Sorry, you need to enable JavaScript to visit this website.

വ്യാജ പൈലറ്റിന്റെ മോഹ വലയത്തിൽ കുടുങ്ങി  മുന്നൂറിലേറെ യുവതികൾക്ക് പണം നഷ്ടമായി  

ന്യൂദൽഹി- ബോയിംഗ് ബോയിംഗ് സിനിമയുടെ വലിയ പതിപ്പ് ഗുരുഗ്രാമിൽ.  ആൾമാറാട്ടം നടത്തി 300ലധികം യുവതികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഗുരുഗ്രാമിൽ 25കാരൻ പിടിയിലായി. സിക്കിമിലെ ഗാങ്‌ടോക്ക് സ്വദേശിയായ ഹേമന്ത് ശർമയാണ് ഗുരുഗ്രാം സെക്ടർ 43ൽ പോലീസ് പിടിയിലായത്.സ്വകാര്യ എയർലൈനുകളിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുന്ന യുവതികളെയാണ് എയർലൈൻ പൈലറ്റായി അഭിനയിച്ച് ഹേമന്ത് ശർമ്മ കബളിപ്പിക്കുന്നത്.
1.2 ലക്ഷംരൂപ തട്ടിയെടുത്തുവെന്ന ഗോൾഫ് കോഴ്‌സ് റോഡിലെ താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് ഹേമന്ത് പിടിയിലായത്. പൈലറ്റെന്ന വ്യാജേനസോഷ്യൽ മീഡിയയിൽ സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിവന്നത്.
സോഷ്യൽ മീഡിയയിൽ 150ലധികം വ്യാജ പ്രൊഫൈലുകൾ ഇയാൾ ഉണ്ടാക്കിയിരുന്നു. യുവതികളുമായി സൗഹൃദത്തിലായത്തിന് ശേഷം പണം തട്ടുകയാണ് ഇയാളുടെ രീതി. യുവതികളിലാരും തന്നെ ഇയാളെ നേരിട്ട് കണ്ടിട്ടില്ല. ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടതിനാൽ ഹോട്ടലിൽ കുടുങ്ങി, പേഴ്‌സ് പോക്കറ്റടിച്ചു പോയി, ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ആയി തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് തിരികെ നൽകാമെന്ന ഉറപ്പിൽ യുവതികളിൽ നിന്നും പണം വാങ്ങിയിരുന്നത്.
ഓരോ തട്ടിപ്പുകൾക്ക് ശേഷവും ഇയാൾ മൊബൈൽ ഫോണും സിമ്മും മാറ്റിയിരുന്നു. ഇതുവരെ 100ലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഈ വർഷം മാത്രം 25 ലക്ഷം രൂപ ശർമ്മ തട്ടിപ്പിലൂടെ സമ്പാദിച്ചുവെന്നും കൃത്യമായ തുക കണ്ടെത്താൻ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
 

Latest News