മന്ത്രവാദത്തിനിടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല, അഞ്ചുവയസ്സുകാരിയെ അച്ഛനും അമ്മയും അടിച്ചുകൊന്നു

നാഗ്പൂര്‍- മന്ത്രവാദത്തിനിടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന അഞ്ചു വയസ്സുകാരിയെ മാതാപിതാക്കള്‍ അടിച്ചു കൊന്നു.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തിലാണ് ദുഷ്ടശക്തികളെ തുരത്താന്‍ മന്ത്രവാദം നടത്തുന്നതിനിടെ ബാലികയെ മാതാപിതാക്കള്‍ അടിച്ചുകൊന്നത്.

കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബന്‍സോദ് (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
യുട്യൂബില്‍ പ്രാദേശിക വാര്‍ത്താ ചാനല്‍ നടത്തുന്ന സുഭാഷ് നഗര്‍ നിവാസിയായ ചിംനെയും കഴിഞ്ഞ മാസം ഗുരുപൂര്‍ണിമ ദിനത്തില്‍ ഭാര്യയോടും അഞ്ചും 16 ഉം വയസ്സായ  പെണ്‍മക്കളോടൊപ്പം തകല്‍ഘട്ട് പ്രദേശത്തെ ഒരു കുടീരത്തില്‍ പോയിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്നുമുതല്‍ ഇളയ മകളുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങള്‍  ചില ദുഷ്ടശക്തികളുടെ സ്വാധീനത്തിലാണെന്ന് സിദ്ധാര്‍ഥ് ചിംനെ വിശ്വസിച്ചു. ഈ ശക്തികളെ ഓടിക്കാനാണ് മന്ത്രവാദം നടത്താന്‍ തീരുമാനിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളും അമ്മായിയും രാത്രി മന്ത്രവാദ ചടങ്ങുകള്‍ നടത്തുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ  പോലീസ് അവരുടെ ഫോണില്‍ കണ്ടെത്തി.

കരയുന്ന പെണ്‍കുട്ടിയോട് പ്രതികള്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് വീഡിയോ ക്ലിപ്പില്‍ കാണാം. ചോദ്യങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത കുട്ടി  ഉത്തരങ്ങള്‍ നല്‍കിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂന്ന് പ്രതികളും മര്‍ദിച്ചതിനെ തുടര്‍ന്ന്  ബോധരഹിതയായി നിലത്തു വീണ കുട്ടിയെ പ്രതികള്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുകയായിരുന്നു.
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സംശയം തോന്നി കാറിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് പ്രതികളെ കണ്ടെത്താന്‍ സഹായകമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News