ഓർമകൾ കുറിച്ചുകൊണ്ടും കൊറിച്ചുകൊണ്ടുമിരിക്കുകയാണ് മുഖ്യമായും നമുക്ക് വിദ്യയും അതുപോലെ തന്നെ വിനോദവും.
കുറിക്കുന്നതിന്റെ ഭാഗമാണ് തിരുത്തിക്കുറിക്കുന്നതും. ഓർമകൾ കുറിക്കുമ്പോഴും തിരുത്തുമ്പോഴും 'അതങ്ങനെയല്ലല്ലോ' എന്നു പറയുന്നവർ ഏറെ കാണും. അവർ വഴി വിവാദം വരുന്നു. വിവാദമാകുന്നു നമ്മുടെ സന്ദർഭത്തിൽ ഓർമ.
ഇപ്പോൾ പുതുക്കപ്പെടുകയും വഴക്കിനു വഴി വെക്കുകയും ചെയ്യുന്ന ഓർമയാണ് ബി.ആർ അംബേദ്കർ. പിറന്നാൾ പ്രമാണിച്ച് എവിടെയൊക്കെയോ അബേദ്കറുടെ പ്രതിമ പിന്നെയും ഉയർന്നിരിക്കുന്നു. ഒരിടത്ത് നീലയണിഞ്ഞ അംബേദ്കർ, മറ്റൊരിടത്ത് കാവി പുതച്ച അംബേദ്കർ. ഭരണഘടനയുടെ നിർമാണത്തിൽ കർമ്മിയും പരികർമ്മിയുമായിരുന്നു അദ്ദേഹം. അങ്ങനെ ഒരു ശ്രേഷ്ഠസ്മരണയായി നിലനിൽക്കാൻ നമ്മൾ അദ്ദേഹത്തെ അനുവദിച്ചില്ല.
അദ്ദേഹത്തെ കുത്തകയാക്കാൻ നോക്കിയ ഹരിജനക്ഷേമക്കാർ ഗാന്ധിയേക്കാൾ എത്രയോ ഉയരത്തിലാണ് അംബേദ്കർ എന്നു വിശ്വസിക്കുന്നു. ഗാന്ധിയിൽനിന്ന് ഒരുപാട് അകന്നുപോയെങ്കിലും ഗാന്ധിനാമം ഇനിയും ഉരുവിടുന്ന കോൺഗ്രസ് അംബേദ്കറെ താഴ്ത്തിക്കെട്ടിയിരിക്കുകയാണെന്ന ആരോപണം ഏറ്റവും ഒടുവിൽ ആവർത്തിച്ച ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അംബേദ്കറുടെ ഹരിജനത്വം എല്ലാവർക്കും ഉപകരിക്കുമായിരിക്കും. പക്ഷേ ആ പ്രയോഗ ശാസ്ത്രത്തിൽ അംബേദ്കർ നമ്മൾ അറിയാതെ ഹരിജൻ ആയി ചുരുങ്ങുന്നു. അങ്ങനെയാകാതിരിക്കാൻ ബുദ്ധമതത്തിൽ ചേർന്നതുകൊണ്ട് ഫലമുണ്ടായില്ല. പഴയൊരു മൊഴി പരിഷ്‌കരിച്ചു പറഞ്ഞാൽ, പുള്ളിപ്പശുവിനുണ്ടോ പുള്ളി മായ്ച്ചുകളയാൻ കഴിയുന്നു?
