മക്ക- പരിശുദ്ധ ഹജ് കർമം നിർവഹിച്ച് നാട്ടിലേക്കു യാത്ര തിരിക്കുന്ന ഹാജിമാർക്ക് തനിമ മക്ക ഹജ് സെൽ യാത്രയയപ്പ് നൽകി. ഒാരോ ദിവസവും നാട്ടിലേക്കു യാത്ര തിരിക്കുന്ന ഹാജിമാരെ അവരുടെ താമസ കേന്ദ്രങ്ങളിലെത്തി ലഗേജുകളും മറ്റും വിമാനത്താവളങ്ങളിലേക്കു പുറപ്പെടുന്ന ബസുകളിൽ എത്തിക്കാൻ സഹായിച്ചും, ഹജ് സർവീസ് കമ്പനികൾ നൽകുന്ന നിർദേശങ്ങൾ മൊഴിമാറ്റം നൽകിയും ഹാജിമാർക്ക് തുണയാവുകയാണ് വളണ്ടിയർമാർ.
എയർപോർട്ടിലേക്ക് മടങ്ങുന്ന ഹജ് മിഷന്റെ വാഹനങ്ങളിലും, ബിൽഡിംഗുകളിലും വെച്ചാണ് ഹാജിമാർക്ക് യാത്രയയപ്പ് നൽകുന്നത്. പരിശുദ്ധ ഖുർആൻ, തഫ്‌സീറുകൾ, കാഴ്ചക്കുറവുള്ള ഹാജിമാർക്ക് വലിയ മുസ്ഹഫുകൾ തുടങ്ങിയ സമ്മാനങ്ങൾ നൽകിയാണ് യാത്രയാക്കിയത്.
യാത്രയിലും, നാട്ടിലെത്തിയ ശേഷവും ശിഷ്ട ജീവിതത്തിലുണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ച് തനിമ വളണ്ടിയർമാർ ഹാജിമാർക്ക് മാർഗ നിർദേശങ്ങൾ നൽകുന്നുണ്ട്. മക്കയിലെത്തിയത് മുതൽ സ്വന്തം കുടുംബങ്ങളെ പോലെ തങ്ങളെ പരിചരിച്ച തനിമ വളണ്ടിയർമാരിൽ നിന്നും ലഭിച്ച സേവന പ്രവർത്തനങ്ങൾക്ക് പ്രാർഥനയും കണ്ണീരിൽ കുതിർന്ന പുഞ്ചരിയും, കൈവിടാത്ത ആലിംഗനങ്ങൾക്കും വളണ്ടിയർമാർ സാക്ഷ്യം വഹിച്ചു. ജോലി സമയം കഴിഞ്ഞു തങ്ങൾക്ക് ലഭിക്കുന്ന ഒഴിവു വേളകളിൽ ഹാജിമാർക്ക് വേണ്ട സേവനമനുഷ്ഠിക്കാൻ കഴിയുന്നതിൽ തനിമ വളണ്ടിയർമാർ ഏറെ സംതൃപ്തരാണ്.
തനിമ മക്ക സോൺ സെക്രട്ടറി അനീസുൽ ഇസ്‍ലാം, സേവന വിഭാഗം അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷഫീഖ് പട്ടാമ്പി, വനിത കോ-ഓർഡിനേറ്റർ ഷാനിബ നജാത്, മുന അനീസ്, സുനീറ ബഷീർ, സുഹൈല ഷഫീഖ് എന്നിവരാണ് യാത്രയയപ്പിനു നേതൃത്വം നൽകിയത്.