Sorry, you need to enable JavaScript to visit this website.
Wednesday , August   10, 2022
Wednesday , August   10, 2022

കർക്കടക വാവും കമ്യൂണിസവും

 

പിതൃതർപ്പണവും കൃഷ്ണ ജയന്തി ആഘോഷവുമെല്ലാം പാർട്ടിയെ കമ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങളിൽ നിന്ന് പിന്നോട്ടടിപ്പിക്കുകയാണ് ചെയ്യുക. വിശ്വാസികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെ അതേ നാണയത്തിലൂടെ തന്നെ നേരിടാൻ സി.പി.എം ശ്രമിക്കുന്നത് പാർട്ടി ഉയർത്തിക്കൊണ്ടു വരുന്ന പുരോഗമന ആശയങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിന് തുല്യമാണ്. ബി.ജെ.പിയുടെ വോട്ട് ബാങ്കിലേക്ക് കടന്നു കയറാൻ ഇതിലൂടെ കഴിഞ്ഞേക്കാം. എന്നാൽ കമ്യൂണിസ്റ്റ് തത്വങ്ങളിൽ വിശ്വസിച്ച് മുന്നോട്ട് പോകുന്ന പാർട്ടി അണികളിൽ അത് വലിയ നിരാശയാണുണ്ടാക്കുക.
 

 

ഭൗതിക വാദവും വൈരുധ്യാത്മക ഭൗതിക വാദവുമാണ് കമ്യൂണിസത്തിന്റെ അടിസ്ഥാനം. ആത്മീയ വാദത്തെ പൂർണമായും കമ്യൂണിസം തള്ളിക്കളയുന്നുമുണ്ട്. ദൈവ വിശ്വാസവും മതപരമായ പല ആചാരങ്ങളും ആത്മീയ വാദത്തിന്റെ ഭാഗമാണെങ്കിലും പൊതുജന സ്വീകാര്യതക്കും നിലനിൽപിനും പാർലമെന്ററി അധികാരത്തിനും വേണ്ടി കഴിഞ്ഞ കുറേക്കാലങ്ങളായി വിശ്വാസത്തെയും ആചാരങ്ങളെയുമൊന്നും സി.പി.എം തള്ളിപ്പറയാറില്ല. പാർട്ടിയിലാണെങ്കിൽ വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടു വരികയാണ്. 

ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഓരോരുത്തരുടെയും വിശ്വാസപരമായ കാര്യങ്ങളിൽ പാർട്ടി ഇടപെടില്ലെന്നുമാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ പ്രഖ്യാപിത നിലപാട്. മാത്രമല്ല, പാർട്ടി പ്രവർത്തകർ കഴിയുന്നതും വിശ്വാസികളോടൊപ്പം നിന്ന് പ്രവർത്തിക്കണമെന്നും പാർട്ടി സംസ്ഥാന നേതൃത്വം തീട്ടൂരമിറക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളുടെയും പള്ളികളുടെയുമെല്ലാം പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ ഭാഗഭാക്കാകുന്നുമുണ്ട്. ഇതെല്ലാം ഭൗതിക വാദത്തിൽ ഉറച്ചു വിശ്വസിക്കുന്ന പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരല്ലേയെന്ന ചോദ്യം കാലങ്ങളായി പല കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഇതിനെല്ലാമുള്ള ഉത്തരം പാർട്ടിക്കുണ്ട്. ആരാധനാലയങ്ങളെ വലിയ തോതിൽ സംഘപരിവാർ സംഘടനകളും വിവിധ മതങ്ങളിലെ മറ്റു തീവ്രവാദ ഗ്രൂപ്പുകളുമെല്ലാം മുതലെടുക്കുകയും വർഗീയമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് നോക്കി നിൽക്കാൻ പുരോഗമന പ്രസ്ഥാനമായ സി.പി.എമ്മിന് കഴിയില്ലെന്നാണ് ഇതിനുള്ള പാർട്ടിയുടെ മറുപടി. മാത്രമല്ല സി.പി.എം വിശ്വാസത്തെയല്ല എതിർക്കുന്നതെന്നും മറിച്ച് അന്ധവിശ്വാസത്തെയാണെന്നും പാർട്ടി പറഞ്ഞു വെക്കുന്നുണ്ട്. 

വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും എങ്ങനെ വേർതിരിച്ചെടുക്കണമെന്ന് പാർട്ടി  അണികളെ പഠിപ്പിക്കുന്നില്ല. അതിന് പാർട്ടിക്ക് കഴിയുകയുമില്ല. കാരണം, ഒരു വിശ്വാസി എന്താണോ വിശ്വസിക്കുന്നത് അത് അയാളെ സംബന്ധിച്ചിടത്തോളം പൂർണമായും അയാളുടെ വിശ്വാസത്തിന്റെ ഭാഗമാണ്, അല്ലാതെ അയാൾക്കത് അന്ധവിശ്വാസമല്ല. അങ്ങനെ വരുമ്പോൾ അന്ധവിശ്വാസങ്ങളെ പൂർണമായും എതിർക്കാൻ സി.പി.എമ്മിന് കഴിയില്ല. അതുകൊണ്ട് തന്നെയാണ് കർക്കിടക വാവിലെ പിതൃതർപ്പണവും കൃഷ്ണ ജയന്തി ആഘോഷങ്ങളും നബിദിന റാലിയുമെല്ലാം സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നത്.
 
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ എഴുതിവെച്ച ഭൗതികവാദവുമായി മുന്നോട്ട് പോയാൽ അധികാര രാഷ്ട്രീയത്തിലേക്കുള്ള വഴി ഇനി എളുപ്പമാകില്ലെന്നും പാർട്ടി സഖാക്കൾ സംഘപരിവാർ സംഘടനകളിലേക്കും മറ്റും  വഴി തെറ്റിപ്പോകാനുള്ള സാധ്യതയുണ്ടെന്നും പാർട്ടി പ്രവർത്തനത്തിൽ എറെ തഴക്കവും പഴക്കവുമുള്ള പി. ജയരാജനെപ്പോലുള്ള സീനിയർ നേതാക്കൾ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇക്കഴിഞ്ഞ കർക്കിടക വാവിലെ പിതൃതർപ്പണത്തിന് വേണ്ടി വിശ്വാസികൾക്ക് നേരിട്ട് എല്ലാ സഹായവും ചെയ്തുകൊടുക്കാൻ അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആഹ്വാനം നടത്തിയത്. ഇത് സംബന്ധിച്ച് ജയരാജൻ ഇറക്കിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് പരിശോധിച്ചാൽ ഒരു പരിധി വരെ മതപരമായ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്ന് കാണാം. കണ്ണൂരിൽ കൃഷ്ണ ജയന്തി യാത്രയും നബിദിന റാലിയും മറ്റും നടത്തി പാർട്ടി തത്വങ്ങളെ ആത്മീയ വാദത്തിന്റെ ആലയിൽ കൊണ്ടുപോയി കെട്ടിയ പാരമ്പര്യം പി.ജയരാജന് നേരത്തെ തന്നെയുണ്ട്. അന്ന് പാർട്ടി നേതൃത്വം കണ്ണടച്ചതുകൊണ്ടാണ് കഴിഞ്ഞ ദിവസം പിതൃതർപ്പണ സഹായങ്ങളുമായി അദ്ദേഹം രംഗത്തിറങ്ങിയത്. പാർട്ടിക്കുള്ളിൽ വലിയൊരു ആരാധക വൃന്ദമുള്ളയാളാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജൻ. തന്റെ ഫാൻസുകാരെ മുൻനിർത്തി നടത്തുന്ന പ്രവർത്തനങ്ങളാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെല്ലാം ജയരാജൻ അനഭിമതനാകാൻ കാരണം. 

പിതൃതർപ്പണത്തിന് വലിയ തോതിലുള്ള പ്രോത്സാഹനം നൽകിക്കൊണ്ട്  മതപരമായ അന്ധവിശ്വാസങ്ങളെ പാർട്ടിയുടെ പേരിൽ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് ജയരാജൻ നീങ്ങിയതോടെയാണ് ഇതിനെ പാർട്ടി പ്രവർത്തകരും നേതൃത്വുമെല്ലാം തള്ളിയത്. ഇത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ജയരാജനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തിരുന്നു. ഒടുവിൽ പാർട്ടി വിമർശനം അംഗീകരിക്കുന്നുവെന്നും പ്രകടിപ്പിച്ചത് തന്റെ അഭിപ്രായം മാത്രമാണെന്നും പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു കുറിപ്പ് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. അപ്പോഴും ഇത്തരം ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ജീവിതത്തിൽ  ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഉറച്ചു നിന്നതെന്നും വിശ്വാസികൾക്കിടയിൽ വർഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന തന്റെ അഭിപ്രായമാണ് പിതൃതർപ്പണത്തെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റിൽ രേഖപ്പെടുത്തിയതെന്നും ജയരാജൻ വാദിക്കുന്നു.