ആ ചിന്തയുടെ മറ്റൊരു വശവും കാണണം. ഭരണഘടനയുടെ നിർമാണത്തിൽ ആസ്ഥാന ചുമതല രാഷ്ട്രം ഒരാളെ ഏൽപിക്കുന്നത് വലിയ വിശ്വാസവും ബഹുമതിയുമാകുന്നു. പക്ഷേ അതുവഴി അംബേദ്കർക്കുണ്ടായ ഖ്യാതി മറ്റൊരു സാമൂഹ്യ സാഹചര്യത്തിൽ അദ്ദേഹത്തിനുണ്ടാകുമായിരുന്നതിനേക്കാൾ കൂടുതലായിരുന്നു. ഇപ്പോൾ അംബേദ്കർ ഓർക്കപ്പെടുന്നത് എന്തായിട്ടാണ്, എങ്ങനെയാണ് എന്ന് ആലോചിച്ചുനോക്കുക. ഗാന്ധി പിറന്ന ജാതിയുമായി ബന്ധപ്പെടുത്തിയാണോ അദ്ദേഹത്തിനുണ്ടായിട്ടുള്ള സ്വീകാര്യത? പണ്ഡിറ്റ് എന്ന പദവി പലരിൽനിന്നും പതിച്ചുകിട്ടിയ ജവാഹർ ലാൽ നെഹ്‌റുവിന്റെ സ്വത്വം തിരിച്ചറിയപ്പെടുന്നത് കശ്മീർ ബ്രാഹ്മണനായിട്ടാണോ?
ഇതാണ് ഓർമകളിൽ വിഭാഗീയത കയറിക്കൂടുന്നതിന്റെ ഒരാപത്ത്. നാരായണ ഗുരുവിന്റെ ബൃഹത്തായ ജീവചരിത്രം എഴുതിയ പി കെ ബാലകൃഷ്ണൻ പണ്ടൊരു ചങ്ങാത്തച്ചർച്ചയിൽ പറഞ്ഞതോർക്കുന്നു. 'ഇത്ര വലിയൊരു മനുഷ്യനെ അവരെല്ലാം കൂടി ഒരു സമുദായത്തിന്റെ കണക്കു തീർപ്പിനപ്പുറം വിടാതാക്കിയില്ലേ? കവല തോറും ബിംബങ്ങൾ സ്ഥാപിച്ച്, സ്വകാര്യ സംഭാഷണത്തിലെങ്കിലും അദ്ദേഹത്തെ പരിഹാസത്തിനു വിട്ടുകൊടുത്തില്ലേ?' ഇടക്കിടെ ആ ബിംബങ്ങൾക്കു നേരേ ഉണ്ടാവുന്ന അക്രമം നമ്മുടെ സമൂഹ സ്മരണയിലേക്ക് ആഞ്ഞെറിയുന്ന ആഭാസത്തരമാണ്. വിഗ്രഹ ഭഞ്ജനം വിഗ്രഹപ്രതിഷ്ഠാപനം പോലെ തന്നെ ഓർമകൾ കൊണ്ടുള്ള ഒരു കൊലക്കളിയാണെന്നു പറയാം.
മറവിയുടെ അധിനിവേശത്തെ ഭയന്ന് നമ്മൾ അവിടവിടെ കുത്തിനിർത്തുന്നതാണ് പല തരം പ്രതിമകൾ. ഓർമയ്‌ക്കെതിരെയുള്ള പ്രതിരോധമാകുന്നു രാത്രിയുടെ മറവിലോ അല്ലാതെയോ പ്രതിമകൾ തച്ചുടക്കുകയോ കീലടിക്കുകയോ ചെയ്യുന്ന വികൃതി. നിലവിലുള്ളതും നിലം പറ്റുന്നതുമായ പ്രശാസനങ്ങളെയും ചക്രവർത്തിമാരെയും അവഹേളിക്കാൻ അവരുടെ ബിംബങ്ങൾ പൊളിച്ചടക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എത്ര അഭിനിവേശത്തോടു കൂടിയാണോ ഒരു വിഭാഗം ഒരു പ്രതിമ കെട്ടിക്കേറ്റുന്നത്, അതിലുമേറെ ആവേശത്തോടുകൂടി അത് നശിപ്പിക്കപ്പെടുന്നു. ഇന്നത്തെ വാർത്തയാണ് അംബേദ്കർ പ്രതിമ ആക്രമിക്കപ്പെട്ട സംഭവം. ത്രിപുരയിലെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ലെനിന്റെ പ്രതിമകൾ പൊളിച്ചെന്നു കേട്ടു. അത്ഭുതപ്പെടാനില്ല, ലെനിന്റെ നാട്ടിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിമ മറിച്ചിട്ടുകൊണ്ടായിരുന്നല്ലോ ഗോർബച്ചേവിന്റെ വിപ്ലവാഘോഷം.
