മോഡിയെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആക്കിയത് തന്റെ പ്രാര്‍ഥന, രാഖി അയച്ച് പാക്കിസ്ഥാനി സഹോദരി

അഹ്‌മദാബാദ്- തന്റെ പ്രാര്‍ഥന ദൈവം സ്വകീരിച്ചതുകൊണ്ടാണ് നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും ആയതെന്ന് അവകാശപ്പെടുന്ന മോഡിയുടെ പാക്കിസ്ഥാനി സഹോദരി പ്രാര്‍ഥനയോടെ ഇക്കുറിയും രാഖി അയച്ചു. കോവിഡ് പ്രതിസന്ധി തുടരുന്നതിനാലാണ് രാഖി കെട്ടാന്‍ നേരിട്ട് പോകാതെ തപാല്‍ വഴി അയച്ചെതന്ന് ഖമര്‍ മുഹ്്‌സിന്‍ ശൈഖ് പറഞ്ഞു.
പാക്കിസ്ഥാന്‍ സ്വദേശിനി ആണെങ്കിലും വിവാഹത്തിനുശേഷം ഖമര്‍ അഹ്്മാദാബാദിലാണ് താമസം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇത് ഇവരുടെ ഇരുപത്തഞ്ചാമത് രക്ഷാബന്ധനാണ്.
30-35 വര്‍ഷമായി മോഡിയെ അറിയാമെന്നും ആദ്യമായി ദല്‍ഹിയില്‍ വെച്ച് കണ്ടപ്പോള്‍ കറാച്ചിക്കാരിയാണെന്നു പറഞ്ഞപ്പോഴാണ് തന്നെ ബെഹന്‍ (സഹോദരി) എന്നു വിളിച്ചതെന്നും ഖമര്‍ പറഞ്ഞു. തനിക്ക് സഹോദരന്മാരൊന്നുമില്ല. പിന്നീട് രണ്ടുമൂന്ന് വര്‍ഷം കഴിഞ്ഞ ദല്‍ഹിയിലെത്തിയപ്പോഴാണ് രാഖി കെട്ടി തുടങ്ങിയത്.
ഒരു രക്ഷാബന്ധന്‍ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ പ്രാര്‍ഥിക്കുകയാണെന്ന് പറഞ്ഞത്. അന്ന് അദ്ദേഹം ചിരിച്ചുവെങ്കിലും മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രയുമായി. തന്റെ പ്രര്‍ഥനയാണ് ദൈവം കേട്ടതെന്നും പിന്നീടൊരു രക്ഷാബന്ധന്‍ ദിനത്തില്‍ മോഡിയോട് പറഞ്ഞിരുന്നുവെന്നും ഖമര്‍ അനുസ്മരിച്ചു.
ഓഗസ്റ്റ് മൂന്നിന് രക്ഷാബന്ധന്‍ ആഘോഷിച്ചപ്പോള്‍ നേരിട്ട് പോയി രാഖി കെട്ടാന്‍ സാധിച്ചിരുന്നില്ല. താന്‍ തപാല്‍ വഴി അയച്ച രാഖിയും പുസ്തകവും മോഡി സ്വീകരിച്ചുവെന്നും അവര്‍ പറഞ്ഞു. ഇരുപത്തഞ്ചാമത് രാഖി പ്രധാനമന്ത്രി മോഡിയുടെ കൈയില്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പോകാന്‍ കഴിഞ്ഞില്ലെന്ന് ഖമര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുംവേണ്ടി പ്രാര്‍ഥിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News