Sorry, you need to enable JavaScript to visit this website.

എം.ജി സർവകലാശാലയും ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും ധാരണയിൽ

മഹാത്മാഗാന്ധി സർവകലാശാലയും  ഫ്രൂട്ട്സ്‌വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും ധാരണാപത്രത്തിൽ ഒപ്പിട്ടപ്പോൾ

മഹാത്മാഗാന്ധി സർവകലാശാല സ്വകാര്യ പഴവർഗ കമ്പനിയുമായി ഗവേഷണ കരാർ ഒപ്പുവെച്ചു. അടിമാലിയിൽ നിന്നുള്ള ഫ്രൂട്ട്സ് വാലി കമ്പനിയുമായി ചേർന്ന് അടിമാലിയിൽ അവക്കാഡോ ഗവേഷണ കേന്ദ്രം ആരംഭിക്കുവാനാണ് ധാരണ. ബട്ടർ ഫ്രൂട്ട് അഥവാ വെണ്ണപ്പഴം എന്നറിയപ്പെടുന്ന അവക്കാഡോ ആരോഗ്യ ഗുണങ്ങൾ ഏറെയുളള പഴമായാണ് അറിയപ്പെടുന്നത്. സർവകലാശാലക്ക് വേണ്ടി രജിസ്ട്രാർ ഡോ. പ്രകാശ് കുമാറും ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് വേണ്ടി ചെയർമാൻ  ബിജു പറയന്നിലവുമാണ്  ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. 
അവക്കാഡോ ഉൾപ്പെടെയുള്ള ഇറക്കുമതി വിഭാഗത്തിൽപെട്ട പഴങ്ങൾ കേരളത്തിൽ  വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കേണ്ടത് സംസ്ഥാനത്തെ കാർഷിക മേഖലയുടെ നിലനിൽപിനു അത്യന്താപേക്ഷിതമാണെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു.  റബർ, കുരുമുളക്, ഏലം തുടങ്ങിയ പ്രധാന വിളകൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആദായകരമായ വിദേശ ഇനങ്ങളിൽപെട്ട പഴങ്ങൾ കൃഷി ചെയ്യുന്നതിന് കർഷകർ മുന്നോട്ടിറങ്ങണം. ഏറ്റവും മേന്മയുള്ള അവക്കാഡോ ഫ്രൂട്ട് ഉൽപാദിപ്പിക്കുവാൻ കർഷകർക്ക് വേണ്ട എല്ലാ സഹായവും സർവകലാശാല ഗവേഷണ വിഭാഗത്തിൽ നിന്ന് ലഭ്യമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
വിവിധ രാജ്യങ്ങളിലെ കർഷക സ്‌നേഹികളുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതാണ് ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി. അവക്കാഡോ, റംബുട്ടാൻ, മാങ്കോസ്റ്റീൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ  കൃഷിക്ക് കർഷകരെ പ്രോത്സാഹിപ്പിക്കുമെന്നും ഈ വിഭാഗങ്ങളിൽപെട്ട പഴങ്ങൾക്ക് വിപണിയിൽ വിലസ്ഥിരത ഉറപ്പു വരുത്തുന്നതിന് സഹായകമാകും വിധം അവ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും അവയുടെ മൂല്യവർധിത ഉൽപന്ന യൂനിറ്റുകൾ ആരംഭിക്കുന്നതിനും കമ്പനി നേതൃത്വം നൽകുമെന്നും ബിജു പറയന്നിലം പറഞ്ഞു. സർവകലാശാല ഫിനാൻസ് ഓഫീസർ ബിജു മാത്യു, സ്‌കൂൾ ഓഫ് ബയോസയൻസ് ഡയറക്ടർ ഡോ. ജിഷ എം.എസ്, സ്‌കൂൾ ഓഫ് ബയോസയൻസ് പ്രൊഫ. ഡോ. ജെ.ജി. റേ, ഐ.ക്യൂ.എ.സി ഡയറക്ടർ ഡോ. റോബിനെറ്റ് ജേക്കബ്, ഡോ. ലിനു മാത്യു, ഫ്രൂട്ട്സ്‌വാലി കമ്പനിയെ പ്രതിനിധീകരിച്ച് രഞ്ജിത്ത് ജോസഫ് (ദുബായ്), വർഗീസ് തമ്പി (ആഫ്രിക്ക), ജോസഫ് മാത്യു (സിംഗപ്പൂർ), ജോയ് ഇലവത്തിങ്കൽ (ഖത്തർ), ജോസി കൊച്ചുകുടി, ചിന്തു ജോസ്, അഞ്ജു മാത്യു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

 

Latest News