Sorry, you need to enable JavaScript to visit this website.

കൊലക്കേസ് പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ  കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ 

മംഗളുരു-ഒരു ദിവസം നാല് പേരെ കൊലപ്പെടുത്തിയ പ്രതിയെ ജയിലിൽനിന്ന് മോചിപ്പിക്കുന്നതിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ സംഭവം വിവാദത്തിലായി. ദക്ഷിണ കന്നഡ ജില്ലയിലെ പ്രവീൺ കുമാർ (60) ആണ് ബെലഗാവി ഹിൻഡലഗ ജയിൽനിന്ന് നല്ല നടപ്പ് ആനുകൂല്യത്തിൽ മോചിതനാവുന്നത്. 1994 ഫെബ്രുവരി 23 ന് അർധരാത്രി വാമഞ്ചൂരിലെ തന്റെ പിതാവിന്റെ ഇളയ സഹോദരി അപ്പി ഷെരിഗാർത്തി, അവരുടെ മക്കളായ ഗോവിന്ദ, ശകുന്തള, പേരക്കുട്ടി ദീപിക എന്നിവരെ ഇയാൾ കൊന്നതായാണ് കേസ്. പണത്തിനുവേണ്ടി നടത്തിയ കൂട്ടക്കൊലയായിരുന്നു അതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മംഗളുരു ജില്ലാ സെഷൻസ് കോടതി 2002 ൽ വിധിച്ച വധശിക്ഷ 2003 ഒക്ടോബർ 28ന് കർണാടക ഹൈക്കോടതി ശരിവെക്കുകയും ചെയ്തതാണ്. തുടർന്ന് സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചു. ഇതിനെതിരെ രാഷ്ട്രപതിക്ക് സമർപിച്ച ദയാഹർജി 10 വർഷത്തോളം പരിഗണിക്കാതെ കിടന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ മൂന്ന് പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്ത് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രവീൺ കുമാറിന് നിയമത്തിന്റെ കച്ചിത്തുരുമ്പായി. ഹരജി പരിഗണിച്ച സുപ്രീംകോടതി ഇയാളുടെ ശിക്ഷയും 2014 ജനുവരിയിൽ ജീവപര്യന്തമാക്കി. കേരള ഗവർണറായിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതായിരുന്നു വിധി. പ്രവീൺ കുമാറിനെ കൂടാതെ 14 പ്രതികൾക്ക് ആ ആനുകൂല്യം ലഭിച്ചു. കാട്ടുകള്ളൻ വീരപ്പന്റെ കൂട്ടാളികളായിരുന്ന ബിലവേന്ദ്രൻ, സൈമൺ, ജ്ഞാനപ്രകാശം, മീസെക്കര മാഡയ്യ, ബലാത്സംഗക്കൊലക്കേസ് പ്രതികളായ ശിവു, ജഡേസ്വാമി എന്നിവരാണ് കർണാടകയിൽ നിന്ന് ആ ഇളവ് ലഭിച്ച മറ്റുള്ളവർ. പണത്തിനുവേണ്ടി സ്വന്തം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ഒരാളെ ഏത് മാനദണ്ഡത്തിലാണെങ്കിലും പുറത്തുവിടുന്നത് സമൂഹത്തിന് വെല്ലുവിളിയാണെന്ന് കൊല്ലപ്പെട്ട അപ്പിയുടെ ബന്ധു സീതാറാം ഗുരുപൂർ പറഞ്ഞു. സർക്കാർ തീരുമാനത്തെ വകുപ്പുതലങ്ങളിലും നിയമപരമായും ഇടപെട്ട് തിരുത്താൻ ശ്രമിക്കും. കൊല്ലപ്പെട്ട നാലുപേരിൽ ശകുന്തളയുടെ ഭർത്താവ് വിദേശത്ത് നിന്ന് വന്ന സാഹചര്യം മനസിലാക്കിയാണ് പ്രവീൺ കൂട്ടക്കൊല നടത്തിയതെന്ന് സീതാറാം പറഞ്ഞു. ധാരാളം പണവും സ്വർണവും വീട്ടിൽ ഉണ്ടാവും എന്ന് അയാൾ കണക്കുകൂട്ടി. രാത്രി ആ വീട്ടിൽ ഉറങ്ങി അർധരാത്രി എഴുന്നേറ്റ് ഓരോരുത്തരെയായി ചുറ്റികയിൽ തലക്കടിച്ച് കൊല്ലുകയായിരുന്നു. മംഗ്ളുരു കോടതിയിൽ നിന്ന് ബെലഗാവി ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെ അയാൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഗോവയിലേക്ക് കടന്ന് അവിടെ യുവതിയെ വിവാഹം ചെയ്ത് ജീവിച്ചു. ആ ബന്ധത്തിൽ പെൺകുട്ടി ജനിച്ച വേളയിൽ അപ്പിയുടെ മരുമകൻ പ്രവീണിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ലഭിച്ച വിവരം പിന്തുടർന്ന് ഗോവയിൽ ചെന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.

Latest News