Sorry, you need to enable JavaScript to visit this website.

ലാത്തിയും കാക്കിയുമില്ലാതെ വനിതാ പോലീസുകാരുടെ കശ്മീർ യാത്ര

ഔദ്യോഗിക തിരക്കുകളിൽ നിന്ന് മാറി നിന്ന് വർഷങ്ങൾക്ക് ശേഷം യൂനിഫോമില്ലാതെ കശ്മീരിന്റെ താഴ്‌വരയിൽ അവരൊന്നിച്ചു. 2003 ലെ തൃശൂർ അക്കാദമിയിലെ വനിത പോലീസ്  പരിശീലന ബാച്ചിലെ 25 പേർ. അവർ 19 വർഷത്തിന് ശേഷം വീണ്ടും ഒത്തുകൂടിയത്, വെറുതെയല്ല. യൂനിഫോമിടാതെ സ്വതന്ത്രരായി അൽപം ദിവസം കറങ്ങി നടക്കാൻ. 
ജോലിത്തിരക്കും കുടുംബ ജീവിതവുമായിരുന്നു. അതിൽ നിന്ന് താൽക്കാലികമായി വിട പറഞ്ഞ് അവർ നെടുമ്പാശ്ശേരിയിൽ നിന്നും കശ്മീരിലേക്കാണ് യാത്ര തിരിച്ചത്. പല ജില്ലകളിൽ നിന്നുള്ള 25 വനിതകൾ. യുവത്വം വീണ്ടെടുക്കാൻ. വീണ്ടും പഴയ പോലെ പാറിപ്പറന്നു നടക്കാൻ. 19 വർഷം മുൻപത്തെ സൗഹൃദം. 
അതിന്റെ മാധുര്യം ഒട്ടും കുറയാതെ, വീര്യം പോവാതെ കാത്തു സൂക്ഷിക്കാൻ കഴിഞ്ഞത് പോലീസ് വകുപ്പിന്റെ പ്രത്യേകത തന്നെയെന്ന് ഇവർ പറയുന്നു. പരിശീലനം കഴിഞ്ഞ് പല ജില്ലകളിലായി ജോലി നോക്കിയിട്ടും പല സാഹചര്യങ്ങൾ ആയിട്ടും സൗഹൃദം അണയാതെ കാത്തു സൂക്ഷിച്ചിട്ടുണ്ടെങ്കിൽ 10 ദിവസം കശ്മീർ താഴ്വാരങ്ങളിൽ പാറി നടന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്ര തുടങ്ങുന്നതോടെ ഭൂമിയിലെ സ്വർഗമായ കശ്മീരിന്റെ സൗന്ദര്യം മധുരിച്ചു തുടങ്ങും. താവിനദിക്കരയിലൂടെ മലകൾ കയറിയിറങ്ങി, മലകളിലൂടെ തുരങ്കങ്ങൾ നൂണ്ടു കടന്നുമുള്ള യാത്രകൾ, കാഴ്ചകളുടെ പെരുമഴക്കാലം തീരുന്നില്ല. 
റോഡിന്റെ ഇരുവശങ്ങളിലുമായി പച്ചപ്പരവതാനി വിരിച്ച പുൽമേടുകൾ, ഇതൾ വിടർത്തി നിൽക്കുന്ന കുസുമവല്ലരികൾ, വൃക്ഷങ്ങളായ ദേവതാരുവും പ്ലോപ്പറും ചീനാറും തല ഉയർത്തി നിൽക്കുന്നു. ഇടക്കിടെ നെല്ലും ഗോതമ്പും കുങ്കുമവും കടുകും വിളഞ്ഞു നിൽക്കുന്ന വയലുകൾ. 
മഞ്ഞണിഞ്ഞ മലനിരകളും ദൃശ്യവിരുന്നൊരുക്കിയുള്ള യാത്ര. സമയ പരിധി ഇല്ലാത്ത പോലീസ് ചുമതലകൾ, കുടുംബ ജീവിതവും ഔദ്യോഗിക ജീവിതവും ഒരുമിച്ചു കൊണ്ടു പോകേണ്ടി വരുന്ന വനിതകൾ. മാനസിക സംഘർഷം കുറയ്ക്കാൻ വല്ലപ്പോഴും  ഇങ്ങനെ ഒരു യാത്ര വേണമെന്ന് ഇവർ പറയുന്നു.
