Sorry, you need to enable JavaScript to visit this website.

കനത്ത മഴയിൽ കർഷകരുടെ ഓണ സ്വപ്‌നങ്ങൾ പൊലിഞ്ഞു

പ്രതികൂല കാലാവസ്ഥയിൽ സംസ്ഥാനത്ത് റബർ ടാപ്പിങ് സ്തംഭിച്ച വേളയിലും ടയർ ലോബി വില ഇടിച്ച് റബർ കൈക്കലാക്കാൻ ശ്രമിച്ചു. എന്നാൽ ഉൽപാദന മേഖല ചെറുത്തുനിന്നതോടെ വാരാവസാനം വ്യവസായികൾ ഷീറ്റ് വില ഉയർത്തി. കർക്കിടകം രണ്ടാം പകുതിയുടെ തുടക്കത്തിലെ ശക്തമായ മഴയിൽ കാർഷിക കേരളം സ്തംഭിച്ചു. ഓണം മുന്നിൽ കണ്ട് കൃഷി ഇറക്കിയ കർഷകർക്ക് പ്രതികൂല കാലാവസ്ഥയിലെ കൃഷിനാശം മൂലം വൻ സാമ്പത്തിക നഷ്ടമുണ്ടായി. ചിങ്ങത്തിൽ ചരക്ക് ഇറക്കാമെന്ന പ്രതീക്ഷയിൽ നെയ്തു കൂട്ടിയ വൻ സ്വപ്നങ്ങളാണ് കനത്ത മഴയിൽ ഇല്ലാതായത്. ഓണ വിൽപന മുന്നിൽ കണ്ട് ഒരുക്കിയ പല കാർഷികോൽപന്നങ്ങളും മഴയിൽ കർഷകർക്ക് നഷ്ടമായി. 
പ്രതികൂല കാലവസ്ഥ മുൻനിർത്തി റബർ കർഷകർ പിന്നിട്ട വാരം തോട്ടങ്ങളിൽ നിന്നും പൂർണമായി അകന്നു നിന്നു. മഴയുടെ ശക്തി മൂലം റെയിൻ ഗാർഡ് ഇട്ട എസ്‌റ്റേറ്റുകളിൽ നിന്ന് പോലും ഉൽപാദകർ അകന്നത് കണ്ട് സ്‌റ്റോക്കിസ്റ്റുകൾ റബർ ഷീറ്റ് വിൽപനയും നിയന്ത്രിച്ചു. ഇതിനിടയിൽ ടയർ നിർമാതാക്കൾ രാജ്യാന്തര വിപണിയിലെ തളർച്ച മറയാക്കി ഷീറ്റ് വില വീണ്ടും ഇടിച്ചത് കാർഷിക മേഖലയെ അൽപം സമ്മർദത്തിലാക്കിയെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ ടയർ ലോബി റബർ വില ഉയർത്തി. സംസ്ഥാനത്ത നാലാം ഗ്രേഡ് റബർ കിലോ 168 രൂപയിൽ നിന്നും 167 ലേയ്ക്ക് ഒരവസരത്തിൽ താഴ്ന്ന ശേഷം വാരാന്ത്യം 170 രൂപയായി ഉയർന്നു. മൂന്ന് മാസത്തെ താഴ്ന്ന വിലയിൽ നിന്നും റബർ തിരിച്ചുവരവ് നടത്തിയെങ്കിലും വ്യവസായികളുടെ പ്രതീക്ഷക്കൊത്ത് അവർക്ക് ചരക്ക് സംഭരിക്കാനായില്ല. അഞ്ചാം ഗ്രേഡ് റബർ വില 157-163 രൂപയിൽ നിന്നും 160-165 രൂപയായി. 
റബർ അവധി വ്യാപാര രംഗത്തെ വിൽപന സമ്മർദം വിട്ടുമാറിയില്ല. ടോക്കാമിലും സിക്കോമിലും ചൈനീസ് മാർക്കറ്റിലും റബറിന് മുന്നേറാനായില്ല. ബാങ്കോക്കിൽ റബർ വില 144 രൂപയിലാണ്. ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 93 ഡോളറായി താഴ്ന്നതും ഏഷ്യൻ മാർക്കറ്റിൽ റബർ അവധി വിലകളെ ബാധിച്ചു. അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളക് സംഭരണത്തിൽ നിന്നും അകന്നു നിന്നു. കനത്ത മഴ മൂലം ശേഖരിക്കുന്ന ചരക്ക് ഉത്തരേന്ത്യയിലേയ്ക്ക് നീക്കുന്നതിലെ തടസ്സങ്ങൾ ഒരു പരിധി വരെ അവരെ പുതിയ വാങ്ങലുകളിൽ നിന്നും പിൻതിരിപ്പിച്ചു. അന്തരീക്ഷ താപനില കുറഞ്ഞത് കുരുമുളകിലെ ജലാംശ തോത് ഉയർത്തുമെന്നതും ഉത്തരേന്ത്യൻ ഡിമാന്റ് ചുരുങ്ങാൻ ഇടയാക്കി. കുരുമുളകിന് ഇത് ഓഫ് സീസണായതിനാൽ ഉത്സവകാല ഡിമാന്റ് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 49,500 രൂപ. 
ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളക് വില 6500 ഡോളർ. ബ്രസീൽ 3050 ഡോളറായും ഇന്തോനേഷ്യ 3900 ഡോളറായും നിരക്ക് ഉയർത്തി. എന്നാൽ വിയറ്റ്‌നാം 3750-4000 ഡോളറിലും മലേഷ്യ 5900 ഡോളറിലും നിരക്ക് സ്‌റ്റെഡിയായി നിലനിർത്തി. ഉത്തരേന്ത്യയിൽ നിന്നുള്ള കറിമസാല വ്യവസായികളും പൗഡർ യൂനിറ്റുകളും    ജാതിക്ക, ജാതിപത്രി തുടങ്ങിയവ ശേഖരിക്കാൻ രംഗത്തുണ്ടെങ്കിലും വിലയിൽ മാറ്റമില്ല. നിരക്ക് ഉയർത്താതെ ചരക്ക് ശേഖരിക്കാനാണ് പല അവസരത്തിലും അവർ ശ്രമിച്ചത്. ഗൾഫ് ഓർഡർ ലഭിച്ച കയറ്റുമതി സ്ഥാപനങ്ങളും വിപണിയിലുണ്ട്.   
ലേല കേന്ദ്രങ്ങളെ പുതിയ ഏലക്ക ലഭ്യത ഉയർന്നത് കണ്ട് കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഉൽപന്നത്തിൽ താൽപര്യം കാണിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ വിളവെടുപ്പിന് തടസ്സമുളവാക്കിയതിനൊപ്പം ഏലച്ചെടികളെയും മഴ ദോഷകരമായി ബാധിച്ചതായാണ് കാർഷിക മേഖലയിൽ നിന്നുള്ള വിവരം. പിന്നിട്ട വാരം പല ലേലങ്ങളിലും അര ലക്ഷം കിലോക്ക് മുളകളിൽ ഏലക്ക വിൽപനക്ക് ഇറങ്ങിയെങ്കിലും നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ വരവ് ചുരുങ്ങാൻ ഇടയുണ്ട്. മികച്ചയിനങ്ങൾ ഒരവസരത്തിൽ 1632 രൂപ വരെ ഉയർന്ന ശേഷം വാരാന്ത്യം 1591 രൂപയിലാണ്. ശരാശരി ഇനങ്ങൾ മൂന്ന് തവണ  കിലോ ആയിരം രൂപക്ക് മുകളിൽ ഇടപാടുകൾ നടന്നു, ശനിയാഴ്ച വില 1037 രൂപയിലാണ്. 
നാളികേരോൽപന്നങ്ങളുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം വാരവും കൊപ്ര വില സ്‌റ്റെഡിയാണ്. അതേ സമയം ചിങ്ങം പിറക്കുന്നതോടെ തളർച്ചയിൽ നിന്നും വിപണി കരകയറുമെന്ന പ്രതീക്ഷകയിലാണ് കൊപ്രയാട്ട് വ്യവസായികൾ. കൊച്ചിയിൽ 8250 രൂപയിലും കാങ്കയത്ത് 8100 രൂപയിലുമാണ് ഇടപാടുകൾ നടക്കുന്നത്. വൈകാതെ മില്ലുകാർ പച്ചത്തേങ്ങയിൽ പിടിമുറുക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ 13,800  ലും കോഴിക്കോട്ട് 14,250 രൂപയിലും വിപണനം നടന്നു. 
സംസ്ഥാനത്ത് സ്വർണ വില പല ദിവസങ്ങളിലും രണ്ട് തവണ വരെ കയറി ഇറങ്ങി. 37,760 രൂപയിൽ നിന്നും പവൻ 37,680 ലേക്ക് തുടക്കത്തിൽ താഴ്‌ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വിപണി ചൂടുപിടിച്ച് 38,200 വരെ കയറി. ശനിയാഴ്ച രാവിലെ 37,800 വരെ താഴ്‌ന്നെങ്കിലും ഉച്ചയോടെ നിരക്ക് 38,040 ലേക്ക് തിരിച്ചുവരവ് നടത്തി. ഗ്രാമിന് വില 4755 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1776 ഡോളർ.  

Latest News