കൊച്ചി-വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയാണെന്ന സംശയം ബലപ്പെടുന്നു. ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.
ശ്രീജിത്തിന്റെ രണ്ടു തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവ് കണ്ടെത്തി. ലാത്തിപോലുള്ള വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. അഞ്ചു പേജുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലായാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത അന്നു മുതല്‍ ഒമ്പതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലെ മര്‍ദ്ദനത്തിന്റെ തെളിവുകളാണ് കണ്ടെത്താനായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം.