Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

വല്ലാത്ത ചില സംവിധാനങ്ങൾ

'കഷ്ടകാലം വരുമ്പോൾ ഒന്നോടെ' എന്നു പറയുന്നതു വെറുതെയല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, ജി.എസ്.ടി വർധന തുടങ്ങിയവ കൊറോണ വൈറസ് പോലെ എന്നുമുണ്ടാകും. 'കോഴിക്കു മുല വരുന്ന കാലത്തേ' അവ കെട്ടടങ്ങൂ. പക്ഷേ അതിന്റെ പേരിൽ ഒന്നു രാഷ്ട്രപതി ഭവൻ വരെ നടക്കാൻ പോലും അനുവദിക്കില്ലെന്നു വന്നാലോ? രാഹുൽ ഗാന്ധി തലേന്നും ഐ.സിയുവിൽ കിടക്കുന്ന സ്വന്തം സംഘടനയുടെ ക്ഷേമം അന്വേഷിച്ചാണ് മടങ്ങിയത്. കൂട്ടിന് ആൾക്കാരുണ്ട്. അത്യാഹിതമൊന്നും സംഭവിക്കില്ല. ബുള്ളറ്റിൽ ഇറങ്ങേണ്ട നില എത്തിയിട്ടില്ല; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ പിന്നെ ഒരു 'ചലോ' മാർച്ച് സംഘടിപ്പിക്കാനുള്ള സമയമുണ്ടല്ലോ. മാത്രമല്ല, കുറച്ചു ദിവസത്തേക്ക് ഇ.ഡി വകുപ്പ് അവധി അനുവദിച്ചുമുണ്ട്. പക്ഷേ തങ്കച്ചി പ്രിയങ്ക പ്രധാനമന്ത്രിയെ കാണാനാണ് ചാടിപ്പുറപ്പെട്ടത്. പാതിവഴിയിൽ വെച്ചു തടഞ്ഞു. നാലു വനിത പോലീസുകാർ ചേർന്നു വലിച്ചിഴച്ചു. രാഹുലൻ അപ്പോഴാണ് തലേന്ന് ഐ.സിയുവിൽ പോയ കാര്യം ഓർത്തത്. തന്റെ പാർട്ടിയുടെ തൊട്ടടുത്ത ബെഡിൽ മൂക്കിലും വായിലും എന്നുവേണ്ട നവദ്വാരങ്ങളിലും വയറുകൾ ഫിറ്റ് ചെയ്ത് ഒരു രൂപം കിടന്നിരുന്നു. ലിംഗ നിർണയം അസാധ്യമാം വിധം ചന്ദ്രനിലേക്കോ മറ്റോ പോകാനുള്ള വേഷത്തിലുമായിരുന്നു. കക്ഷി ഒന്നു ശങ്കിച്ചു'; പതിവില്ലാത്ത വിധം ചിന്തിച്ചു. പിടികിട്ടി, ഇന്ത്യൻ ജനാധിപത്യം. ങാ. അതു തന്നെ, അതേ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുലൻ ഉറക്കെപ്പാടി. ആരോ പിന്നിൽനിന്ന് 1975 ലെ അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് എന്തോ ഒരു കമാന്റിട്ടു. അന്നും മരിച്ചുവെന്ന് കരുതിയതാണ് ജനാധിപത്യം. പിന്നെ ബോധമുള്ള ജനത ഉണ്ടായിരുന്നതിനാൽ തട്ടിപ്പിഴച്ച് പോന്നു. രാഹുലൻ ചുറ്റിനും നോക്കിയിട്ട് ആരെയും കണ്ടില്ല. ഈയിടെ പഴയ പത്രത്താളുകളൊക്കെ വായിക്കാൻ തുടങ്ങിയതിന്റെ ദോഷമാണ്. ഇനി വായന ഇല്ല. നിർത്തി. പക്ഷേ ബ്രദറിനെയും സിസ്റ്ററെയും അറസ്റ്റ് ചെയ്ത് അകത്താക്കിയതെന്തിനാണ്? ഇനിയിപ്പോൾ ഇ.ഡി വിളിച്ചാൽ ചെല്ലേണ്ടി വന്നാൽ എന്തു ചെയ്യും? ദില്ലി കെജ്‌രിവാളും കേന്ദ്രം മോഡിജിയും കൂടി തകർത്തു വെച്ചു ഭരിക്കുമ്പോൾ ഒരു ജാഥയ്ക്ക് ആളെ കൂട്ടാനുള്ള കഷ്ടപ്പാട് ആരറിയുന്നു? 'ചിക്കൻ ബർഗറിന്റെ' സ്വാദ് മറക്കാത്ത 'കെ.സി'യെപ്പോലുള്ളവർ ഓടിയെത്തുന്നതാണ് ഏക ആശ്വാസം. ഇനി കുറച്ചുകൂടി പ്രായോഗികമാകണം. ഇന്ധനച്ചെലവും ചിക്കൻ ബർഗറിന്റെ അമിത ഉപയോഗവു ലാഭിക്കാം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമീപം ഏതെങ്കിലും ഒരു വീടോ ഫ്‌ളാറ്റോ വാടകയ്ക്കു തരപ്പെടുത്തണം.
ഹൈക്കമാന്റ് മൊത്തം -മാതാവും പിള്ളേരും- അങ്ങോട്ടു താമസം മാറ്റണം. അത്യാവശ്യം ഇ.ഡിക്കാരുടെ വിളിയെത്തുമ്പോൾ പത്തു ചുവട് നടന്നെത്താം. ജനാധിപത്യത്തെ  ഐ.സി യൂനിറ്റിൽനിന്നും രക്ഷപ്പെടുത്താനുള്ള പദയാത്രയായി ശുദ്ധാത്മാക്കൾ കരുതിക്കൊള്ളും. പദയാത്ര കണ്ടുപിടിച്ചതു തന്നെ സ്വന്തം കാരണവന്മാരാണല്ലോ!


