വേണമെങ്കില്‍ ഹൈക്കോടതിയില്‍ പോകാം, ഹിന്ദു സേനയുടെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി- ആഭ്യന്തര വിമാനങ്ങളില്‍ സിഖ് യാത്രക്കാരെ കൃപാണ്‍ കൊണ്ടുപോകാന്‍ അനുവദിച്ച സിവില്‍ ഏവിയേഷന്‍ ബ്യൂറോക്കെതിരെ ഹിന്ദു സേന സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി തള്ളി. പരാതിയുമായി ഹൈക്കോടതിയിലേക്ക് പോകൂ എന്നു പറഞ്ഞാണ് ജസ്റ്റിസുമാരായ എസ്.അബ്ദുല്‍ നസീര്‍, ജെ.കെ. മഹേശ്വരി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അവിടേക്ക് പോകൂയെന്നും ജഡ്ജിമര്‍ പറഞ്ഞു.
സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ സിഖുകാരായ യാത്രക്കാര്‍ക്ക് നല്‍കിയ ഇളവ് ചോദ്യം ചെയ്താണ് ഹിന്ദു സേന സുപ്രീം കോടതിയെ സമീപിച്ചത്. ബ്ലേഡുകളുടെ നീളം ആറ് ഇഞ്ചില്‍ കൂടാത്ത കൃപാണങ്ങള്‍ സിഖുകാര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ കൊണ്ടുപോകാമെന്നാണ് കഴിഞ്ഞ മാര്‍ച്ച് നാലിന് സിവില്‍ ഏവിയേഷന്‍ ബ്യൂറോ വ്യക്തമായിരുന്നത്. മറ്റു യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുക്കാതെയാണ് സിഖുകാരായ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇളവ് നല്‍കിയിരിക്കുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. കൃപാണുമായി എത്തുന്ന യാത്രക്കാരന്‍ യഥാര്‍ഥത്തിലുള്ള സിഖുകാരന്‍ ആയിരിക്കണമെന്നില്ലെന്നും ആള്‍മാറാട്ടത്തിനു സാധ്യതയുണ്ടെന്നും ഹരജിയില്‍ പറഞ്ഞു. സിഖ് സമുദായക്കാര്‍ക്ക് നല്‍കിയിരിക്കുന്ന പ്രത്യേക സ്വാതന്ത്ര്യം മതത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് ആര്‍ട്ടിക്കള്‍ 14, 15 എന്നിവയുടെ ലംഘനമാണെന്നും ഹരജിക്കാര്‍ അവകാശപ്പെട്ടു. സഹയാത്രക്കാര്‍ക്ക് ഭീഷണിയായി മാറുന്ന യാതൊന്നും കൊണ്ടുപോകന്‍ സിഖ് യാത്രക്കാരേയും അനുവദിക്കരുതെന്ന് ഹിന്ദു സേന ആവശ്യപ്പെട്ടു.

 

Latest News