Sorry, you need to enable JavaScript to visit this website.
Thursday , August   11, 2022
Thursday , August   11, 2022

ലിംഗ സമത്വത്തിന്റെ പ്രശ്‌നങ്ങൾ


ബാല്യം മുതലേ അസ്വാതന്ത്ര്യമുള്ള വേഷങ്ങളാണ് നാം പെൺകുട്ടികൾക്ക് നൽകുന്നത്. ഒപ്പം ഒരു പോക്കറ്റ് പോലുമില്ലാത്ത സാരി പോലുള്ള വേഷങ്ങൾ സാമ്പത്തികം സ്ത്രീകൾ കൈകാര്യം ചെയ്യേണ്ടതില്ല എന്നതിന്റെ പ്രഖ്യാപനം കൂടിയാണ്. എല്ലാ വേഷവും ഉപയോഗിക്കുന്ന ഒരു സ്ത്രീയും സാരിയാണ് സൗകര്യമെന്നു പറയുമെന്നു തോന്നുന്നില്ല.  അവിടെയാണ് പാന്റ്‌സിന്റെയും ഷർട്ടിന്റെയും പ്രസക്തി. അതിനെ ആണിന്റെ വേഷം പെണ്ണിൽ അടിച്ചേൽപിക്കുന്നു എന്നു വിമർശിക്കുന്നത് അർത്ഥരഹിതമാണ്. അതിനാൽ തന്നെ മുഖ്യമന്ത്രി സാരിയുടുക്കണമെന്ന മുനീറിന്റെ വാദം അർത്ഥരഹിതമാണ്. 

 

ജെൻഡർ ന്യൂട്രൽ യൂനിഫോമിലും മതനിരാസത്തിലും മാർക്‌സിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടും ലീഗ് നേതാവ് എം.കെ. മുനീർ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ ഉന്നയിച്ച വിമർശനങ്ങളാണല്ലോ കനത്ത മഴക്കിടയിലും രാഷ്ട്രീയ ഇടിവെട്ടുകൾക്ക് കാരണമായിരിക്കുന്നത്. ലീഗിനകത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് മുനീർ ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള  വിഭാഗം ലീഗിനെ എൽ.ഡി.എഫിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഊർജിതമാക്കിയതായുള്ള അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. അതിനെ ചെറുക്കാനായി ഒരു മുഴം മുമ്പേ എറിയുകയാണ് മുനീർ ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതു തിരിച്ചറിഞ്ഞാണ് ഇത്രയും ശക്തമായ ഭാഷയിൽ മുനീർ വിമർശിച്ചിട്ടും ഉത്തരവാദപ്പെട്ട സി.പി.എം നേതാക്കൾ കാര്യമായി തിരിച്ചടിക്കാത്തത് എന്നും കാണാം. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാകട്ടെ വിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപിക്കില്ല എന്നും വിവാദങ്ങൾക്കു പിറകിൽ തീവ്ര പുരോഗമന വാദികളാണെന്നും പറയുന്നു. സി.പി.ഐയെ യു.ഡി.എഫിലേക്കു കൊണ്ടുവരാൻ ശ്രമിക്കുമെന്ന കോൺഗ്രസ് നിലപാടും ഇതുമായി ബന്ധപ്പെട്ട് വായിക്കാവുന്നതാണ്. 

