ബിഷപ്പ് ഫ്രാങ്കോ കേസിലെ കന്യാസ്ത്രീയുടെ ഫോട്ടോ; സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി

ന്യൂദല്‍ഹി- ബിഷപ്പ് ഫ്രാങ്കോ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. പരാതിക്കാരിയായ കന്യാസ്ത്രീയുടെ  ചിത്രം  വെളിപ്പെടുത്തിയതിലെ കേസ്  റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി  ശരിവെച്ചു. ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് സുപ്രീംകോടതി സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയത്. കുറവിലങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്.
സിസ്റ്റര്‍ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക്  അയച്ച ഇ മെയിലില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രങ്ങളും വിവരങ്ങളും വെളിപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാല്‍, ഇത് സ്വകാര്യസംഭാഷണമാണെന്ന് കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഇതിനെതിരായി അപ്പീല്‍ പരിഗണിച്ച ജസ്റ്റീസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിത്രം അയച്ച് നല്‍കിയത് സ്വകാര്യ സംഭാഷണമായി കാണാനാകില്ലെന്ന് നീരീക്ഷിച്ചു.
ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്നും  കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി വിശദമായ ഉത്തരവിറക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.  ഹൈക്കോടതി നടപടി നിയമത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാതെയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിത്രം അയച്ച് കൊടുക്കുന്നത് സ്വകാര്യ ആശയവിനിമയമായി എങ്ങനെ കണക്കാന്‍കഴിയുമെന്നും സംസ്ഥാനത്തിനായി ഹാജരായ സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ സി.കെ ശശി വാദിച്ചു. സംസ്ഥാനത്തിന്റെ വാദം പരിഗണിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ കേസ് വീണ്ടും തുറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

 

Latest News