ന്യൂദല്‍ഹി- പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ തൃണമൂല്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും നിരന്തരം ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയതാണ് ജഗ്്ദീപ് ധന്‍കറിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പാതയൊരുക്കിയത്. ഭരണപരമായ വീഴ്ചകള്‍, പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍, ക്രമസമാധാനത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നിരത്തിക്കൊണ്ടുള്ള ട്വീറ്റുകളിലൂടെ ദിവസവും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു. മമതക്ക് തലവേദന ഉണ്ടാക്കിയതായിരുന്നു ബി.ജെ.പി അദ്ദേഹത്തില്‍ കണ്ട പ്രധാന യോഗ്യതയും. എന്നിട്ടും 36 എം.പിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.പിമാര്‍ മാത്രമാണു വോട്ട് ചെയ്തത്. 34 എം.പിമാര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. വിമത എം.പിമാരായ ശിശിര്‍ അധികാരി, ദിബേന്ദു അധികാരി എന്നിവരാണു വോട്ട് ചെയ്തത്.
കൂടാതെ ജാട്ട് വിഭാഗക്കാരനാണെന്നതും പരിഗണിച്ചാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ചത്.
രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ കിതാന എന്ന ചെറുഗ്രാമത്തില്‍ 1951 ല്‍ ജനിച്ച ജഗ്ദീപ് ധന്‍കര്‍ ചിറ്റോര്‍ഗഢിലെ സൈനിക് സ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. ഫിസിക്‌സിലും നിയമത്തിലും ബിരുദം സ്വന്തമാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ജനതാദള്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്.
ജുന്‍ജുനുവില്‍നിന്ന് 1989 ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു. 1989-91 വരെ ലോക്‌സഭാംഗമായി. 1990-91ല്‍ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു. 1993 മുതല്‍ 1998 വരെ രാജസ്ഥാന്‍ നിയമസഭാംഗവുമായിരുന്നു. കിഷന്‍ഗഢ് മണ്ഡലത്തെയാണ് നിയമസഭയില്‍ പ്രതിനിധാനം ചെയ്തത്. 2004 ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. 2019 ജൂലായ് 30നാണ് പശ്ചിമബംഗാള്‍ ഗവര്‍ണറായത്.
കായിക രംഗവുമായി അടുത്ത ബന്ധമാണ് പുതിയ ഉപരാഷ്ട്രപതിക്കുള്ളത്. രാജസ്ഥാന്‍ ഒളിംപിക് അസോസിയേഷന്റെയും ടെന്നിസ് അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. ഐ.സി.സി ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ അംഗവുമായിരുന്നു.
ഗ്രോത വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതിക്കു പിന്നാലെ കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഉപരാഷ്ട്രപതിയുടെ വരവ്. മറ്റെല്ലാ ജാട്ട് നേതാക്കളെയും പോലെ, ഹരിയാനയില്‍നിന്നുള്ള കര്‍ഷക നേതാവ് ചൗധരി ദേവിലാലിന്റെ അനുയായി ആയാണ് ധന്‍കറിന്റെയും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായിരുന്നു ദേവിലാല്‍. ജുന്‍ജുനുവിലെ ലോക്‌സഭാ സ്ഥാനാര്‍ഥിയായി 1989ല്‍ ധന്‍കറിനെ നിര്‍ദേശിക്കുന്നതും ദേവിലാലാണ്.
എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ വിട്ട് ധന്‍കര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. പി.വി. നരസിംഹ റാവുവിന്റെ കാലത്തായിരുന്നു ഇത്. എന്നാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗെലോട്ട് ശക്തനായതോടെ അദ്ദേഹം ബി.ജെ.പിയിലേക്കു മാറി. വൈകാതെ വസുന്ധര രാജെയുടെ വിശ്വസ്തനായി. ഇടക്കാലത്ത് അഭിഭാഷകവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മികച്ച അഭിഭാഷകനായി പേരെടുത്തു. 2019 ലാണ് ബംഗാള്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്നത്. ഭാര്യ: സുദേഷ ധന്‍കര്‍. ഒരു മകളുണ്ട്.
പാര്‍ലമെന്റ് മന്ദിരത്തില്‍ ഒരുക്കിയ പോളിംഗ് ബൂത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യം വോട്ട് ചെയ്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരും വോട്ട് ചെയ്തു. രാജ്യസഭയിലെയും ലോക്‌സഭയിലെയും എം.പിമാര്‍ക്കാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം. എട്ട് പേരുടെ ഒഴിവുള്ളതിനാല്‍ 780 എം.പിമാര്‍ക്കാണ് ആകെ വോട്ടവകാശം. നിലവിലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഈ മാസം 10 നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി 11 നു സ്ഥാനമേല്‍ക്കും.






