Sorry, you need to enable JavaScript to visit this website.

നിതീഷ് കുമാറിനെ കാത്തിരിക്കുന്നത് ഉദ്ധവ് താക്കറെയുടെ വിധിയോ

ന്യൂദൽഹി-ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ താഴെയിറക്കി പുതിയ സർക്കാർ രൂപീകരിച്ച സമാന രീതി ബിഹാറിലും പരീക്ഷിക്കാനാണ് ബി.ജെ.പി നീക്കമെന്ന് സൂചന. ഇത് നേരത്തെ തിരിച്ചറിഞ്ഞാണ് ബി.ജെ.പി നേതൃത്വവുമായി ഇടയാൻ നിതീഷ് കുമാർ ഒരുങ്ങിയിറങ്ങിയത്. നിതീഷ് കുമാറിന്റെ ആശങ്കകൾ ഭ്രാന്തമല്ലെന്നാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ അവകാശപ്പെടുന്നത്. പ്രാദേശിക പാർട്ടികൾ അതിജീവിക്കില്ലെന്ന ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ സമീപകാല പരാമർശങ്ങൾ ഇവർ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക പാർട്ടികളുടെ എണ്ണം കുറക്കാനാണ് ബി.ജെ.പി നീക്കം നടത്തുന്നത്. ക്രമേണ സഖ്യകക്ഷികളെ ഇല്ലാതാക്കി ഒറ്റക്ക് ഭരണം നടത്താനുമാണ് ബി.ജെ.പി ശ്രമം. എല്ലാ പ്രാദേശിക പാർട്ടികളെയും ബി.ജെ.പി ഇല്ലാതാക്കുമെന്ന ജെ.പി നദ്ദയുടെ പരാമർശം കണ്ടു. എന്നാൽ ബി.ജെ.പിക്ക് നമ്മളെല്ലാവരെയും പോലെ സഖ്യകക്ഷികളുണ്ട്. അവർ അതിനെക്കുറിച്ച് ചിന്തിക്കണമെന്നും നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ.ഡി.യുവിലെ മുതിർന്ന നേതാവ് ഉമേഷ് കുശ്വാഹ പറഞ്ഞു. അതേസമയം, പാർട്ടികൾക്കിടയിൽ ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്നും എല്ലാം പരിഹരിക്കുമെന്നും ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ തർകിഷോർ പ്രസാദുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു. 

ബി.ജെ.പി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഓപ്പറേഷനിലൂടെയാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാറിനെ മറിച്ചിട്ടത്. ശിവസേനയിലെ വിരലില്ലെണ്ണാവുന്നവരെ മാത്രം ബാക്കിയാക്കി മറ്റുള്ളവരെ മുഴുവൻ സ്വന്തം പാളയത്തിൽ എത്തിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. സമാനമായ നീക്കമാണ് ബിഹാറിലും ബി.ജെ.പി ലക്ഷ്യമിടുന്നത്. ഞങ്ങളുടെ പാർട്ടിയെ തകർക്കാൻ ബി.ജെ.പി ഒരുങ്ങുന്നുവെന്ന് ജെ.ഡി.യു നേതാവ് തന്നെ ഇന്നലെ പരസ്യമായി പറഞ്ഞത് മഹാരാഷ്ട്ര പാഠം മുന്നിൽക്കണ്ടാണ്. 

ഉദ്ധവ് താക്കറെയെപ്പോലെ, നിതീഷ് കുമാറും തന്റെ രാഷ്ട്രീയ ഭൂമിക സംരക്ഷിക്കാനും ബി.ജെ.പിയുടെ ആക്രമണത്തെ ചെറുക്കാനും ശ്രമിക്കുന്ന പ്രാദേശിക നേതാവാണ്. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ പതനത്തിന് കരുത്ത് പകരുന്നത് സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാവായ ഏകനാഥ് ഷിൻഡെയുടെ കലാപമാണ്.

ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിച്ച ഏകാന്ത് ഷിൻഡെ ശിവസേനയ്ക്കുള്ളിൽ ഒരു വലിയ കലാപം സംഘടിപ്പിച്ചതിന്റെ അനന്തരഫലമാണ് താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. പാർട്ടി തന്റേതാണ് എന്ന വാദത്തിന് നിയമപരമായ അംഗീകാരം ലഭിക്കാൻ സുപ്രീം കോടതിയിൽ പോരാടുകയാണ് ഉദ്ധവ് താക്കറെ ഇപ്പോൾ. 

ഉദ്ധവ് താക്കറെയെപ്പോലെ നിതീഷ് കുമാറിനും ബിജെപിയുമായി ആഴമേറിയതും ചരിത്രപരവുമായ ബന്ധമുണ്ട്. ഉദ്ധവ് താക്കറെയെപ്പോലെ, ബി.ജെ.പിയെ ഉപേക്ഷിച്ച് നിതീഷ് കുമാർ പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കി. എന്നാൽ 2017ൽ നിതീഷ് കുമാർ വീണ്ടും ബി.ജെ.പി സഖ്യത്തിലേക്ക് മടങ്ങി. സഖ്യകക്ഷികൾക്ക് എതിരായ ബി.ജെ.പിയുടെ അടുത്ത നീക്കം ജെ.ഡി.യുവിനെ ലക്ഷ്യമിട്ടാണെന്ന് നിതീഷ് കുമാറിന് ബോധ്യമുണ്ട്. അമിത് ഷായാണ് ഇതിന് പിന്നിലെന്നും നിതീഷ് കരുതുന്നു. കേന്ദ്ര സർക്കാരിൽ ജെ.ഡി.യുവിൽനിന്ന് അമിത് ഷാ തനിക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കുകയായിരുന്നു. ജെ.ഡി.യുവിന്റെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ ആർ.സി.പി സിംഗിന് രാജ്യസഭയിലെ കാലാവധി നിതീഷ് കുമാർ നീട്ടിക്കൊടുക്കാത്തതിന് പിന്നിൽ അദ്ദേഹവും അമിത്ഷായുമായുള്ള അടുപ്പം തന്നെയായിരുന്നു കാരണം. 2021-ലെ കേന്ദ്ര മന്ത്രിസഭയിൽ ജെ.ഡി.യു പ്രതിനിധിയായി ആർ.സി.പി സിംഗിനെ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ബിഹാറിൽ നിതീഷ് കുമാറിന്റെ പാർട്ടിയിൽ അസ്വസ്ഥത വളർത്തുകയായിരുന്നു ആർ.സി.പി സിംഗിന്റെ ലക്ഷ്യമെന്നും നിതീഷ് മനസിലാക്കുന്നു. 

രാജ്യസഭയിൽ കാലാവധി നീട്ടിക്കിട്ടാത്തതിനെ തുടർന്ന് നിതീഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തി ആർ.സി.പി സിംഗ് കഴിഞ്ഞ ദിവസം പാർട്ടി വിട്ടു. മോഡിയെ മറികടന്ന് പ്രധാനമന്ത്രിയാകാനാണ് നിതീഷ് കുമാർ ശ്രമിക്കുന്നതെന്നും ഏഴു ജന്മം കാത്തിരുന്നാലും നിതീഷിന് അതിന് സാധിക്കില്ലെന്നും ആർ.സി.പി സിംഗ് പറഞ്ഞു. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് മാറ്റി പാർട്ടിയിലെ ഭൂരിഭാഗം പേരെയും കൂടെ നിർത്തി പുതിയ സർക്കാർ ബിഹാറിൽ ബി.ജെ.പി രൂപീകരിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾനൽകുന്ന സൂചന.
 

Latest News