സ്ത്രീകൾ പിന്നോട്ടല്ല എന്നു ഓരോ ദിവസവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. യുദ്ധവിമാനങ്ങൾ മുതൽ ലോകത്തിലെ ഏറ്റവും കടുപ്പമേറിയ റൂട്ടായ കർത്തുങ് ലാ പാപ് വരെ വണ്ടിയോടിച്ച സ്ത്രീകളുള്ള സമൂഹമാണ് നമ്മുടേത്.
എന്നാൽ ഇക്കൂട്ടത്തിൽ അത്രയേറെ കേട്ടിട്ടില്ലാത്ത ഒരു കഥയാണ് റെയിൽവേ സ്‌റ്റേഷനുകളുടേത്. സ്ത്രീകൾ ട്രെയിൻ ഓടിക്കാറുണ്ട്. എങ്കിലും ഒരു റെയിൽവേ സ്‌റ്റേഷന്റെ ചുമതല മുഴുവൻ സ്ത്രീകൾ വഹിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. ഇതാ സ്ത്രീകൾ മാത്രം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ രണ്ടു റെയിൽവേ സ്‌റ്റേഷനുകൾ.

ട്രെയിനിന് കൊടി കാണിക്കുന്ന അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ
8000 മുതൽ 8500 റെയിൽവേ സ്‌റ്റേഷനുകൾ ഉള്ള ഇന്ത്യയിൽ വെറും രണ്ടേ രണ്ടു റെയിൽവേ സ്‌റ്റേഷനുകൾ മാത്രമാണ് സ്ത്രീകളുടെ നിയന്ത്രണത്തിലുള്ളത്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് ഈ റെയിൽവേ സ്‌റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ ജയ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഗാന്ധിനഗർ റെയിൽവേ സ്‌റ്റേഷനാണ് സ്ത്രീകളുടെ മാത്രം നിയന്ത്രണത്തിലുള്ള റെയിൽവേ സ്‌റ്റേഷൻ. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്‌റ്റേഷൻ എന്ന ബഹുമതിയും ഈ സ്‌റ്റേഷനാണ്. ടിക്കറ്റ് ചെക്കർ മുതൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, ഓപറേഷൻ സ്റ്റാഫ്, റിസർവേഷൻ, ബുക്കിംഗ് സൂപ്പർവൈസേഴ്‌സ് തുടങ്ങി സ്‌റ്റേഷന്റെ എല്ലാ കാര്യങ്ങളും കൃത്യമായ പരിശീലനം ലഭിച്ച ഇവിടുത്തെ സ്ത്രീകളാണ് കൈകാര്യം ചെയ്യുന്നത്.
പ്രതിദിനം ഏഴായിരത്തോളം യാത്രക്കാർ കടന്നുപോകുന്ന അത്യാവശ്യം വലിയൊരു സ്‌റ്റേഷൻ തന്നെയാണിത്. 50 ട്രെയിനുകളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. 25 എണ്ണത്തിന് ഇവിടെ സ്‌റ്റോപ്പുണ്ട്. മുംബൈയിലെ മാട്ടുംഗ റെയിൽവേ സ്‌റ്റേഷനും സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന റെയിൽവേ സ്‌റ്റേഷനാണ്.
എന്നാൽ ഇത് സബ് അർബൻ കാറ്റഗറിയിലാണ് വരുന്നത്. ജയ്പൂർ ഗാന്ധിനഗർ റെയിൽവേ സ്‌റ്റേഷൻ റെയിൽവേയുടെ മെയിൻ ലൈൻ വിഭാഗത്തിലും.






