Sorry, you need to enable JavaScript to visit this website.

പ്രതികളില്‍ നിന്ന് കോഴ വാങ്ങിയ മാതാപിതാക്കളെ പീഡനത്തിനിരയായ പെണ്‍കുട്ടി കുടുക്കി

ന്യൂദല്‍ഹി- മകളെ കൂട്ടബലാല്‍സംഗത്തിനിരക്കിയ പ്രതികളെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി കൂട്ടു നിന്ന മാതാപിതാക്കളെ പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെ കുടുക്കി. പോലീസില്‍ നല്‍കിയ മൊഴി പെണ്‍കുട്ടിയെ കൊണ്ടു തന്നെ മാറ്റിപ്പറയിപ്പിക്കാനാണ് പ്രതികള്‍ മതാപിതാക്കള്‍ക്ക് അഞ്ചു ലക്ഷത്തോളം രൂപ നല്‍കിയത്. സ്വന്തം മാതാപിതാക്കള്‍ തന്നെ തന്നെ പീഡിപ്പിച്ചവരില്‍ നിന്നും പണം വാങ്ങി കേസ് ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന തിരിച്ചറിഞ്ഞ 15-കാരി ഈ പണവുമായി പോലീസില്‍ നേരിട്ടെത്തി മാതാപിതാക്കള്‍ക്കെതിരെ പരാതിപ്പെടുകയായിരുന്നു.  കോടതിയില്‍ മൊഴിമാറ്റിപ്പറയാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പെണ്‍കുട്ടി പരാതിപ്പെട്ടത്. ഇതിനായി മാതാപിതാക്കള്‍ പ്രതികളില്‍ നിന്ന് അഡ്വാന്‍സായി വാങ്ങിയ അഞ്ചു ലക്ഷം രൂപ പെണ്‍കുട്ടി പോലീസിനു കൈമാറി. സംഭവം വിവരിച്ച ശേഷം മൂന്ന് ലക്ഷം രൂപയുണ്ടെന്നു പറഞ്ഞതാണ് പെണ്‍കുട്ടി പണം പോലീസിനെ ഏല്‍പ്പിച്ചത്. എന്നാല്‍ എണ്ണി നോക്കിയപ്പോള്‍ 4.96 ലക്ഷം രൂപയുണ്ടെന്നു ദല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം എന്‍ തിവാരി പറഞ്ഞു.

ബാല നീതി നിയമപ്രകാരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. കുറ്റകരമായ വിരട്ടല്‍, വ്യാജ തെളിവു നല്‍കാന്‍ ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളും മാതാപിതാക്കള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്. അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന്‍ മുങ്ങിയിരിക്കുകയാണ്. ഈ കുറ്റകൃത്യത്തിന് കൂട്ടു നിന്ന മറ്റുള്ളവരെ തെരഞ്ഞ് കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

ദല്‍ഹിയിലെ അമന്‍ വിഹാറിലെ പ്രേം നഗര്‍ സ്വദേശിയാണ് പെണ്‍കുട്ടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് തട്ടിക്കൊണ്ടു പോയതായി കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരാഴ്ച കഴിഞ്ഞ തിരിച്ചെത്തിയ പെണ്‍കുട്ടി തന്നെ ഒരു പ്രാദേശിക ഭൂമിഇടപാടുകാരനും മറ്റൊരാളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതാണെന്ന് പോലീസിനോട് പറഞ്ഞിരുന്നു. നോയിഡ, ഗാസിയാബാദ് തുടങ്ങി പല സ്ഥലങ്ങളില്‍ കൊണ്ടു പോയി തന്നെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ കേസില്‍ പ്രതികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി.

തുടര്‍ന്നാണ് കേസ് ഒതുക്കാനുള്ള നീക്കങ്ങളുമായി പ്രതികള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിച്ചത്. കോടതിയില്‍ പെണ്‍കുട്ടിയെ കൊണ്ട് മൊഴിമാറ്റിപ്പറയിക്കാന്‍ 20 ലക്ഷം രൂപയാണ് പ്രതികളുമായി ബന്ധമുള്ളവര്‍ വാഗ്ദാനം ചെയ്തത്. ആദ്യ ഘഡുവായി അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തു. ഈ സംഭവം പെണ്‍കുട്ടി തരിച്ചറിയുകയായിരുന്നു- ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാതാപിതാക്കള്‍ പുറത്തു പോയ അവസരത്തിലാണ് ബെഡിനടിയില്‍ ഒളിപ്പിച്ച പണമെടുത്ത് പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടിയെ പോലീസ് ശിശു സംരക്ഷണ സമിതിയുടെ കേന്ദ്രത്തിലേക്കു മാറ്റി.
 

Latest News