കോഴിക്കോട്-സംഘ്പരിവാർ സംഘടനയായ ബാലഗോകുലം പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ മേയർ പങ്കെടുത്തത് ശരിയായ നടപടിയല്ലെന്നും മോഹനൻ പറഞ്ഞു. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.എം എക്കാലവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്നും മോഹനൻ പറഞ്ഞു.
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന:
കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.ഐ.(എം )
എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് .ഇത് സി.പി.ഐ.എം. ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.ഐ. (എം) തീരുമാനിച്ചു.