അതു തന്നെയാണ് കാര്യം. വിവിധ മതങ്ങളിൽ പെട്ട വർഗീയ ശക്തികൾ, പ്രത്യേകിച്ച് സംഘപരിവാറുകാർ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയുമെല്ലാം മറപിടിച്ച് വലിയ വളർച്ചയാണ് കേരളത്തിലും ഇന്ത്യയൊട്ടാകെയും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അന്ധവിശ്വാസങ്ങളെ ഇതിന് വേണ്ടി ഇവർ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. സംഘപരിവാറിന്റെ വളർച്ചയെ ഭൗതിക വാദം കൊണ്ട് മാത്രം ചെറുക്കാൻ കഴിയാത്ത രീതിയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടികൾ എത്തിപ്പെട്ടിരിക്കുന്നു. കേരള സമൂഹം വലിയ തോതിൽ ആത്മീയവത്ക്കരിക്കപ്പെട്ടു കഴിഞ്ഞുവെന്ന യാഥാർത്ഥ്യം സി.പി.എം തിരിച്ചറിയുന്നുണ്ട്. ഇതിനുള്ള മറുമരുന്നായാണ് വിശ്വാസികളോടൊപ്പം ചേർന്നു നിൽക്കാൻ പാർട്ടി തീരുമാനിച്ചത്. എന്നാൽ ജയരാജനെപ്പോലെ കമ്യൂണിസത്തിന്റെ എല്ലാ സംഹിതകളും മനസ്സിലാക്കിയവർ എന്തിനാണ് അന്ധവിശ്വാസങ്ങളെ പോലും പിന്തുണയ്ക്കുന്ന രീതിയിലേക്ക് പാർട്ടിയെ കൊണ്ടുപോകുന്നതെന്നാണ് പാർട്ടി സഖാക്കളിൽ പലർക്കും മനസ്സിലാകാത്തത്.

പിതൃതർപ്പണവും കൃഷ്ണ ജയന്തി ആഘോഷവുമെല്ലാം പാർട്ടിയെ കമ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങളിൽ നിന്ന് പിന്നോട്ടടിപ്പിക്കുകയാണ് ചെയ്യുക. വിശ്വാസികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെ അതേ നാണയത്തിലൂടെ തന്നെ നേരിടാൻ സി.പി.എം ശ്രമിക്കുന്നത് പാർട്ടി ഉയർത്തിക്കൊണ്ടു വരുന്ന പുരോഗമന ആശയങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിന് തുല്യമാണ്. ബി.ജെ.പിയുടെ വോട്ട് ബാങ്കിലേക്ക് കടന്നു കയറാൻ ഇതിലൂടെ കഴിഞ്ഞേക്കാം. എന്നാൽ കമ്യൂണിസ്റ്റ് തത്വങ്ങളിൽ വിശ്വസിച്ച് മുന്നോട്ട് പോകുന്ന പാർട്ടി അണികളിൽ അത് വലിയ നിരാശയാണുണ്ടാക്കുക.
 
വർഗീയതക്കെതിരെ ശബ്ദമുയർത്തുകയും അതേസമയം വർഗീയതയിലേക്ക് നയിക്കുന്ന എല്ലാ ബിംബങ്ങളെയും തോളിലേറ്റുകയും ചെയ്യുന്നത് വലിയ മൂല്യച്യുതിയാണ് സി.പി.എമ്മിന് ഉണ്ടാക്കുക. ആത്മീയവാദത്തിനൊപ്പം നിന്നതുകൊണ്ടല്ല കേരളത്തിൽ സി.പി.എമ്മിനും മറ്റു ഇടതുപക്ഷ സംഘടനകൾക്കും വേരുപിടിപ്പിക്കാനും പടർന്ന് പന്തലിക്കാനും കഴിഞ്ഞത്. മറിച്ച്, പുരോഗമനപരമായ ആശയങ്ങൾ സമൂഹത്തിൽ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതിന്റെ പേരിലാണ് അവർക്ക് സ്വീകാര്യത ലഭിച്ചത്.

ബി.ജെ.പി ഉയർത്തുന്ന മതരാഷ്ട്ര സങ്കൽപത്തിനും വർഗീയതക്കുമെതിരെ എറ്റവും കരുത്തുറ്റ ചെറുത്തുനിൽപ് ആവശ്യമായ ഘട്ടത്തിലാണ് വോട്ട് രാഷ്ട്രീയത്തിന് വേണ്ടി ജയരാജനെപ്പോലുള്ള നേതാക്കൾ സംഘപരിവാറിന്റെ മാറാപ്പുകൾ എടുത്തണിയുന്നതെന്നത് നിരാശയുളവാക്കുന്ന കാര്യമാണ്.

Latest News