അച്ഛനെ കണ്ടെത്താനാകുമോ; മരിച്ച അമ്മയോടൊപ്പം ഉറങ്ങിയ മൂന്നു വയസ്സുകാരന്‍ നൊമ്പരമായി

ഭഗല്‍പൂര്‍- ബിഹാറിലെ ഭഗല്‍പൂരില്‍ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 35 കാരിയെ ബന്ധുക്കളെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ സംസ്‌കരിച്ചു.

മരിച്ചതറിയാതെ അമ്മയുടെ ശരീരത്തില്‍ തലവെച്ചു മൂന്നു വയസ്സുകാരന്‍ ഉറങ്ങുന്നുണ്ടായിരുന്നു. വൈകല്യമുള്ള കുട്ടിയെ ഭഗല്‍പൂര്‍ റെയില്‍വേ പോലീസ് ശിശുക്ഷേമ കമ്മിറ്റിക്ക് കൈമാറി. കുട്ടി ഇപ്പോള്‍ ശിശുഭവനിലാണ്.

പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയ യുവതിയെ റെയില്‍വേ പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി 72 മണിക്കൂര്‍ കാത്തുനിന്നെങ്കിലും ബന്ധുക്കളെ കണ്ടെത്താനായില്ലെന്ന് ജി.ആര്‍.പി ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു.

സ്ത്രീയെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടേയും കുഞ്ഞിന്റെയും ചിത്രം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചിട്ടുണ്ട്. ഏതു ട്രെയിനിലാണ് ഇവര്‍ ഭഗല്‍പൂരിലെത്തിയതെന്ന് കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

 

Latest News