ജറൂസലം- വ്യോമക്രമണത്തില്‍ ഇസ്ലാമിക് ജിഹാദ് സീനിയര്‍ കമാന്‍ഡറടക്കം പത്ത് പേരെ കൊലപ്പെടുത്തിയ ഇസ്രായില്‍ നടപടിയില്‍ പ്രതിഷേധിച്ച് ഗാസയില്‍നിന്ന് ഇസ്രായിലിലേക്ക് റോക്കറ്റാക്രമണം. ഫലസ്തീനികള്‍ നൂറോളം റോക്കറ്റയച്ചതിനെ തുടര്‍ന്ന് മധ്യ,ദക്ഷിണ ഇസ്രായിലില്‍ അപായ സൈറണുകള്‍ മുഴങ്ങി.
ഇസ്രായിലിലെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകള്‍ വെടിവെച്ചിടുന്ന ദൃശ്യങ്ങള്‍ ടെലിവിഷനുകള്‍ സംപ്രേഷണം ചെയ്തു. ശബ്ദം കേട്ടുവെങ്കിലും അപായ സൈറണ്‍ മുഴങ്ങിയിരുന്നില്ലെന്ന് ഇസ്രായിലിന്റെ സാമ്പത്തിക കേന്ദ്രമായ തെല്‍ അവീവില്‍നിന്നുള്ളവര്‍ പറഞ്ഞു.
ഗാസ ഭരിക്കുന്ന ഹമാസിന്റെ അതേ ചെറുത്തനില്‍പ് ആശയം പിന്തുടരുന്ന സായുധ ഗ്രൂപ്പാണ് ഇസ്ലാമിക് ജിഹാദ്. വെള്ളിയാഴ്ച രാത്രി ഗാസയില്‍നിന്ന് ഇസ്രായില്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് നൂറിലേറെ റോക്കറ്റുകള്‍ തൊടുത്തതായി ഇസ്ലാമിക് ജിഹാദ് അവകാശപ്പെട്ടു. എന്നാല്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായിലിന്റെ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.
ഇസ്രായില്‍ വ്യോമാക്രമണത്തില്‍ അഞ്ച് വയസ്സായ കുട്ടിയുള്‍പ്പെട പത്ത് പേരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക ആരോഗ്യ വകുപ്പ് അറിയിച്ചു. 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീനി നേതാവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം രൂപപ്പെട്ടതിനു പിന്നാലെയാണ് ഇസ്രായില്‍ ബോംബ് വര്‍ഷത്തിനു തുടക്കമിട്ടത്.
ആക്രമണത്തില്‍ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ തയ്‌സീര്‍ അല്‍ ജാബരിയടക്കം 15 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായില്‍ വക്താവ് അവകാശപ്പെട്ടു.