****                                   ****                  ****


ഇത്തവണ വെള്ളപ്പൊക്ക പ്രളയ പ്രസ്താവന പൂർവാധികം ഭംഗിയായി നടക്കുന്നതിൽ വല്യേട്ടന് ആശ്വാസവും കൊച്ചേട്ടന് അഭിമാനവും തോന്നുണ്ട്. കഴിഞ്ഞ കാലത്ത് പ്രളയമെന്ന പേർ കേട്ടാലാവേശ പൂരിതമാകണമന്തഃരംഗം' എന്ന രീതിയിലാണ് ഡാമുകൾ തുറന്നു വിട്ടത്. അതിന്റെ ഫലമായി തൊട്ടടുത്ത മന്ത്രിസഭ എത്തിയപ്പോഴേക്കു എം.എം. മണിയാശാനും ഒലിച്ചുപോയി. ഇപ്പോൾ റവന്യൂ മന്ത്രിയുടെ പ്രസ്താവന തുടങ്ങുന്നതു തന്നെ സഖാവിനിട്ട് ഒരു കുത്തുവാക്കുമായിട്ടത്രേ:- 'എല്ലാ ഡാമുകളും ഉടനടി തുറക്കും എന്ന ഭയം ആർക്കും വേണ്ട' -എന്നാണ് പ്രാരംഭം. പണ്ടു മണിയാശാനു ഭയം തോന്നിയിട്ടാണെങ്കിലും ഇന്നു വിലപിക്കേണ്ട കാര്യമൊന്നുമില്ല.
പുതുമുഖ്യമന്ത്രിമാരിലും തിരുവന്തോരം അനിലിനേക്കാൾ ശ്ശി ഭേദമാണ് ഒല്ലൂർക്കാരൻ രാജൻ. ശ്രീറാം വെങ്കിട്ടരാമനെ തന്റെ അറിവോടെയല്ല വകുപ്പിൽ നിയമിച്ചതെന്ന് അനിൽ സഖാവ് തുറന്നു പറഞ്ഞു. പിള്ള മനസ്സിൽ കള്ളമില്ല. പക്ഷേ 'അപ്രിയ സത്യങ്ങൾ ചൊല്ലാതെയുമിരിക്കണം' എന്ന കവി വചനം മന്ത്രി വായിച്ചിട്ടില്ല; സാരമില്ല. 'ആദ്യമായി മന്ത്രി ആയതല്ലേ, അതിന്റെ പ്രശ്‌നമാണ്.' ദേവദാസിനെ ഹൗസിംഗ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഭൂഗർഭ വകുപ്പിലേക്കെറിഞ്ഞത് മന്ത്രി രാജീവ് അറിഞ്ഞിട്ടല്ല. മൃഗസംരക്ഷണ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നമ്മുടെ വിഖ്യാതനായ എം. ശിവശങ്കരനെ നിയമിച്ചതോ? വകുപ്പു മന്ത്രി ചിഞ്ചുറാണി ഇനി വേണം അറിയാൻ. ചുരുക്കത്തിൽ മന്ത്രിസഭ ഒരു പരിശീലന കേന്ദ്രമാണ്. തികഞ്ഞ അച്ചടക്കത്തോടെ ക്ലാസിൽ വരികയും ഹാജർ വെയ്ക്കുകയും ഉറക്കം വരുന്നതുവരെ വാതുറാക്കാതിരിക്കുകയും ചെയ്താൽ ഭാവിയുണ്ട്. അല്ലെങ്കിൽ മന്ത്രിയാകാൻ വേറെ ആളുണ്ട്; പറഞ്ഞേക്കാം.


