Sorry, you need to enable JavaScript to visit this website.

കേരളത്തിലെ കാർഷിക, ഭക്ഷ്യോൽപന്നങ്ങൾക്ക് ദുബായിൽ മികച്ച വിപണി സാധ്യത

കേരളത്തിലെ കാർഷിക, ഭക്ഷ്യോൽപന്നങ്ങൾക്ക്  മികച്ച വിപണി സാധ്യത ലഭ്യമാക്കാമെന്ന് ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (ഡി.എം.സി.സി) എക്‌സിക്യൂട്ടീവ് ചെയർമാനും സി.ഇ.ഒയുമായ അഹ്മദ് ബിൻ സുലായേം. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങളും വിപണന സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (ഡി.എം.സി.സി), ഗവൺമെന്റ് ഓഫ് ദുബായ് അതോറിറ്റി ഫോർ കമ്മോഡിറ്റീസ് ട്രേഡ് ആന്റഡ് എന്റർപ്രൈസ് എന്നിവരുടെ  സഹകരണത്തോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റഡ് ഇൻഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച രാജ്യാന്തര റോഡ് ഷോ - മെയ്ഡ് ഫോർ ട്രേഡ് ലൈവിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
ടീ, കോഫി, സ്വർണം, രത്‌നം, സുഗന്ധവ്യഞ്ജനം, ഹോട്ടൽ വ്യവസായങ്ങൾക്ക് ദുബായിൽ ഏറെ സാധ്യതകളുണ്ട്. കേരളത്തിൽ നിന്നുള്ള നൂതന ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിന് പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ടെക് വ്യവസായത്തിനും ഡി.എം.സി.സി പ്രോത്സാഹനം നൽകുന്നുണ്ട്. സെപ കരാർ നിലവിൽ വന്നതോടെ വിപണി സാധ്യതകളും വളർന്നു. ഡിഎം.സി.സിയുടെ ഫ്രീ സോണിലൂടെ കേരളത്തിൽ നിന്നുള്ള സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ യഥേഷ്ടം വിറ്റഴിക്കാമെന്ന് അഹ്മദ് ബിൻ സുലായേം വ്യക്തമാക്കി. കൂടുതൽ പ്രാദേശിക ഉഭയകക്ഷി കരാറുകൾക്ക് യു.എ.ഇ മുൻഗണന നൽകുകയാണ്. സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ വ്യവസായങ്ങൾക്കും ഡി.എം.സി.സിയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ഡി.എം.സി.സിയുടെ ഫ്രീ സോണിൽ കമ്പനി ആരംഭിക്കുന്നതിലൂടെ നൂറ് ശതമാനം ഫോറിൻ ബിസിനസ് ഉടമസ്ഥാവകാശം, പ്രാദേശിക പങ്കാളികളില്ലാതെ സ്വന്തം ബിസിനസ്, പേഴ്‌സണൽ, കോർപറേറ്റ് വരുമാന നികുതിയിൽ നിന്ന് ഒഴിവാക്കൽ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിപ്‌റ്റോ, ബ്ലോക്ക് ചെയിൻ വ്യവസായത്തിലും കേരളത്തിൽ നിന്നുള്ള സംരംഭകർക്ക് ഏറെ സാധ്യതയുണ്ടെന്ന് അഹ്മദ് സുലായെം പറഞ്ഞു.
സെപ കരാർ നിലവിൽ വന്നതോടെ വാണിജ്യ, കയറ്റുമതി അവസരങ്ങളുടെ ആഗോള വാതായനമായി ദുബായി മാറിയെന്ന് ഫിക്കി കേരള ചെയർമാൻ ദീപക് എൽ. അസ്വാനി പറഞ്ഞു. കേരളത്തിൽ ആരംഭിക്കുന്ന വ്യവസായ ഇടനാഴികൾ വാണിജ്യ രംഗത്ത് കൂടുതൽ സാധ്യതകൾ തുറക്കുമെന്നും ദുബായിലേക്ക് വാണിജ്യ കയറ്റുമതി വ്യവസായം വ്യാപിപ്പിക്കാൻ കേരളത്തിലെ സംരംഭകർക്കുള്ള സുവർണാവസരമാണിതെന്നും മുഖ്യ പ്രഭാഷണം നടത്തിയ ജോയന്റ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് കെ.എം. ഹരിലാൽ പറഞ്ഞു. 
ദുബായ് ഫ്രീ സോണിൽ ബിസിനസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിവിധ വാണിജ്യ, വ്യവസായ സംരംഭകർ ഡി.എം.സി.സി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഡി.എം.സി.സി ഏഷ്യ, കിഴക്കൻ യൂറോപ്പ് പ്രതിനിധി ബാസൽ ബിറ്റർ ഫ്രീ സോണിലെ നേട്ടങ്ങളെ കുറിച്ച് വിശദീകരിച്ചു. ദുബായിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച പാനൽ ചർച്ചയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് ദത്ത, അബാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ റിയാസ് അഹമ്മദ്, പേൾ ഇൻവസ്റ്റ്‌മെന്റ് സി.ഇ.ഒ മുഹമ്മദ് റാഫി, റിയ ഗ്രൂപ്പ് ഡയറക്ടർ തോമസ് മത്തായി, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ പങ്കെടുത്തു. 

Latest News