Sorry, you need to enable JavaScript to visit this website.

വിദേശ നിക്ഷേപകരുടെ രംഗപ്രവേശം ഓഹരി വിപണിക്ക് കരുത്തായി

ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ സൂചികയിലെ ഉയർച്ചക്ക് ഇടയിൽ കൈവശമുള്ള ഓഹരികളിൽ ലാഭമെടുപ്പിന് നീക്കം തുടങ്ങി. വിദേശ ഓപറേറ്റർമാർ പുതിയ നിക്ഷേപങ്ങൾക്ക് മത്സരിച്ച് രംഗത്ത് ഇറങ്ങിയത് തുടർച്ചയായ മൂന്നാം വാരത്തിലും ഇന്ത്യൻ മാർക്കറ്റിന് കരുത്തായി. വിദേശ ഫണ്ടുകൾ എല്ലാ ദിവസവും നിക്ഷേപകരായത് സെൻസെക്‌സ് 817 പോയന്റും നിഫ്റ്റി 239 പോയന്റും പ്രതിവാര നേട്ടത്തിന് അവസരം ഒരുക്കി. നിഫ്റ്റി 17,404 ലെ പ്രതിരോധം തകർത്തെങ്കിലും വ്യാപാരാന്ത്യം ഈ നിർണായക കടമ്പയിൽ കാലിടറി.  17,158 പോയന്റിൽ നിന്നും നേട്ടത്തിൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 17,404 ലെ തടസ്സം ഭേദിച്ച് 17,490 വരെ ഉയർന്നു. ഇതിനിടയിൽ ആഭ്യന്തര ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിങിന് രംഗത്ത് ഇറങ്ങിയതിനാൽ വാരാന്ത്യം സൂചിക 17,397 പോയന്റിലാണ്. അതേ സമയം വീക്കിലി ചാർട്ട് പ്രകാരം മുൻവാരം വ്യക്തമാക്കിയിരുന്ന 17,340 ൽ ശക്തമായ പ്രതിരോധം തകർക്കാൻ നിഫ്റ്റിക്കായത്  ബുൾ ഇടപാടുകാർക്ക് ആത്മവിശ്വാസം പകർന്നു. 
സൂചിക ഉറ്റുനോക്കുന്നത് 17,540 ലെ പ്രതിരോധത്തെയാണ്. ഈ തടസ്സം ഭേദിച്ചാൽ 17,683 പോയന്റ് വരെ നിഫ്റ്റി മുന്നേറാം. പ്രതികൂല വാർത്തകൾ ഇടപാടുകാരെ സ്വാധീനിച്ചാൽ 17,204-17,011 പോയന്റിൽ താങ്ങുണ്ട്. മറ്റു സാങ്കേതിക ചലനങ്ങൾ നീരീക്ഷിച്ചാൽ സൂപ്പർ ട്രെന്റ്, പാരാബോളിക് എസ് എ ആർ, എം എ സി ഡി എന്നിവ ബുള്ളിഷാണ്. എന്നാൽ ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്‌സ്, സ്ലോ സ്‌റ്റോക്കാസ്റ്റിക്‌സ്, തുടങ്ങിയവ ഓവർ ബ്രോട്ടായതിനാൽ സാങ്കേതിക തിരുത്തലിന് ഇടയുണ്ട്. മുഹറം പ്രമാണിച്ച് ചൊവ്വാഴ്ച വിപണി അവധിയാണ്. 
സെൻസെക്‌സ് 57,570 ൽ നിന്നും ബ്ലൂചിപ്പ് ഓഹരികളുടെ തിളക്കത്തിൽ 58,712 പോയന്റ് വരെ ഉയർന്ന ശേഷം ക്ലോസിങിൽ 58,387 പോയന്റിലാണ്. സൂചിക 57,714 ലെ സപ്പോർട്ട് നിലനിർത്തി 58,886 ലെ ആദ്യ തടസ്സം മറികടന്നാൽ അടുത്ത ലക്ഷ്യം 59,385 പോയന്റായി മാറും.  
മുൻനിര ഐ റ്റി ഓഹരികളായ ഇൻഫോസീസ് ടെക്‌നോളജി, വിപ്രോ, റ്റി സി എസ്, എച്ച് സി എൽ ടെക് തുടങ്ങിയവ മികവ് നിലനിർത്തി. ബാങ്കിംഗ് ഓഹരികളായ എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് ഓഹരി വിലകളും കയറി. ഡോ. റെഡീസ്, എം ആന്റ് എം, മാരുതി, എച്ച് യു എൽ, ആർ ഐ എൽ, എയർ ടെൽ തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ദൃശ്യമായി. 
സാമ്പത്തിക മേഖലയെ ശക്തിപെടുത്താൻ റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും ഉയർത്തി. ആർ ബി ഐ പലിശ ഇനത്തിൽ 50 ബേസിസ് പോയന്റ് വർധിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്ക് 50 ബേസിസ് പോയന്റ് ഉയർത്തി. ബ്രിട്ടനിൽ 1995 ന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്.
രൂപയുടെ മൂല്യം വർധിച്ചു. വാരാരംഭത്തിൽ 79.26 ൽ നീങ്ങിയ രൂപ പിന്നീട് 78.71 ലേക്ക് ശക്തി പ്രാപിച്ച ശേഷം വാരാന്ത്യം 79.23 ലാണ്.   വിദേശ ഫണ്ടുകൾ എല്ലാ ദിവസങ്ങളിലും വാങ്ങലുകാരായിരുന്നു. മൊത്തം 6692 രൂപ നിക്ഷേപിച്ചു. ആഭ്യന്തര ഫണ്ടുകൾ 118 കോടിയുടെ വാങ്ങലും 1883 കോടി രൂപയുടെ വിൽപനയും നടത്തി. രൂപ കാഴ്ചവെക്കുന്ന തിരിച്ചുവരവും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും വിരൽ ചൂണ്ടുന്നത് വർഷാന്ത്യതോടെ നാണയപ്പെരുപ്പം നിയന്ത്രണത്തിലാവുമെന്നാണ്. എണ്ണ വില ബാരലിന് 93.62 ഡോളറാണ്. 
തയ്‌വാൻ വിഷയത്തിൽ യുഎസിനും ചൈനയ്ക്കും ഇടയിൽ ഉയരുന്ന അപസ്വരങ്ങൾ ആശങ്ക ഉളവാക്കുന്നു. അമേരിക്കക്ക് നേരെ ചൈന നയതന്ത്ര ഉപരോധമേർപ്പടുത്തിയത് ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്നത് വരുംദിനങ്ങളിൽ ഏഷ്യൻ ഓഹരി ഇൻഡക്‌സുകളിൽ വിള്ളലുളവാക്കാം. 

Latest News