Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‌ലിംകളെ ഒറ്റപ്പെടുത്താന്‍ പുതിയ ജിഹാദ് ആരോപണവുമായി ഹിന്ദുത്വവാദികള്‍- പ്രളയ ജിഹാദ്

ന്യൂദല്‍ഹി- സംഘപരിവാറിന് പാടി നടക്കാന്‍ പുതിയ ജിദാഹുകൂടി- ഇനി പ്രളയ ജിഹാദ്. അസമിലെ പ്രളയത്തിനും വെള്ളപ്പൊക്കത്തിനും കാരണം മുസ്‌ലിംകളാണെന്ന കണ്ടെത്തലാണ് പുതുതായി രംഗത്തു വന്നിരിക്കുന്നത്. 'പ്രളയ ജിഹാദ്' എന്ന പേരില്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്. 
 
മണ്‍സൂണ്‍ സീസണില്‍ സാധാരണയായി വെള്ളപ്പൊക്കം നേരടേണ്ടി വരുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം. എന്നാല്‍ ഈ വര്‍ഷത്തെ മഴ സാധാരണയിലും കനത്ത വെള്ളപ്പൊക്കത്തിലേക്ക് നയിച്ചെന്നും അതിന് കാരണം മുസ്ലിംകളാണെന്ന പ്രചരണമാണ് കൊണ്ടുപിടിച്ചു നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മുസ്ലിം സാമൂഹ്യപ്രവര്‍ത്തകന്‍ നാസിര്‍ ഹുസൈന്‍ ല്‌സകറുമായി ബി. ബി. സി നടത്തിയ അഭിമുഖത്തിലാണ് വാര്‍ത്ത പുറത്തുവന്നത്. 

അസമില്‍ വെള്ളപ്പൊക്കത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നയാളാണ് നാസിര്‍ ഹുസൈന്‍ ലസ്‌കര്‍. എന്നാല്‍  'പൊതുസ്വത്ത് നശിപ്പിച്ചു' എന്ന ആരോപണം ഉന്നയിച്ച് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യാതൊരു തെളിവുകളുമില്ലാതെ പോലീസ് കസ്റ്റഡിയിലെടുത്ത ലസ്‌കറിന് 20 ദിവസത്തോളമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ലസ്‌കറിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വന്‍ ആ്ക്രമണമാണ് നടക്കുന്നത്. 

അസമിലെ ഹിന്ദു ഭൂരിപക്ഷ നഗരമായ സില്‍ചാറില്‍ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങള്‍ക്ക് മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ കേടുപാടുകള്‍ വരുത്തിയതായാണ് പ്രളയ ജിഹാദ് ആരോപണവുമായി രംഗത്തുള്ളവരുടെ വ്യാജ പ്രചരണം. പതിനാറ് വര്‍ഷത്തോളം സര്‍ക്കാരിന് വേണ്ടി തടയണകള്‍ നിര്‍മിക്കുന്ന ജോലി ചെയ്തയാളാണ് താനെന്നാണ് ലസ്‌കര്‍ പറയുന്നത്. താന്‍ പൊതുസ്വത്ത് നശിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.  
നാസിര്‍ ഹുസൈന്‍ ലസ്‌കറും മറ്റ് മൂന്ന് പേരും 'പ്രളയ ജിഹാദ്' നടത്തുന്നതായാണ് ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നത്. പ്രമുഖ വ്യക്തികളടക്കം ഇത്തരം ആരോപണ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളും ഇത്തരം ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

'പ്രളയ ജിഹാദ്' എന്ന വിശേഷണത്തോടൊപ്പം തന്റെ പേരും ടി. വി സ്‌ക്രീനില്‍ കണ്ടത് വലിയ അസ്വസ്ഥത ഉളവാക്കിയെന്നും തനിക്ക് രാത്രി ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ബി. ബി. സിക്ക് നല്‍കിയ അഭിമുഖത്തില്‍ ലസ്‌കര്‍ പറയുന്നുണ്ട്. ജയിലില്‍ കഴിഞ്ഞ സമയത്ത് മറ്റ് തടവുകാര്‍ തന്നെ ആക്രമിച്ചേക്കുമെന്ന ഭയമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 23നായിരുന്നു അസമിലെ ബരാക് നദിയില്‍ കെട്ടിയ തടയണക്ക് കേടുപാടുകള്‍ സംഭവിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ഇത്. അതിനാലാണ് ഇത്തരം ആരോപണങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. അറ്റകുറ്റപ്പണികളുടെയും യഥാക്രമം നടത്താത്തത് കാരണമാണ് തടയണകളില്‍ ഭൂരിഭാഗം എണ്ണത്തിനും നാശം സംഭവിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 'പ്രളയ ജിഹാദ്' എന്ന ആരോപണം യാഥാര്‍ഥ്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള എളുപ്പവഴിയാണെന്നും പ്രശ്‌നത്തിന് കൂടുതല്‍ പക്വമായ പ്രതികരണം ആവശ്യമാണെന്നും ജംസെട്ജി ടാറ്റ സ്‌കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസിലെ അസോസിയേറ്റ്പ്രൊഫസര്‍ നിര്‍മാല്യ ചൗധരി പറഞ്ഞു. 'പ്രളയ ജിഹാദ്' എന്നൊന്ന് നിലനില്‍ക്കുന്നില്ല, എന്ന് അസമിലെ പൊലീസ് സൂപ്രണ്ട് രമണ്‍ദീപ് കൗറും പ്രതികരിച്ചു.

Tags

Latest News