചതിനെതിരേ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വന്‍ പ്രചാരവേലയാരംഭിച്ചു. ഇതിന് മറുപടി പറയാനും ഇക്കാര്യത്തില്‍ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ നിലപാട് പ്രചരിപ്പിക്കാനും ഇന്ത്യയില്‍നിന്ന് ഒരാളെ ജര്‍മനിയിലേക്ക് അയക്കണമെന്ന കിഴക്കന്‍ ജര്‍മന്‍ സോഷ്യലിസ്റ്റ് ഭരണത്തലവന്‍ വാള്‍ട്ടര്‍ ഉള്‍ബ്രിറ്റിന്റെ നിര്‍ദേശമനുസരിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയഘോഷിന്റെ ആവശ്യപ്രകാരമാണ് കുഞ്ഞനന്തന്‍ നായര്‍ ബര്‍ലിനിലെത്തുന്നത്. അങ്ങനെയാണ് പി.കെ. കുഞ്ഞനന്തന്‍ നായര്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരാവുന്നത്.
2000-01ല്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ ചേര്‍ത്ത് 'എഡിറ്റേഴ്‌സ് ഡെസ്‌ക്' എന്ന പുസ്തകം തയ്യാറാക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ചില അനുഭവങ്ങള്‍ പങ്കുവെച്ചത്.
ഇതിലൊന്നാണ് 1950 ഡിസംബറില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാല് ദേശീയനേതാക്കളെ (അജയഘോഷ്, എസ്.എ. ഡാങ്കെ, സി. രാജേശ്വരറാവു, എം. ബസവ പുന്നയ്യ) കൊല്‍ക്കത്ത തുറമുഖത്തുനിന്ന്, സ്റ്റാലിന്‍ അയച്ച മുങ്ങിക്കപ്പലില്‍ അതിരഹസ്യമായി സോവിയറ്റ് യൂണിയനിലേക്ക് കൊണ്ടുപോയ സംഭവം. 1948ലെ കൊല്‍ക്കത്ത തീസീസ് പരാജയപ്പെടുകയും തെലങ്കാന സായുധകലാപം ഇന്ത്യന്‍ സൈന്യം അടിച്ചമര്‍ത്തുകയും ചെയ്തശേഷം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയ പരിപാടി തയാറാക്കുന്നതിന് സോവിയറ്റ് നേതാവ് സ്റ്റാലിനുമായി ചര്‍ച്ചനടത്തുന്നതിനായിരുന്നു ഈ നേതാക്കളെ കൊണ്ടുപോയത്.
സോവിയറ്റ് യൂണിയന് ഇന്ത്യാസര്‍ക്കാരുമായുള്ള സൗഹൃദത്തിന് മങ്ങലേല്‍ക്കാതിരിക്കാനാണ് സ്റ്റാലിന്‍ ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചത്. നേതാക്കളെ സോവിയറ്റ് മുങ്ങിക്കപ്പലില്‍ യാത്രയയക്കാന്‍പോയ രണ്ടുപേരില്‍ ഒരാളായിരുന്നു കുഞ്ഞനന്തന്‍ നായര്‍. മറ്റൊരാള്‍ മറ്റൊരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ നിഖില്‍ ചക്രവര്‍ത്തി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ രഹസ്യങ്ങളിലൊന്നാണ് ഈ സംഭവം. ഒരിക്കല്‍ ഇക്കാര്യം തുറന്നെഴുതാന്‍ അനുമതി തേടിയെങ്കിലും കുഞ്ഞനന്തന്‍നായരെ ഇ.എം.എസ്. വിലക്കുകയായിരുന്നു. പിന്നീട് പൊളിച്ചെഴുത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.             
ഭാര്യ സരസ്വതിയമ്മ. മകള്‍  ഉഷ (ബര്‍ലിന്‍). മരുമകന്‍ ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍ മീനാക്ഷി, ജാനകി, കാര്‍ത്യായനി.

 

Latest News