Sorry, you need to enable JavaScript to visit this website.

ദുബായിക്ക് പകരം എത്തിച്ചത് പാക്കിസ്ഥാനില്‍; ഇന്ത്യയിലേക്ക് മടങ്ങാന്‍ കൊതിച്ച് ബീഗം

കറാച്ചി- ദുബായിലേക്കെന്ന് ധരിപ്പിച്ച് ഇരുപത് വര്‍ഷം മുമ്പ് പാക്കിസ്ഥാനിലെത്തിച്ച ഇന്ത്യക്കാരിയെ തിരികെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി.
മുംബൈ സ്വദേശിനിയായ ഹാമിദി ബീഗത്തെ മുംബൈയിലെ വിസ ഏജന്റ് ദുബായിലേക്ക് വിസ വാഗ്ദാനം ചെയ്ത ഇപാക്കിസ്ഥാനിലെ കറാച്ചിയില്‍ എത്തച്ചതാണെന്ന് കരുതുന്നു. സോഷ്യല്‍ മീഡയയില്‍ പ്രചരിച്ച വീഡിയോ ആണ് സ്ത്രീയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമായത്. കുടുംബത്തിലെത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് സഹായം തേടുന്നതായിരുന്നു വീഡിയോ.
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടതായും ഹാമിദി ബീഗത്തെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും കറാച്ചിയിലെ ഒരു പള്ളി ഇമാമായ വലിയുല്ല മഹ്‌റൂഫ് പറഞ്ഞു. കറാച്ചിയില്‍ ഭര്‍ത്താവിന്റെ മകനോടൊപ്പം കഴിയുന്ന ബീഗം കടുത്ത നിരാശയിലാണെന്നും നാട്ടിലെത്താന്‍ വഴി തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
20 വര്‍ഷമാി മക്കളെയോ കുടുംബാംഗങ്ങളെയോ കണ്ടിട്ടില്ലെന്നും അവരെ കാണണമെന്നും ഹാമിദി ബീഗം പറയുന്ന വീഡിയോ പ്രചരിച്ചിരുന്നു. മകളുമായും പേരമക്കളുമായും വീഡിയോ കോളില്‍ സംസാരിച്ചുവെന്നും അവരെ നേരിട്ട് കാണണമെന്നും ഹാമിദി ബീഗം പറഞ്ഞു.
നേരത്തെ ഖത്തറില്‍ പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഇവര്‍ക്ക് 2002 ലാണ് മുംബൈയിലെ വിസ ഏജന്റ് ദുബായ് വിസ വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ഇവരെ കബളിപ്പിച്ച് ഏജന്റ് കറാച്ചിയില്‍ എത്തിക്കുകയായിരുന്നു. കറാച്ചിയില്‍നിന്ന് സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിലെത്തിച്ച ബീഗത്തെ മൂന്ന് മാസത്തോളം മുറിയില്‍ പൂട്ടിയിട്ടതായും പറയുന്നു. പിന്നീട് ഇവര്‍ ഭാര്യ മരിച്ച പാക്കിസ്ഥാനിയെ വിവാഹം ചെയ്യുകയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് ബീഗത്തിന്റെ പാക്കിസ്ഥാനിയായ ഭര്‍ത്താവ് മരിച്ചു. 14 വര്‍ഷം മുമ്പാണ് ഇവര്‍ കറാച്ചിയില്‍നിന്ന് ഹൈദരാബാദില്‍ താമസം തുടങ്ങിയത്.
എപ്പോഴും സങ്കടത്തില്‍ കാണപ്പെട്ട സ്ത്രീ സ്വന്തം കഥ പറഞ്ഞപ്പോഴാണ് സഹായിക്കാന്‍ തീരുമാനിച്ചതെന്നു ഇതിനായാണ് വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തതെന്നും ഇമാം മഹ്‌റൂഫ് പറഞ്ഞു. ഖല്‍ഫാന്‍ ശൈഖ് എന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനാണ് വീഡിയോ കണ്ട് താനുമായി ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലേക്ക് കടത്തി ബംഗ്ലാദേശി സ്ത്രീകളേയും കുടുംബാംഗങ്ങളെ കണ്ടെത്താന്‍ ഇമാം മഹ്‌റൂഫ് സഹായിക്കാറുണ്ട്. ഹാമിദി ബീഗത്തെ പോലുള്ള സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമില്ലെന്നും പാക്കിസ്ഥാനില്‍ ജോലി കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News