എയര്‍ ഇന്ത്യ പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം  വര്‍ദ്ധിപ്പിക്കുന്നു,  65 വയസു വരെ ജോലി ചെയ്യാം

മുംബൈ- പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന് 65 ആയി ഉയര്‍ത്താനൊരുങ്ങി എയര്‍ ഇന്ത്യ. പൈലറ്റുമാര്‍ക്ക് 65 വയസു വരെ സര്‍വീസില്‍ തുടരാം എന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശിക്കുന്നത്. മിക്ക എയര്‍ലൈനുകളിലും പൈലറ്റുമാര്‍ 65 വയസു വരെ ജോലി ചെയ്യാറുണ്ടെന്ന് ജൂലൈ 29 ന് പുറപ്പെടുവിച്ച എയര്‍ ഇന്ത്യ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. എന്നാലിതിന് ചില ഉപാധികളുണ്ട്. നിലവില്‍ 58 വയസാണ് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം. തെരഞ്ഞെടുക്കപ്പെടുന്ന പൈലറ്റുമാര്‍ക്ക് റിട്ടയര്‍മെന്റിനു ശേഷം 5 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സേവനകാലാവധി നീട്ടി നല്‍കുന്നതാണ് പുതിയ നയം. ഈ കരാര്‍ 65 വയസുവരെ നീട്ടാന്‍ അപേക്ഷിക്കാവുന്നതുമാണ്.
'എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ നിലവില്‍ 58 വയസിലാണ് വിരമിക്കുന്നത്. വിരമിച്ചതിന് ശേഷവും പൈലറ്റുമാര്‍ക്ക് സേവനം നീട്ടാന്‍ കമ്പനി നയം രൂപീകരിച്ചിരിക്കുകയാണ്', എയര്‍ ഇന്ത്യയുടെ ഹ്യൂമന്‍ റിസോഴ്‌സ് മേധാവി പറഞ്ഞു.
എയര്‍ ഇന്ത്യയുടെ പുതിയ നയം അനുസരിച്ച്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന പൈലറ്റുമാര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള യോഗ്യത പരിശോധിക്കാന്‍ എച്ച്ആര്‍, ഓപ്പറേഷന്‍സ് & ഫ്‌ലൈറ്റ് സുരക്ഷ എന്നീ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു പാനല്‍ രൂപീകരിക്കും. അച്ചടക്കം, വിമാന സുരക്ഷ, ജാഗ്രത എന്നിവയുമായി ബന്ധപ്പെട്ട് പൈലറ്റുമാരുടെ മുന്‍കാല രേഖകള്‍ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ സമിതിക്കായിരിക്കും. അവലോകനത്തിന് ശേഷം, വിരമിക്കലിനു ശേഷമുള്ള കരാര്‍ നല്‍കുന്നതിന് കമ്മിറ്റി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത പേരുകള്‍ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസറിന് ശുപാര്‍ശ ചെയ്യും.
അഞ്ച് വര്‍ഷത്തെ കരാര്‍ സേവനത്തിനു ശേഷം പൈലറ്റുമാരുടെ പ്രകടനം സമഗ്രമായി പരിശോധിച്ച് സേവനകാലാവധി 65 വര്‍ഷം വരെ നീട്ടുന്നത് പരിഗണിക്കും.നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്ന് 18,000 കോടി രൂപക്കാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. 
 

Latest News