ജെൻഡർ ന്യൂട്രൽ യൂനിഫോമിനെ കുറിച്ചു പറയുമ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രിക്കു സാരിയും ബ്ലൗസും ധരിച്ചുകൂടാ എന്ന മുനീറിന്റെ ചോദ്യം അദ്ദേഹത്തെ അധിക്ഷേപിക്കലാണെന്ന ദേശാഭിമാനിയുടെ വ്യാഖ്യാനത്തിൽ കാര്യമൊന്നുമില്ല, പുരുഷന്റെ വേഷം സ്ത്രീക്കു ധരിക്കാമെങ്കിൽ തിരിച്ചുമാവാം എന്നതിൽ തെറ്റുമില്ല. വിഷയം മറ്റൊന്നാണ്.  യൂനിഫോം എന്ന സങ്കൽപം തന്നെ വൈജാത്യങ്ങളെയും ബഹുസ്വരതകളെയും ഇല്ലാതാക്കുന്നതാണ്. പട്ടാളം, പോലീസ്, പാർട്ടികളുടെ വളണ്ടിയർമാർ തുടങ്ങി പലയിടത്തും അത് ഫാസിസത്തിന്റെ മുഖമുദ്രയുമാണ്. ആ അർത്ഥത്തിൽ യൂനിഫോമുകൾ ഇല്ലാതാകുക തന്നെയാണ് വേണ്ടത്. എന്റെ വേഷം എന്റെ തീരുമാനം എന്നതു തന്നെയാണ് ശരി. പല വികസിത രാഷ്ട്രങ്ങളിലും യൂനിഫോം ഡ്രസ് കോഡുകൾ മനുഷ്യരുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്. അതിനെതിരായ സമരങ്ങളും അവിടങ്ങളിൽ നടക്കുന്നു.
അതേസമയം സ്‌കൂൾ യൂനിഫോം എന്നത്  നിലവിലെ സാമ്പത്തിക വ്യത്യാസങ്ങൾ മൂലം കുട്ടികൾ തമ്മിൽ വലിയ അന്തരം തോന്നാതിരിക്കാനുള്ള സദുദ്ദേശ്യ പ്രവൃത്തിയായാണ് അവതരിപ്പിക്കപ്പെട്ടത്. അന്തരം ഇല്ലാതാക്കുകയല്ല, അങ്ങനെ തോന്നിപ്പിക്കുക മാത്രമാണത് ചെയ്യുന്നത്. അപ്പോഴും കുട്ടികളുടെ വിഷയമായതിനാൽ അത് വ്യാപകമായി സ്വീകരിക്കപ്പെടുകയായിരുന്നു. അപ്പോഴും ലിംഗപരവും ഒരു പരിധിവരെ മതപരവുമായ വൈജാത്യങ്ങൾ അംഗീകരിക്കപ്പെട്ടിരുന്നു. ആ അർത്ഥത്തിൽ അത് പൂർണമായും യൂനിഫോം അല്ല എന്നതാണ് വസ്തുത. യൂനിഫോം ആകാം, എന്നാൽ ഏതു വസ്ത്രം ധരിക്കണമെന്നു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം, അതടിച്ചേൽപിക്കരുത് എന്ന വാദഗതികൾ അർത്ഥശൂന്യമാണ്. യൂനിഫോമിനകത്ത് എന്തു സ്വാതന്ത്ര്യം? അത് അടിച്ചേൽപിക്കൽ തന്നെയാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. പക്ഷേ മുകളിൽ പറഞ്ഞ ലക്ഷ്യത്തിന്റെ പേരിൽ അത് ന്യായീകരിക്കപ്പെടുന്നു എന്നു മാത്രം. ഉൽസവം, ആഘോഷം തുടങ്ങി ഒരിടത്തും പൊതുവിൽ യൂനിഫോം കാണാറില്ലല്ലോ. ജന്മദിനമുള്ള കുട്ടികളെയും പല സ്‌കൂളുകളും ആ ദിവസം യൂനിഫോമിൽ നിന്ന് ഒഴിവാക്കാറുണ്ട്. സമത്വം യഥാർത്ഥത്തിൽ ഇല്ലാതിരിക്കുകയും എന്നാൽ നാട്യങ്ങളിൽ അതവതരിപ്പിക്കുകയും ചെയ്തുകൊണ്ടു ഭരണകൂട രാഷ്ട്രീയ അധികാരത്തെ ചോദ്യം ചെയ്യാതെ മെരുക്കിയെടുക്കാനുള്ള മിലിട്ടറൈസേഷൻ ഫാസിസ്റ്റ് രാഷ്ട്രീയം കൂടിയാണ് യൂനിഫോം എന്ന വിമർശനം ശരിയായിരിക്കുമ്പോഴും അതിന്റെ സമകാലീന പ്രസക്തി മേൽ പറഞ്ഞതാണ്.

അപ്പോൾ ഉയർന്നു വരുന്ന ചോദ്യം യൂനിഫോം ഡ്രസ് കോഡിനെ നിങ്ങൾ അംഗീകരിക്കുന്നുവോ എന്നതാണ്. ഉണ്ട്, പക്ഷേ എന്ന ഉത്തരത്തിന് പ്രസക്തിയില്ല. കുട്ടികളിൽ തുല്യതാബോധം സൃഷ്ടിക്കാൻ സഹായിക്കുമെങ്കിൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിംഗപരമായ അസമത്വം ഇല്ല എന്ന തോന്നൽ ബാല്യം മുതലേ വളർത്തിയെടുക്കുക എന്നത്. അവിടെയാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം പ്രസക്തമാകുന്നത്. പിന്നെയുള്ളത് ഏതു വേഷമാണ് തെരഞ്ഞെടുക്കേണ്ടത് എന്നതാണ്. സൗകര്യപ്രദവും ചലന സ്വാതന്ത്ര്യം പരമാവധിയുള്ളതും ഏതു നേരവും വസ്ത്രത്തെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമില്ലാത്തതുമായ യൂനിഫോമാണ് ഉചിതമാകുക. പൊതുവിൽ നിലനിൽക്കുന്ന സ്ത്രീകളുടെ വസ്ത്രധാരണ രീതികൾ അവരുടെ ചലന സ്വാതന്ത്ര്യത്തിനു വളരെ തടസ്സം സൃഷ്ടിക്കുന്നതാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. അത് സൃഷ്ടിച്ചത് പുരുഷാധിപത്യ സമൂഹമാണുതാനും. ബാല്യം മുതലേ അസ്വാതന്ത്ര്യമുള്ള വേഷങ്ങളാണ് നാം പെൺകുട്ടികൾക്ക് നൽകുന്നത്. ഒപ്പം ഒരു പോക്കറ്റ് പോലുമില്ലാത്ത സാരിയ പോലുള്ള വേഷങ്ങൾ സാമ്പത്തികം സ്ത്രീകൾ കൈകാര്യം ചെയ്യേണ്ടതില്ല എന്നതിന്റെ പ്രഖ്യാപനം കൂടിയാണ്. എല്ലാ വേഷവും ഉപയോഗിക്കുന്ന ഒരു സ്ത്രീയും സാരിയാണ് സൗകര്യമെന്നു പറയുമെന്നു തോന്നുന്നില്ല.  അവിടെയാണ് പാന്റ്‌സിന്റെയും ഷർട്ടിന്റെയും പ്രസക്തി. അതിനെ ആണിന്റെ വേഷം പെണ്ണിൽ അടിച്ചേൽപിക്കുന്നു എന്നു വിമർശിക്കുന്നത് അർത്ഥരഹിതമാണ്. അതിനാൽ തന്നെ മുഖ്യമന്ത്രി സാരിയുടുക്കണമെന്ന മുനീറിന്റെ വാദം അർത്ഥരഹിതമാണ്. 