****                                  ****                           ****


വയനാട്ടിലെ ആനവണ്ടി യാത്രയെക്കുറിച്ച് ഇനി ആർക്കും ഒരു വേവലാതിയും ഉണ്ടാകേണ്ടതില്ല. 'ഗെട്ടം ഗെട്ട'മായി ട്രിപ്പുകൾ കുറച്ചുവരുന്നതു തന്നെ ഒരു നല്ല ലക്ഷണമാണ്. ദിവസം തോറും ഇരുപത്തിയഞ്ചു ശതമാനം കണക്കിന് കുറച്ചാൽ അവിടെ കോർപറേഷനും നാട്ടുകാരും രക്ഷപ്പെടും. ഓടാത്ത വണ്ടികളിൽനിന്നും ഡീസൽ ഊറ്റിയെടുക്കാൻ അധികാരി വർഗം നൽകിയ നിർദേശം സ്വർണ ഫ്രെയിമിട്ട് ആപ്പീസിന്റെ പോർട്ടിക്കോയിൽ തന്നെ സൂക്ഷിക്കണം. പണ്ട് ഓടുന്ന വണ്ടിയിൽ നിന്നു തന്നെ ഇന്ധന ഊറ്റിയെടുക്കുന്ന വേന്ദ്രമാരുണ്ടായിരുന്നു. അവർ സ്വന്തം വാഹനങ്ങളിലേക്ക് ഒഴിച്ച് അവയെ അനുഗൃഹീതമാക്കി. കോർപറേഷനാകും മുമ്പ് വെറുമൊരു വകുപ്പ് മാത്രമായിരുന്ന കാലത്തു തന്നെ തുടങ്ങിയ 'സേവന'മായിരുന്നു. ച്യവനപ്രാശം സേവിച്ചു തടി നന്നാക്കുന്നതുപോലെ, സ്വകാര്യ വാഹനങ്ങൾക്ക് അന്നു പുഷ്‌കല കാലമായിരുന്നു. ഇനിയിപ്പോൾ വയനാട്ടിന് മറ്റൊരു അനുഗ്രഹവും കൂടി ലഭിച്ചിട്ടുണ്ട്. ഇടയ്ക്കിടെ റോഡിൽ പുലി ഇറങ്ങുക. പേടിച്ച് വായിൽ ഉമിനീരു പോലും വറ്റിപ്പോയ നാട്ടുകാർ സൗജന്യ സർവീസാണെന്നു കേട്ടാലും വണ്ടിക്കായി പുറത്തിറങ്ങില്ല. വണ്ടിയുടെ 'ക്രൂ'വിന്റെ കാര്യവും അങ്ങനെ തന്നെ. കലക്ഷനില്ലാത്തതും കടുവ / പുലി ഇറങ്ങുന്നതുമായ റൂട്ടുകളിൽ സർവീസുണ്ടായിരിക്കുന്നതല്ല എന്നൊരു പരസ്യം നൽകി. അധികാരികൾ പോയി കിടന്നു സുഖമായി ഉറങ്ങണം. മറ്റു ജില്ലകളും അത് അനുകരിച്ചാൽ കോർപറേഷന്റെ ഭാവിയിൽ 'നഷ്ടം' എന്നൊരു വാക്കു തന്നെ ഉണ്ടാകില്ല.


****                         ****                               ****


വിശ്വ വിഖ്യാതനായ സാമ്പത്തിക വിദഗ്ധൻ തോമസ് ഐസക് ഡോക്ടർ കേവലം ഒരു കേന്ദ്ര സർക്കാർ ഉപകരണമായ ഇ.ഡിക്കു മുന്നിൽ ഹാജരാകേണ്ട കാര്യമൊന്നുമില്ല. ഇ.ഡി വേണമെങ്കിൽ ആലപ്പുഴയിലെത്തി നേരിട്ടു ഹാജരാകട്ടെ. ഒരു സ്റ്റേറ്റ്‌മെന്റിന്റെ കാര്യമല്ലേ. അതു പാർട്ടി വക്കീലന്മാർ ശരിയാക്കുന്നുണ്ട്; പ്രത്യേകം ചില ഉന്നത ഗജകേസരികളെ അതിനായി ശട്ടം കെട്ടിയിട്ടുമുണ്ട്. ഹൈക്കമന്റിന്റെ അനന്തരാവകാശി രാഹുൽ പറഞ്ഞതാണ് ശരി- സംവിധാനങ്ങൾ ഒരുക്കിത്തരൂ, ഞാൻ ജയിപ്പിച്ചു തരാം. കോൺഗ്രസ് ജയിച്ചില്ലെങ്കിലും ഒരു ഇ.ഡിയെയൊക്കൊ തോൽപിക്കാൻ അതു മതി. പക്ഷേ പാർട്ടി എല്ലാ സംവിധാനങ്ങളും ഒരുക്കി കാത്തിരുന്നിട്ടും പ്രസിഡന്റാകെ വിദേശത്തേക്കു പാഞ്ഞ ഒരാളിന്റെ വാദ്ഗാനം എങ്ങനെ വിശ്വസിക്കും? തോമസ് ഐസക്കിനു വഴി പറഞ്ഞുകൊടുക്കാൻ രാഹുലനു കഴിയുമോ? കാത്തിരുന്നു കാണാം.
 

Latest News