തിരുവനന്തപുരം- തിരുവല്ല താലൂക്കാശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നടത്തിയത് ജനക്കൂട്ട വിചാരണയെന്ന ആക്ഷേപവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്തെത്തി. ശനിയാഴ്ച രാവിലെ 11 മണിക്കാണ് മന്ത്രി താലൂക്കാശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.
സൗകര്യങ്ങളുണ്ടായിട്ടും മതിയായ ഡോക്ടര്‍മാരുടെ സേവനമില്ല, മരുന്നില്ല തുടങ്ങിയ പരാതികള്‍ രോഗികള്‍ നേരിട്ട് മന്ത്രിയോട് പറഞ്ഞു. സംഭവത്തില്‍ സൂപ്രണ്ടിന് വിശദീകരണം നല്‍കാനായില്ല. തുടര്‍ന്ന് വീഴ്ചകളുടെ പേരില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി. അതേസമയം സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമവും അനുബന്ധ പ്രശ്‌നങ്ങളും പല പ്രാവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന് കെ.ജി.എ.ംഒ.എ വ്യക്തമാക്കി.
മരുന്നുകളുടെ അഭാവം, ലഭ്യമായവയുടെ ഗുണനിലവാരമില്ലായ്മ, രോഗീ വര്‍ധനവിന് ആനുപാതികമായി മരുന്നുകളുടെ വിതരണത്തിലെ അപര്യാപ്തത തുടങ്ങി സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്ന ഗുരുതര സാഹചര്യം സ്ഥാപന മേധാവികള്‍ പലതവണ അറിയിച്ചതായി കെ.ജി.എം.എ.ഒ പറയുന്നു. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മേല്‍ അടിച്ചേല്‍പിച്ച് ആരോഗ്യ വകുപ്പിന് കൈകഴുകാനുള്ള നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി.
സ്ഥാപന മേധാവികള്‍ വിചാരിച്ചാല്‍ നിമിഷനേരം കൊണ്ട് മരുന്നുകള്‍ വാങ്ങാന്‍ പറ്റുന്ന നടപടിക്രമങ്ങള്‍ അല്ല നിലവിലുള്ളത്. മരുന്നുകളുടെ വാര്‍ഷിക ഇന്‍ഡന്റ് കൊടുത്തതിനു ശേഷം മറ്റു മാര്‍ഗങ്ങളിലൂടെ മരുന്നുകള്‍ വാങ്ങുന്നതും, മുന്‍ വര്‍ഷങ്ങളില്‍ ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍പോലും ഇപ്പോഴും ലഭ്യമാകാത്തതും തുടങ്ങി സ്ഥാപന മേധാവികള്‍ക്ക് ഓഡിറ്റ് തടസ്സങ്ങളും സാമ്പത്തിക ബാധ്യതകളും നേരിടേണ്ടി വരുന്ന അങ്ങേയറ്റം ഗൗരവതരമായ സാഹചര്യം നിലനില്‍ക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്ന രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കുവാനും ഗുണനിലവാരമുള്ള മരുന്നുകള്‍ എത്രയും പെട്ടെന്നു ലഭ്യമാക്കുവാനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു എത്രയും പെട്ടെന്ന് ഉണ്ടാവണം.
തിരുവല്ല ആശുപത്രി സന്ദര്‍ശനത്തില്‍ പൊതുജനങ്ങളുടെ മുന്നില്‍, മരുന്നില്ലാത്തതിന് ആശുപത്രി സൂപ്രണ്ടിനെ അധിക്ഷേപിക്കുകയാണ് ഉണ്ടായത്. പല ആശുപത്രികളിലും മരുന്ന് ക്ഷാമം കാരണമുള്ള ജനരോഷം നിത്യേന ഡോക്ടര്‍മാര്‍ നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് നിരുത്തരവാദപരമായ സമീപനമാണെന്നും ഇത് തെറ്റായ സന്ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതെന്നും സംഘടന പറഞ്ഞു.