ഓർമ്മകൾ ഉണ്ടായിരിക്കണം എന്നല്ല, ഉണ്ടാകരുത് എന്നാണ് ആ ഘട്ടങ്ങളിലെ മുദ്രാവാക്യം. തീർത്തും ബന്ധമില്ലാത്ത ഒരു മൊഴി ഉദ്ധരിക്കാമെങ്കിൽ, അതിങ്ങനെ: രൂപം രൂപവിവർജ്ജിതസ്യ ഭവതോ ധ്യാനേന യദ് കൽപിതം/സ്തുത്യാനിർവചനീയതയാഖിലഗുരോ ദൂരീകൃതം യന്മയാ/വ്യാപ്തിത്വം ച നിരാമയോ യദ് തീർഥയാത്രാദിനാ/ക്ഷന്തവ്യം ജഗദീശ യദ് വികലതാം ദോഷത്രയം മൽ കൃതം. രൂപമില്ലാത്തതിന്റെ രൂപം സങ്കൽപിച്ചും, വിവരിക്കാൻ വയ്യാത്തതിനെ വിവരിച്ചുനോക്കിയും, എല്ലായിടത്തുമുള്ളതിനെ തേടി തീർഥയാത്രക്കിറങ്ങിയും ഞാൻ ചെയ്യുന്ന മൂന്നു പാപങ്ങൾ പൊറുക്കുക. അതാണു കാര്യം: ഓർമയ്ക്കു രൂപം കൊടുക്കാൻ നിൽക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും.
ഉടൽ വെടിഞ്ഞാലും ഓർമ ഉടയരുതെന്നു നിർബ്ബന്ധമുള്ളവരായിരുന്നു നീലനദീതട സംസ്‌കാരത്തിന്റെ വികാസത്തിനു കാരണമോ സാക്ഷികളോ ആയിരുന്ന ഫറോവമാർ. കുഫു ആയിരുന്നത്രേ അവരിൽ കേമന്മാരിൽ കേമൻ. ഗംഭീരമായ പിരമിഡ് കണ്ട് കുഫു ചക്രവർത്തിയുടെ മാഹാത്മ്യം ഓർമിച്ചെടുക്കുമ്പോൾ അദ്ദേഹത്തോടൊപ്പം മറവു ചെയ്യപ്പെട്ട സഹായികൾ ഓർമ്മ വഴി നമ്മെ അലോസരപ്പെടുത്തുകയില്ല. അത്രത്തോളം പഴക്കമുള്ള ചീന സംസ്‌കാരത്തിലേക്കെത്തുമ്പോൾ ഓർമയുടെ ആകൃതി മാറും. ബൗദ്ധ പാരമ്പര്യത്തിൽ ആരും മരിക്കുന്നില്ല. (മരിക്കുന്നില്ല, ജനിക്കുന്നുമില്ല എന്ന് ഗീതയിലെ പ്രഹേളിക.) തിബത്തിലെ ബുദ്ധഭിക്ഷുക്കൾ ഓർമ നിലനിർത്താൻ കണ്ടിരുന്ന വഴി വേറെ ആയിരുന്നു. ഓരോ ആളും മരിച്ചാൽ അനുയായികൾക്കോ ബന്ധുക്കൾക്കോ തിരിച്ചറിയാവുന്ന രൂപത്തിലും ഭാവത്തിലും മടങ്ങി വരുന്നു. വീണ്ടും ജനിച്ച റിമ്പോച്ചെമാരായി അവർ വാഴ്ത്തപ്പെടുന്നു. എല്ലാവരും പുനർജ്ജനിക്കുന്നു, പക്ഷേ സാധാരണക്കാർ അവിടെയും തിരിച്ചറിയപ്പെടാതെ പോകുന്നു എന്നത്രേ വിശ്വാസം. ഏതായാലും തിബത്തൻ പാരമ്പര്യത്തിന്റെ വിശേഷത ഓർമ, കല്ലായോ കെട്ടിടമായോ പട്ടണമായോ സ്ഥാപനമായോ അല്ല, ആൾരൂപമായി നിലനിന്നുപോരുന്നു എന്നതു തന്നെ.
