Sorry, you need to enable JavaScript to visit this website.

ആരോഗ്യത്തിലെ ജനാധിപത്യം

ആരോഗ്യ വകുപ്പിനെയും പൊതുജനാരോഗ്യത്തെയും വേർതിരിച്ച് തന്നെ നാം കാണേണ്ടതുണ്ട്. പൊതുജനാരോഗ്യം, ജനങ്ങളുടെ ജനാധിപത്യ അവകാശത്തിന്റെ ഭാഗമായി മനസ്സിലാക്കപ്പെട്ടാൽ മാത്രമേ ഈ വേർതിരിവിന്റെ പ്രസക്തി അംഗീകരിക്കപ്പടുകയുള്ളൂ. ആരോഗ്യ രംഗത്തെ വിദഗ്ധർക്ക് ഈ മേഖലയിൽ നയരൂപീകരണത്തിൽ കാര്യമായ പങ്കാളിത്തം ഉണ്ടാകണം. സമ്പൂർണമായ ഒരു അഴിച്ചുപണിക്ക് നമ്മുടെ ആരോഗ്യ മേഖല ഒരുങ്ങാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു. 

 

കോവിഡ് മഹാമാരിയുടെ ആഘാതം ഇനിയും അവസാനിച്ചിട്ടില്ലാത്ത കേരളത്തിൽ ഭീതിപ്പെടുത്തുന്ന ദിനങ്ങളുമായാണ് മങ്കിപോക്‌സ് പറന്നെത്തിയത്.  ഭയപ്പെട്ട രീതിയിൽ രോഗം വ്യാപിച്ചിട്ടില്ലെന്ന വാർത്ത ആശ്വാസത്തോടെയാണ് കേരളം കേട്ടതെങ്കിലും വെല്ലുവിളികൾ അവസാനിച്ചിട്ടില്ല. അതിനിടെ വീണ്ടും പ്രളയവക്കിലായ സംസ്ഥാനത്തെ ആരോഗ്യ ഭീഷണികൾ കാത്തിരിക്കുന്നു. തുടർച്ചയായി അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികൾ നേരിടാൻ നമ്മുടെ ആരോഗ്യ രംഗം പ്രാപ്തമാണോ എന്ന ചിന്ത ഇവിടെയാണ് ഉയരുന്നത്.
ആരോഗ്യ രംഗത്ത് കേരളത്തിന്റെ നേട്ടങ്ങൾ ദേശീയ തലത്തിൽ മാത്രമല്ല, അന്തർദേശീയ രംഗത്തും പുകൾപെറ്റതാണ്. അത് കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ ഉണ്ടായതുമല്ല. കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ ഇവിടെ ആരോഗ്യ സംവിധാനങ്ങൾ മറ്റു സ്ഥലങ്ങളിലേതിനേക്കാൾ വിപുലമായിരുന്നു. നാട് ഭരിച്ചിരുന്ന രാജാക്കൻമാർ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ വലിയ ശ്രദ്ധയാണ് നൽകിയത്. പ്രത്യേകിച്ച് നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിൽ. ക്രിസ്ത്യൻ മിഷനറിമാരും ഇക്കാര്യത്തിൽ നല്ല പങ്കുവഹിച്ചു. 


ജനാധിപത്യ ഭരണം നിലവിൽ വന്ന ശേഷം അധികാരത്തിലേറിയ സർക്കാരുകളും ഈ മേഖലയിൽ തികഞ്ഞ ലക്ഷ്യബോധത്തോടു കൂടിയ നയങ്ങൾ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്തു. സമ്പന്നർക്ക് മാത്രമല്ല, സാധാരണക്കാർക്ക് കൂടി ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ നാം പ്രത്യേക ശ്രദ്ധയൂന്നി. പകർച്ചവ്യാധികൾക്കെതിരായ കരുതൽ, ശിശുമരണ നിരക്ക് കുറക്കൽ തുടങ്ങി ആരോഗ്യ മേഖലയുടെ വികസനം സംബന്ധിച്ച അടിസ്ഥാന സൂചകങ്ങൾ കേരളത്തെ സംബന്ധിച്ച് എപ്പോഴും മുകളിലായിരുന്നു. ഈ നേട്ടത്തിന്റെ തുടർച്ചയായി തന്നെയാണ് കോവിഡ് മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടം തുടർന്നതും കേരളത്തിന്റെ നേട്ടങ്ങൾ ഏറെ കൊട്ടിഘോഷിക്കപ്പെട്ടതും.


