Sorry, you need to enable JavaScript to visit this website.

ബി. ജെ. പി ലയനം ആലോചിക്കാന്‍ ഉദ്ധവ് താക്കറെ തയ്യാറായിരുന്നെന്ന് ഷിന്‍ഡെ വിഭാഗം എം. എല്‍. എ

ന്യൂദല്‍ഹി- ബി. ജെ. പിയുമായുള്ള ലയനത്തിന് ഒരിക്കല്‍കൂടി ആലോചിക്കാന്‍ ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ തയ്യാറായിരുന്നുവെന്ന് ദീപക് കെസര്‍ക്കര്‍ എം. എല്‍. എ. മഹാരാഷ്ട്ര മുഖ്യമന്ത്രിയും വിമതനേതാവുമായ
ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലുള്ള എം. എല്‍. എയാണ് കെസര്‍ക്കര്‍.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കി ഒരു മാസത്തിലേറെയായിട്ടും കക്ഷി മാറുന്നത് സംബന്ധിച്ചുള്ള വാദങ്ങളും പ്രതിവാദങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. സംസ്ഥാനം ഒരു പുതിയ മന്ത്രിസഭയെ കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പരാമര്‍ശവുമായി കെസര്‍ക്കര്‍ രംഗത്തെത്തിയത്.
 
ജൂണ്‍ 21നു ശേഷം താന്‍ അസമിലേക്ക് പോയിരുന്നുവെന്നും  ബി. ജെ. പിയും താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാളെ താന്‍ കണ്ടതായും ഉദ്ധവ് സാഹിബിനെ കാണാന്‍ താനയാളെ പറഞ്ഞയച്ചുവെന്നും അറിയിച്ച കെസര്‍ക്കര്‍ സംഭവിച്ചതെല്ലാം മറക്കാമെന്നും ഒരുമിച്ചുനില്‍ക്കാമെന്നും ഉദ്ധവ് സാഹിബിനോട് പറഞ്ഞതായും അറിയിച്ചു. ഷിന്‍ഡെയെ പുറത്താക്കിയാല്‍  ബന്ധത്തിന് തങ്ങള്‍ തയ്യാറാണെന്നാണ് ഉദ്ധവ് സാഹിബ് പറഞ്ഞതെന്നും കെസര്‍ക്കര്‍ പറഞ്ഞതായി എ. എന്‍. ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഈ തീരുമാനം ബി. ജെ. പി എം. എല്‍. എമാര്‍ക്ക് സ്വീകാര്യമായിരുന്നില്ലെന്ന് കെസര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. 
ശിവസേനയിലെ വിമത എം. എല്‍. എമാര്‍ ഷിന്‍ഡെ വിഭാഗത്തില്‍ ചേരാനായി ഗുജറാത്തിലെ സൂറത്തില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലേക്കും പിന്നീട് ഗോവയിലേക്കും പോയിരുന്നു. ഈ കൊഴിഞ്ഞുപോക്ക് ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്കാണ് നയിച്ചത്. 

ബി. ജെ. പിയും ശിവസേനയും ഒരേ ആശയങ്ങള്‍ പങ്കിടുന്നതിനാല്‍ പിന്‍ഗാമിയായ ഷിന്‍ഡെയ്ക്ക് അനുഗ്രഹം നല്‍കണമെന്ന് ഉദ്ധവിനോട് ആവശ്യപ്പെട്ടതായി കെസര്‍ക്കര്‍ പറഞ്ഞു. മന്ത്രിസഭാ വികസനം വൈകുന്നതില്‍ മഹാരാഷ്ട്രയിലെ പ്രതിപക്ഷം ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് ഈ വാദപ്രതിവാദങ്ങള്‍. എന്നാല്‍ മന്ത്രിസഭാ വികസനം ഉടന്‍ ഉണ്ടാകുമെന്ന് ഷിന്‍ഡെ പറയുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത എം. എല്‍. എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് താക്കറെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ഭരണഘടനാ പ്രശ്നങ്ങളില്‍ താക്കറെ ഗ്രൂപ്പ് സമര്‍പ്പിച്ച ഹരജികളില്‍ മുന്നേ സമര്‍പ്പിച്ച സബ്മിഷനുകള്‍ പുന:ക്രമീകരിക്കാന്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തോട് സുപ്രfം കോടതി ആവശ്യപ്പെടുകയും ചെയ്തു.

Tags

Latest News