ഇന്ത്യൻ പാരമ്പര്യത്തിൽ മരിച്ചവരുടെ ഓർമ നില നിർത്താൻ സ്മാരക ശിലകൾ കെട്ടിപ്പൊക്കുന്ന പതിവില്ല. അടക്കം ചെയ്യുന്നിടത്ത് വാഴ വെക്കാം, തെങ്ങ് നടാം. കാലമാവുമ്പോൾ തിരിച്ചറിയപ്പെടാതെ അവ പട്ടു പോകുന്നു. അവശിഷ്ടമെല്ലാം ആറ്റിൽ ഒഴുക്കിക്കളയുന്നവരുമുണ്ട്. ആ ആചാരം എന്നെ ഓർമ്മിപ്പിക്കുന്നത് 'മനുഷ്യാ നീ മണ്ണാകുന്നു' എന്ന വചനം മാത്രമല്ല, ഈ ഭൂമിയുടെ സത്തും ഈ സമുദ്രത്തിന്റെ സ്വത്തുമായി താൻ മാറണമെന്ന മനുഷ്യന്റെ ആഗ്രഹവും അതിൽ തെളിയുന്നു.
കല്ലും കല്ലറയും ഓർമ്മത്തുണ്ടുകളായി നിലനിർത്തിപ്പോയ ശിലായുഗ സംസ്‌കാരവും നമുക്ക് അവകാശപ്പെട്ടതു തന്നെ. വെള്ളാങ്ങല്ലൂരെയും അരിയന്നൂരെയും കുടക്കല്ലും തൊപ്പിക്കല്ലും മുനിമടയും കണ്ടിട്ടുള്ളവർക്കറിയാം പുരാതന ശിലായുഗത്തിൽ നമ്മുടെ നാട്ടുകാർ തങ്ങളുടെ ഓർമ നിലനിർത്താൻ പെട്ടിരുന്ന പാടിനെപ്പറ്റി. നന്നങ്ങാടികളേക്കാൾ എനിക്കിഷ്ടം കോവിലന്റെ നാടിനടുത്തുള്ള ആ കൂറ്റൻ കുടക്കല്ലുകളും ഭൂമി തുരന്നെടുത്തിട്ടുള്ള മുനിയറകളുമാണ്. അന്ത കാലത്ത് അത്ര വലിപ്പമുള്ള കല്ല് വെട്ടിയെടുക്കാൻ മെനക്കെട്ട മുതുമുതുമുത്തച്ഛന്മാരെ നമുക്ക് ചുമ്മാ ഓർമ്മിക്കാം.
മഹാനായ ആരെങ്കിലും മരിച്ചാൽ, ശ്വാസം നിലക്കുന്നതോടൊപ്പം ജീവിച്ചിരിക്കുന്നവരിൽ ഉയരുന്ന ഒരു ചിന്ത സ്മാരകത്തിന്റെ രൂപത്തെയും ചെലവിനെയും പറ്റിയായിരിക്കും. ഓർമക്കെട്ടിടം കൂടുതൽ വലിപ്പവും പകിട്ടും ഉള്ളതായിരിക്കണം. അങ്ങനെയൊരു ഓർമ്മത്താവളമേ വേണ്ട എന്നു പറയുന്ന വിപ്ലവകാരികൾ അധികം കാണില്ല. അതൊക്കെ തച്ചുടക്കാൻ വെമ്പുന്ന കലാപകാരികളുടെ വരവിന് പിന്നെയും ഏറെ കാത്തിരിക്കേണ്ടിവരും.