ജെൻഡർ ന്യൂട്രൽ യൂനിഫോം കൊണ്ട് ലിംഗനീതി നേടുമോ പോലുള്ള ചോദ്യങ്ങളും കേവല തർക്കങ്ങളാണ്. അത് ആ ദിശയിലുള്ള ഒരു പടി മാത്രമാണ്. വിദ്യാഭ്യാസ മേഖലയിൽ തന്നെ വേറെയും എത്രയോ മാറ്റങ്ങൾ അനിവാര്യമാണ്. ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം തുടങ്ങിയ ആശയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നതു തന്നെയാണ് ഏറ്റവും പ്രധാനം. സ്ത്രീകളെക്കുറിച്ച് പൊതുസമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളും സമീപനങ്ങളും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കം ഒഴിവാക്കണം. അധ്യാപകർക്കു ജെൻഡർ സെൻസിറ്റിവിറ്റി ട്രെയിനിംഗ് നൽകണം.  ലിംഗരാഷ്ട്രീയം ഒരു പ്രധാന പ്രമേയമാകുന്ന തരത്തിൽ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, സ്വഭാവം, ഘടന എന്നിവ പരിഷ്‌കരിക്കപ്പെടണം. സ്ത്രീയുടെ സദാചാരം, മാതൃത്വം, ത്യാഗം എന്നിവ മാത്രം ഉയർത്തിപ്പിടിക്കുന്നതും കാൽപനികവൽക്കരിക്കുന്നതുമായ രചനകൾ, അവരുടെ അധ്വാനം, സമയം, സമ്പത്ത് മുതലായവ ചൂഷണം ചെയ്യുന്ന തരത്തിലുള്ള പുരാണ സ്ത്രീമാതൃകകൾ എന്നിവ ഉൾക്കൊള്ളുന്ന പാഠഭാഗങ്ങൾക്കപ്പുറം കായികമായും മാനസികമായും കരുത്തുള്ള, പ്രതിരോധിക്കുന്ന, പല മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീ മാതൃകകളാണ് കുട്ടികൾ പരിചയപ്പെടേണ്ടത്. അതിനു വേണ്ടി വളരെക്കാലമായി നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയ/സാമൂഹിക/സാഹിത്യ ചരിത്രങ്ങളിൽ നിന്നൊക്കെ തമസ്‌കരിക്കപ്പെടുകയും അദൃശ്യരാക്കപ്പെടുകയും ചെയ്ത സ്ത്രീകളെ കണ്ടെടുക്കുകയും സാഹിത്യ/ചരിത്ര പാഠങ്ങളിൽ അവരെ ഉൾപ്പെടുത്തുകയും വേണം. മാത്രമല്ല സുരക്ഷയോ പരിരക്ഷയോ ആവശ്യമുള്ള പ്രത്യേക വിഭാഗം എന്നതിലപ്പുറം തുല്യനീതി സങ്കൽപം രൂപപ്പെടേണ്ടത് തുല്യ വ്യക്തികൾ എന്ന ആശയത്തിൽ നിന്നാണ്. അതുകൊണ്ടു തന്നെ പാഠഭാഗങ്ങളുടെ ഉള്ളടക്കം ജാതി/മത/വംശ/ലിംഗപരമായ എല്ലാ വിവേചനങ്ങൾക്കുമുപരിയായി തുല്യതയോടെ കുട്ടികളെ അഡ്രസ് ചെയ്യണം. 

 

Latest News