എല്ലാ ടെൻഷനും മാറ്റിവെച്ചു പറക്കാൻ തീരുമാനിച്ചപ്പോൾ അതിൽ കുറച്ചു വ്യത്യസ്തത വേണമെന്ന് ആദ്യമേ ചിന്തിച്ചു. 25 പേരും ഒരേ മനസ്സുള്ളവർ. പിന്നെ ട്രെയിനിംഗിലൂടെയും പോലീസ് ജീവിതത്തിലൂടെയും കിട്ടിയ ആത്മധൈര്യവും കൂട്ടിനുള്ളതുകൊണ്ടാണ് കശ്മീർ തന്നെ തെരഞ്ഞെടുത്തത്. പിന്തിരിപ്പിച്ചവർ ഒരുപാടുണ്ട്. 10 ദിവസം ഫാമിലി ഇല്ലാതെ നിങ്ങൾ ഒറ്റക്ക്, അതും കശ്മീർ പോലൊരു നാട്ടിലേക്കോ എന്ന് പറഞ്ഞ് മൂക്കത്തു വിരൽ വെച്ച സഹപ്രവർത്തകരുണ്ട്. ബഹിരകാശത്തു വരെ നുമ്മടെ പെൺകുട്ടികൾ പോയി. പിന്നെയാണോ കശ്മീർ എന്ന് മറുപടി പറഞ്ഞ് ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു.
ആദ്യമായി വിമാനത്തിൽ കയറിയവർ. നെടുമ്പാശ്ശേരിയിൽ നിന്നും വിമാനം കയറിയപ്പോൾ തന്നെ ഇവരുടെ യാത്ര സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാരണം 25 വനിത പോലീസ്. പല ജില്ലകളിൽ നിന്നുള്ളവർ. എല്ലാവർക്കും പത്ത് ദിവസം അവധി മേലധികാരികൾ അനുവദിച്ചുക്കുകയോ. ഇതൊക്കെയായിരുന്നു ചർച്ചയിലെ വിഷയം. ഓരോ ജില്ലയിലെയും എസ്.പിമാർ  ഞങ്ങളുടെ സ്വപ്‌നങ്ങൾക്കു കൂട്ടു നിന്നു എന്നതാണ് സത്യമെന്ന് യാത്രികർ പറയുന്നു.
മറക്കാൻ പറ്റാത്തത് സഹസികമായ കുതിരപ്പുറത്തുള്ള ട്രക്കിങ് ആയിരുന്നു. രണ്ടുപേർ യാത്ര തുടങ്ങിയപ്പോൾ കുതിരപ്പുറത്തു നിന്നു വീണെങ്കിലും കാര്യമായ പരിക്ക് പറ്റാതിരുന്നത് വീണ്ടും ആവേശമായി. 
മല മുകളിൽ കയറുമ്പോൾ കുതിരയുടെ കാലൊന്നു തെറ്റിയാൽ താഴെ വീഴും. അങ്ങ് താഴ്വാരങ്ങളിൽ പതിക്കും. മഴ പെയ്തു സ്ലിപ് ആയിക്കിടന്ന ആ വഴികളിലൂടെ ഉള്ള യാത്ര ഇപ്പോഴും ഉറക്കത്തിൽ ചിലപ്പോഴൊക്കെ ഞെട്ടിക്കാറുണ്ട്. കശ്മീരിലെ വനിത പോലീസിനെ പരിചയപ്പെട്ടതും സന്തോഷമായി. 
വിദ്യാഭ്യാസത്തിനും ജോലിക്കും പെൺകുട്ടികളെയും മാറ്റി നിർത്തുന്നില്ല എന്നത് തന്നെയാണ്  സന്തോഷത്തിനു കാരണമായത്. കൈക്ക് പരിമിതിയുള്ള ഒരംഗവും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. യാത്ര സമയത്തു അവളെയും  യാത്രയിൽ നിന്നു ഒഴിവാക്കിയില്ല. പത്ത് ദിവസവും കേസ്. മറ്റു നിയമ കാര്യങ്ങൾ. എല്ലാം മറന്നുള്ള ഒരു യാത്ര.
പോലീസുകാരികൾക്ക് പറയാനുള്ളത്:  ജീവിതത്തിലെ പരക്കം പാച്ചിലിനിടയ്ക്ക് ഇതുപോലുള്ള യാത്രകൾ ഇടയ്ക്ക് ചെയ്യുക. പറ്റുമെങ്കിൽ കൂട്ടുകാരുമായി തന്നെ പോവുക. കശ്മീരിനെ മറക്കാനാവില്ല.
ഏതൊരു ജീവിതത്തിലും ഒരു കശ്മീർ യാത്ര സഞ്ചാരിയുടെ മനസ്സിലുണ്ടാവണം.

Latest News