എന്നാൽ, പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ആരോഗ്യ രംഗം, വിശിഷ്യാ പൊതുജനാരോഗ്യ രംഗം സമഗ്രമായ പരിഷ്‌കരണങ്ങൾക്ക് വിധേയമാകണമെന്ന മുറവിളി ഇതിനകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ വിദഗ്ധരും സാമൂഹിക നിരീക്ഷകരും ഇത്തരം ആവശ്യങ്ങൾ നിരന്തരം ഉയർത്തുന്നുണ്ട്. വർത്തമാനകാല സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ദീർഘദൃഷ്ടിയോടെയുള്ള ആരോഗ്യ പരിരക്ഷണ പരിപാടികൾ ആസൂത്രണം ചെയ്യുകയം വേണം. ഇതിനായി വലിയ രീതിയിലുള്ള പൊളിച്ചെഴുത്ത് തന്നെ ആരോഗ്യ രംഗത്ത് വേണം.


ആശുപത്രികളുടെ ഭരണ നിർവണ പരിപാടികൾ, ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും നിയമനവും സ്ഥലംമാറ്റവും തുടങ്ങിയ കാര്യങ്ങളിലേക്ക് നമ്മുടെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെട്ട ഒരു കാലം നമുക്കുണ്ടായി. ഇത് ഈ മേഖലയിലെ പുതിയ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുന്നതിനും ആരോഗ്യ ഗവേഷണ രംഗം പൂർണമായും അവഗണിക്കപ്പെടുന്നതിനും ഇടയാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരി നമുക്ക് ഒരു ഉണർത്തു പാട്ടായിരുന്നു. ആരോഗ്യ മേഖലയുടെ പരിമിതികൾ മനസ്സിലാക്കാനും സാധ്യതകൾ വിപുലപ്പെടുത്താനുമുള്ള ഒരു അവസരമാണ് ഇതിലൂടെ നമുക്കുണ്ടായത്. 
കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യ പരിരക്ഷണം പൗരന്മാർക്ക് എങ്ങനെ ഉറപ്പാക്കാമെന്നതായിരിക്കണം ആരോഗ്യ വകുപ്പിന്റെ പ്രധാന ഊന്നൽ. നാം രൂപീകരിക്കേണ്ട നയങ്ങൾ ഈ അടിസ്ഥാന ലക്ഷ്യം മുൻനിർത്തിയാകണം. 2020 ഡിസംബറിലെ സുപ്രീം കോടതി വിധി ഇക്കാര്യത്തിൽ നമുക്ക് മാർഗരേഖയാകേണ്ടതാണ്. കോവിഡ് പശ്ചാത്തലത്തിൽ ചികിത്സാലഭ്യതയിലെ കുറവും ചികിത്സാച്ചെലവിലെ വലിയ വർധനയും ചൂണ്ടിക്കാട്ടിയുള്ള ഒരു ഹരജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രധാനമായ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ആരോഗ്യം എന്നാൽ രോഗനിവാരണം, ചികിത്സ എന്നിവയും ഉൾപ്പെടുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രികളിലായാലും ചികിത്സാചെലവ് അമിതമായിക്കൂടാ എന്ന് കോടതി ഉത്തരവിട്ടു. ആരോഗ്യം മൗലികാവകാശമാണ് എന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഈ കോടതി വിധി. ഇതോടെ പൗരന്റെ ആരോഗ്യ പരിരക്ഷ എന്നത് സ്റ്റേറ്റിന്റെ കർത്തവ്യമായി മാറുകയാണ്. 


ഈ വിധിയുടെ വെളിച്ചത്തിലാണ് കോവിഡ് കാലത്ത് പരിശോധനകൾക്കും ചികിത്സകൾക്കുമൊക്കെയുള്ള ചെലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടന്നത്. എന്നാൽ സ്വകാര്യ മേഖല ആരോഗ്യ രംഗം കൈയടക്കിയ ഒരു കാലത്ത്, ചികിത്സാചെലവിന് കടിഞ്ഞാണിടുകയെന്നത് വേഗം സാധ്യമാകുന്ന ലക്ഷ്യമല്ല. ഒരു മാസത്തെ കോവിഡ് ചികിത്സക്ക് രണ്ട് കോടിയോളം രൂപ ചെലവിടേണ്ടിവന്നുവെന്ന വാർത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. കേരളത്തിൽ നിരവധി പേർക്ക് ഇപ്രകാരം ലക്ഷക്കണക്കിന് രൂപ കോവിഡ് ചികിത്സക്കായി ചെലവിടേണ്ടിവന്നിട്ടുണ്ട്. 


ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്ന ഭരണഘടന അവകാശത്തിന്റെ ഭാഗമായാണ് കോടതി ആരോഗ്യത്തെയും കണ്ടത്. അതുകൊണ്ടാണ് ചികിത്സാചെലവുകൾ കുറക്കുന്നത് സംബന്ധിച്ച നിർദേശം ഉണ്ടായത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരുകൾക്ക് വലിയ പരിമിതിയുണ്ട്. ആഗോള തലത്തിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇന്ന് വ്യാപകമാണെങ്കിലും നമ്മുടെ രാജ്യത്ത് ഇനിയും അത് കൂടുതൽ ശക്തി പ്രാപിക്കാനിരിക്കുന്നേയുള്ളൂ. ഇൻഷുറൻസ് മാത്രം ഇതിനൊരു പരിഹാരമല്ലതാനും. ലോകത്ത് ഏറ്റവും വലിയ വ്യാപാര സാധ്യതകളുളള രണ്ട് മേഖലകളാണ് ആരോഗ്യവും ഇൻഷുറൻസും. ഇവർ തമ്മിലുള്ള അവിഹിത ബന്ധം പലപ്പോഴും വലിയ ഇൻഷുറൻസ് തുക മുടക്കിയാലും കുറഞ്ഞ ചെലവിൽ ചികിത്സ കിട്ടാത്ത സാഹചര്യം ഉണ്ടാക്കുന്നുണ്ട്. സർക്കാരിന്റെ പൂർണമായ ഇടപെടൽ മാത്രമാണ് ഇക്കാര്യത്തിൽ കരണീയം.
ആരോഗ്യ രംഗത്തെ സർക്കാർ സാന്നിധ്യം കൂടുതൽ വിപുലമാക്കുക എന്നതാണ് ഇക്കാര്യത്തിൽ പ്രധാനമായി ചെയ്യാനുള്ളത്. സർക്കാർ മേഖലയിൽ മികച്ച ആശുപത്രികളും ചികിത്സ സൗകര്യങ്ങളുമൊരുക്കി, സ്വകാര്യ മേഖലയുടെ അപ്രമാദിത്തം അവസാനിപ്പിക്കുക എന്നതാണ് പ്രധാനം. സ്വകാര്യ മേഖലയുടെ പങ്കാളിത്തം വേണ്ട എന്നല്ല, ഗുണപരമായ ബദൽ സൃഷ്ടിച്ച് മത്സരാധിഷ്ഠിതമാക്കുക എന്ന നയം സ്വീകരിക്കുകയാണ് വേണ്ടത്. ഇതിലൂടെ മെച്ചപ്പെട്ട പൊതുമേഖലയും താങ്ങാവുന്ന സ്വകാര്യ മേഖലയും നമുക്ക് ലഭ്യമാകും.


ആരോഗ്യ ഗവേഷണ രംഗമാണ് നാം വലിയ തോതിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു വിഷയം. നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയുടെ ആധുനികവത്കരണം വളരെ പ്രധാനമാണ്. വൈദ്യ ചികിത്സാരംഗത്ത് ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സാന്നിധ്യം വളരെ വലുതാണ്. റോബോട്ടിക്‌സും നിർമിത ബുദ്ധിയുമെല്ലാം സാന്നിധ്യമറിയിച്ച മേഖലയിൽ നമ്മുടെ മെഡിക്കൽ വിദ്യാർഥികൾക്ക് എത്രത്തോളം മികച്ച പരിശീലനം ലഭിക്കുന്നുവെന്ന് വിലയിരുത്തപ്പെടണം. പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കാൻ കഴിയുമാറ് മെഡിക്കൽ കോളേജുകൾ ആധുനികവത്കരിക്കപ്പെടണം. പുതിയ വെല്ലുവിളികൾ മുൻകൂട്ടി കാണാനും അവയെ നേരിടാനുമുള്ള ഗവേഷണ പ്രവർത്തനങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തുണ്ടാകണം. നമ്മുടെ സർവകലാശാലകളിൽനിന്ന് പിഎച്ച്.ഡി നേടുന്നവരിൽ മെഡിക്കൽ രംഗത്തുനിന്നുള്ള എത്ര പേരുണ്ട് എന്ന കണക്കെടുത്താൽ തന്നെ ഈ രംഗത്തെ ദയനീയാവസ്ഥ ബോധ്യപ്പെടും.
ആരോഗ്യ വകുപ്പിനെയും പൊതുജനാരോഗ്യത്തെയും വേർതിരിച്ച് തന്നെ നാം കാണേണ്ടതുണ്ട്. പൊതുജനാരോഗ്യം, ജനങ്ങളുടെ ജനാധിപത്യ അവകാശത്തിന്റെ ഭാഗമായി മനസ്സിലാക്കപ്പെട്ടാൽ മാത്രമേ ഈ വേർതിരിവിന്റെ പ്രസക്തി അംഗീകരിക്കപ്പടുകയുള്ളൂ. ആരോഗ്യ രംഗത്തെ വിദഗ്ധർക്ക് ഈ മേഖലയിൽ നയരൂപീകരണത്തിൽ കാര്യമായ പങ്കാളിത്തം ഉണ്ടാകണം. സമ്പൂർണമായ ഒരു അഴിച്ചുപണിക്ക് നമ്മുടെ ആരോഗ്യ മേഖല ഒരുങ്ങാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. 

Latest News