ഓർമയ്ക്കായി നിർമിക്കപ്പെടുന്നതിൽ കെട്ടിടം ഒരു രൂപം മാത്രം. യാദൃഛികമായി കഴിഞ്ഞയാഴ്ച കയ്യിൽ കിട്ടിയ ഒരു കൊച്ചുപുസ്തകത്തിൽ എം ചലപതി റാവു ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഓർമയെയും ബന്ധത്തെയും പറ്റി എഴുതിയിരിക്കുന്നു. ഗാന്ധിയോട് തിരക്കിയപ്പോൾ ചെലവേറിയ സ്മാരകമൊന്നും തനിക്കു വേണ്ടി ഉണ്ടാക്കരുതെന്നായിരുന്നു പ്രതികരണം. എന്നാലും ഗാന്ധി സ്മാരക നിധി ഉണ്ടായി. അതിന്റെ വികാസം പതുക്കെയായിരുന്നു എന്നാണ് ചലപതി റാവുവിന്റെ സമാധാനം.
ഗാന്ധി സ്മാരകത്തിനുള്ള ആശയങ്ങൾ നെഹ്‌റുവിന്റെ അടുത്ത എഡിറ്റർ ആയിരുന്ന ചലപതി റാവു നേരിയ പരിഹാസത്തോടെ വിവരിക്കുന്നു. നഗരങ്ങളും പൂരങ്ങളും നെടുമ്പാതകളും നാണയങ്ങളും ഗാന്ധിയുടെ പേരിൽ തുടങ്ങുകയോ പുനർനാമകരണം ചെയ്യുകയോ വേണമെന്നത് സ്വാഭാവികമായ നിർദ്ദേശമായിരുന്നു. പുരസ്‌കാരങ്ങളും പൂരങ്ങളും പ്രസംഗങ്ങളും ഗാന്ധിയുടെ ഓർമയുടെ ഭാഗമാകാമെന്നായി. ഗാന്ധിക്ക് ഫറോവയുടെ ഛായാമണ്ഡലമില്ലാതിരുന്നതുകൊണ്ടാകാം, പിരമിഡ് ആരും ആവശ്യപ്പെട്ടില്ല.
ആരോ ഗാന്ധിപീഠം എന്ന ആശയം ഉന്നയിച്ചു. ചലപതി റാവുവിനു രസിച്ചു. ശങ്കരപീഠം നമുക്ക് നാലഞ്ചുണ്ട്. കാഞ്ചിയിലേത് ആദിശങ്കരനുമായി ബന്ധപ്പെടുത്തുന്നതിനെതിരെ മറ്റുള്ളവർക്ക് പൊരുത്തമില്ല. ഒരു പീഠം കൂടി വന്നാൽ വരട്ടെ, എന്നാണ് എം സിയുടെ പരിഹാസം. എവറസ്റ്റ് കൊടുമുടിക്ക് ഗാന്ധിയുടെ പേരു കൊടുക്കാമെന്ന് ചിലർ പറഞ്ഞു. ഗാന്ധി ശൈലമെന്നായാലോ? കാലക്രമത്തിൽ അതിനെ എം ജി ശൈലമാക്കാതിരിക്കാൻ സൂക്ഷിക്കണമെന്നു മാത്രം. ഗോദ്‌സേയുടെ നാട്ടിൽനിന്നൊരാൾ നിർദ്ദേശിച്ചത് അശോക സ്തംഭം പോലെ ഒന്നായിരുന്നു. ഒന്നല്ല, നാടു നീളെയും കുറുകെയുമായി ഒരു ലക്ഷം ഗാന്ധി സ്തംഭങ്ങൾ! അന്നേ അതിനു വേണ്ടി വരുമായിരുന്ന പണം വമ്പിച്ചതായിരുന്നു. എന്തുകൊണ്ടോ ഗാന്ധി സ്തംഭങ്ങൾ ആകാശം മുട്ടെ ഉയരാതെ പോയി. പകരം അവിടവിടെ കൊച്ചു ഗാന്ധി മണ്ഡപങ്ങൾ ഉണ്ടായി. എന്തോ ആവട്ടെ, അതൊന്നും തല്ലിപ്പൊളിക്കുന്നത് ഒരു രാഷ്ട്രീയ പരിപാടിയായി മാറിയിട്ടില്ല. എന്തായാലും ഓർമകൾ ഉണ്ടായിരിക്കണം.