ന്യൂയോര്‍ക്ക്- ശ്രീലങ്കയില്‍ പ്രതിഷേധസമരം നടത്തുന്നവരെ സര്‍ക്കാര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്. എമര്‍ജന്‍സി നിയമങ്ങള്‍ ദുരുപയോഗം ചെയ്തു സര്‍ക്കാര്‍ വിരുദ്ധ സമരം നയിക്കുന്നവരെ ലങ്ക ചൂഷണവും പീഡിപ്പിക്കുകയും അറസ്റ്റ് നടത്തുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ചാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയില്‍ രാഷ്ട്രീയ മാറ്റം ആവശ്യപ്പെടുന്ന സമരക്കാരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അക്രമത്തിലൂടെ നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അധികാരമേറ്റതു മുതല്‍ പ്രതിഷേധസമരക്കാര്‍, ആക്ടിവിസ്റ്റുകള്‍, അഭിഭാഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ശ്രീലങ്കന്‍ സൈന്യം നിരന്തരം ഭീഷണിപ്പെടുത്തുകയും നിരീക്ഷിക്കുകയും ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും ചെയ്യുകയാണ്. ഇതിലൂടെ പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നതെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പ്രസ്താവനയില്‍ പറഞ്ഞു.
ജൂലൈ 18നായിരുന്നു ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്നത്തെ പ്രധാനമന്ത്രിയും ആക്ടിങ് പ്രസിഡന്റുമായിരുന്ന റനില്‍ വിക്രമസിംഗെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ജൂലൈ 20ന് നടന്ന തെരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പിറ്റേദിവസം മുതല്‍ തന്നെ സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.
കൊളംബോയിലെ സര്‍ക്കാര്‍ വിരുദ്ധ സമരകേന്ദ്രങ്ങളിലാണ് സൈന്യം സമരക്കാരെ അടിച്ചമര്‍ത്തി സൈനിക നടപടികളിലൂടെ അക്രമം അഴിച്ചുവിട്ടത്. പ്രക്ഷോഭകരുടെ സമരകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ സൈന്യം സമരക്കാരെ ക്രൂരമായി ഉപദ്രവിച്ചെന്നും സമരക്കാരുടെ ടെന്റുകള്‍ അടിച്ചു തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊളംബോയിലെ പ്രധാന സമരകേന്ദ്രത്തിലാണ് സൈന്യവും പോലീസും സംയുക്തമായി റെയ്ഡ് നടത്തിയത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ഫ്രണ്ട്ലൈന് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസ് ശ്രീലങ്കന്‍ പൊലീസ് റെയ്ഡ് ചെയ്തിരുന്നു.