Sorry, you need to enable JavaScript to visit this website.

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം തലവന്‍ മരിച്ച നിലയില്‍

തായ്പേയ് സിറ്റി: തായ്വാന്‍ പ്രതിരോധ മന്ത്രാലയം തലവനെ മരിച്ച നിലയില്‍. മന്ത്രാലയത്തിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഔ യാങ് ലി-ഹ്സിംഗിനെ ആണ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തായ്വാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

തായ്വാന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ചുങ്-ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഡെപ്യൂട്ടി തലവനാണ് ഇദ്ദേഹം. ഔ യാങ് ലി-ഹ്സിംഗ് ആണ് തായ്വാന്റെ മിസൈല്‍ പ്രൊഡക്ഷന്‍ യൂണിറ്റിനെ നയിക്കുന്നത്. 

ശനിയാഴ്ച തെക്കന്‍ തായ്വാനിലെ ഹോട്ടല്‍ മുറിയിലായിരുന്നു ലി-ഹ്സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലി-ഹ്സിംഗിന്റെ മരണകാരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് തായ്വാനീസ് അധികൃതര്‍ വ്യക്തമാക്കി.

ഒരു ബിസിനസ്സ് യാത്രയിലായിരുന്നു ഔ യാങ് ലി-ഹ്സിംഗ്. തായ്വാന്റെ വിവിധ മിസൈല്‍ നിര്‍മാണ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടി ഈ വര്‍ഷമാദ്യമായിരുന്നു ലി-ഹ്സിംഗ് പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായി ചുമതലയേറ്റത്. ചൈനയുടെ ഭാഗത്ത് നിന്നും വര്‍ധിച്ചുവരുന്ന സൈനിക ഭീഷണികളെ നേരിടുന്നതിന് രാജ്യത്തിന്റെ മിസൈല്‍ ഉല്‍പാദന ശേഷി ഇരട്ടിയിലേറെയായി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ലി-ഹ്സിംഗ് ചുമതലയേറ്റത്. വാര്‍ഷിക മിസൈല്‍ നിര്‍മാണം 500ലെത്തിക്കുന്നതിന് വേണ്ടിയായിരുന്നു പദ്ധതി.

യു. എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ചൈന തായ്‌വാനെതിരെ നിരന്തരം ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണം ചര്‍ച്ചയാകും.

Latest News