അപ്രത്യക്ഷനായ പ്രവാസി യുവാവ് തിരിച്ചെത്തി; ബെംഗളൂരുവില്‍ പോയതെന്ന് കോടതിയില്‍

കോഴിക്കോട്- ഖത്തറില്‍നിന്നു നാട്ടിലേക്ക് മടങ്ങിയ ശേഷം അപ്രത്യക്ഷനായ യുവാവ് തിരിച്ചെത്തി.  ജാതിയേരി കോമ്പി മുക്കിലെ വാതുക്കല്‍ പറമ്പത്ത് സ്വദേശി റിജേഷ് (35) ആണ് നാട്ടില്‍ മടങ്ങി എത്തിയത്. സ്വന്തം ഇഷ്ടപ്രകാരം ബെംഗളൂരുവില്‍ പോയതാണെന്നാണ് നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ റിജേഷ് പറഞ്ഞത്. റിജേഷിനെ സ്വര്‍ണക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയതാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഒന്നരമാസമായി റിജേഷിനെ പറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന്‍ രാജേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. ജൂണ്‍ 10നാണ് അവസാനം ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. ജൂണ്‍ 16നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നായിരുന്നു ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നത്.

 

Latest News