Sorry, you need to enable JavaScript to visit this website.

ലാബ് നിർമിത ഡയമണ്ട് ജ്വല്ലറി വിപണി കൈയടക്കുന്നു

പ്രകൃതിദത്ത ഡയമണ്ട്‌സിനെ മറികടന്ന് ലാബ് നിർമിത സിന്തറ്റിക് ഡയമണ്ട്‌സിന്റെ വിപണി ഇന്ത്യയിൽ ശക്തിയാർജിക്കുന്നു. ലാബ് നിർമിത ഡയമണ്ട്‌സിന്റെ ഇന്ത്യയിലെ വിപണി 2200 കോടിയുടേതാണെന്ന് രണ്ടാമത് രാജ്യാന്തര എൽ.ജി.ഡി.ജെ എക്‌സിബിഷൻ മുംബൈയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ലാബ് ഗ്രോൺ ഡയമണ്ടസ് ആന്റ് ജ്വല്ലറി പ്രൊമോഷൻ കൗൺസിൽ (എൽ.ജി.ഡി.ജെ) ചെയർമാൻ ശശികാന്ത് ദലിചന്ദ് ഷാ പറഞ്ഞു. 
ഇന്ത്യയിലും ലോകമെമ്പാടും എൽ.ജി.ഡി.ജെ ആഭരണങ്ങളുടെ വിപണി അതിവേഗത്തിലാണ് വളരുന്നത്. ലോകത്തെ സിന്തറ്റിക് ഡയമണ്ട്‌സിന്റെ 15 ശതമാനം ഇന്ത്യൻ നിർമിതമാണ്. കയറ്റുമതി 1.3 ബില്യൺ ഡോളറിന്റേതാണ്. 2020 ൽ 295.5 കോടിയുടെ കയറ്റുമതിയാണ് ചെയ്തതെങ്കിൽ തൊട്ടടുത്ത വർഷം ഇത് 1918.63 കോടിയായി കുതിച്ചുയർന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് എൽ.ജി.ഡി.ജെ വിപണി 40,000 കോടിയുടേതായി വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രകൃതിദത്ത ഡയമണ്ടിന്റെ ഇന്ത്യയിലെ ഉപഭോഗം 4 ശതമാനം മാത്രമാണ്. എന്നാൽ സിന്തറ്റിക് ഡയമണ്ടാകട്ടെ മുമ്പ് സമ്പന്നരാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ മധ്യവർഗത്തിന്റെ കൂടി ആഭരണമായി മാറിയിരിക്കുകയാണെന്ന് ശശികാന്ത് ഷാ പറഞ്ഞു. ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന എക്‌സിബിഷനിൽ 12 ഇന്ററാക്ടീവ് ട്രേഡ് സെഷനുകളും 12 ഫാഷൻ ഷോകളും നടന്നു. വിവിധ ബ്രാൻഡുകളുടെ 100 സ്റ്റാളുകളിൽ സിന്തറ്റിക് ഡയമണ്ട് ആഭരണങ്ങളുടെ ബൃഹത്തായ ശേഖരം നാളെ സമാപിക്കുന്ന പ്രദർശനത്തിലുണ്ട്.

Latest News