Sorry, you need to enable JavaScript to visit this website.
Wednesday , October   05, 2022
Wednesday , October   05, 2022

സാരിയിലൊതുങ്ങുമോ, ജെൻഡർ ന്യൂട്രാലിറ്റി?

ആണിനെയും പെണ്ണിനെയും ഒരേപോലെയാക്കിയല്ല സമത്വവും നീതിയും നടപ്പിലാക്കേണ്ടത്. അവർക്ക് വ്യത്യസ്തമായ അസ്തിത്വവും വ്യക്തിത്വവും ഉണ്ടായിരിക്കേ തന്നെ അവരും മനുഷ്യരാണെന്നും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ടെന്നും ബോധ്യപ്പെടുത്തുകയുമാണ് വേണ്ടത്. വ്യത്യസ്തതകളെ ഉൾക്കൊള്ളാൻ പരിശീലിപ്പിക്കേണ്ട കലാലയങ്ങൾ ഏകശിലാത്മകമായെങ്കിലേ സമത്വമുണ്ടാവൂ എന്ന സന്ദേശം കുട്ടികളിലേക്ക് കൈമാറാനുള്ള, അത് വഴി സ്വത്വ പ്രതിസന്ധി അനുഭവിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള അരങ്ങുകളാകാതിരിക്കട്ടെ.ബഹുമാന്യനായ എം.കെ. മുനീർ സാഹിബ് കോഴിക്കോട്ട് വെച്ച് നടത്തിയ ഒരു പ്രസംഗത്തിലെ ചില പരാമർശങ്ങൾ കാരണം ജെൻഡർ ന്യൂട്രാലിറ്റി വീണ്ടും സജീവ ചർച്ചയിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഏതെങ്കിലും ഒരു വസ്ത്രം അടിച്ചേൽപിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവും രംഗത്ത് വന്നതോടെ ഗവണ്മെന്റിനെതിരെ ഒരു ആയുധമായും മാറിയിരിക്കുകയാണ് വിഷയം. അതേസമയം അപ്പറഞ്ഞത് 'ആറാം നൂറ്റാണ്ടിലെ ആശയമാണ്' എന്നും കാലത്തിനൊത്ത് മാറാൻ സാധിക്കാത്ത പ്രശ്‌നമാണെന്നും വാദിച്ച് മറുപക്ഷവും രംഗത്തുണ്ട്.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കാണുമ്പോൾ മനസ്സിലാകുന്നത് ഈ വിഷയത്തിൽ ഇടപെടുന്നവർക്ക് പോലും ഇതിന്റെ മർമം മനസ്സിലായിട്ടില്ല എന്നാണ്. കേവലം പെൺകുട്ടികൾക്ക് പാന്റ്‌സ് ധരിക്കാമോ എന്ന ഒരു ചർച്ചയായാണ് പലരും ഇതിനെ മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ വസ്ത്രധാരണത്തിൽ ഒതുങ്ങുന്ന തൊലിപ്പുറ ചർച്ചയല്ല ഇതെന്നും അതിനുമപ്പുറം ഒരുപാട് തലങ്ങളുള്ള, ഗൗരവമുള്ള വിഷയമാണെന്നും കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവർക്ക് ബോധ്യപ്പെടും.

ഒന്നാമതായി ഇതൊരു സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള പദ്ധതിയല്ല. അങ്ങനെയായിരുന്നെങ്കിൽ 'കംഫർട്ടബിൾ യൂനിഫോം' എന്ന് പേരുവെച്ചാൽ മതിയായിരുന്നല്ലോ. പിന്നെവിടെയെയാണ് ജെൻഡർ ന്യൂട്രാലിറ്റി കടന്നു വരുന്നത്? ആണും പെണ്ണും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളെയും പൂർണമായി അപ്രസക്തമാക്കുക എന്ന ആശയമാണ് ലിംഗനിഷ്പക്ഷത. അത് കേവലം യൂനിഫോമിലോ വസ്ത്രധാരണത്തിലോ ഒതുങ്ങുന്നതല്ല, യൂനിസെക്‌സ് ടോയ്‌ലറ്റുകളിലേക്കും ജെൻഡർ ന്യൂട്രൽ പ്രോനൗണുകളിലേക്കും വരെ വ്യാപിക്കുന്ന വിശാലമായ ഒരു ആശയമാണ്. അത്തരം വിശാലമായ ഒരു വിഷയത്തെയാണ് നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ കേവലമൊരു പെണ്ണിന് പാന്റ്‌സ് ധരിക്കാമോ എന്ന നിലക്ക് ചർച്ച ചെയ്യപ്പെടുന്നത്!

ഒന്നാമതായി ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കിയതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ട് എന്ന് വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടിട്ടില്ല. ആണും പെണ്ണും ശാരീരികമായും മാനസികമായും മനഃശാസ്ത്രപരമായും സാമൂഹികമായും വ്യത്യസ്തകൾ ഉള്ളവരാണ്. ആ വ്യത്യസ്തതകളെ പരിഗണിച്ചു കൊണ്ടു തന്നെയായിരിക്കണം അവരുടെ ഇടപെടലുകളും കടമകളും അവകാശങ്ങളും. അതിനെ പൂർണമായി നിരാകരിക്കുന്നതിലൂടെ സംഭവിക്കുന്നത് ന്യായമായ അവകാശങ്ങളും സ്വകാര്യതകളും പോലും ഇല്ലാതാവലാണ്. 

സ്ത്രീയെയും പുരുഷനെയും വ്യത്യസ്തമായി പരിഗണിച്ചതു കൊണ്ടാണ് ഇവിടെ സ്ത്രീ സംവരണങ്ങളും സ്ത്രീകൾക്ക് മാത്രമായ സ്വകാര്യ ഇടങ്ങളും അവർക്ക് മാത്രമായുള്ള പ്രസവാവധി പോലുള്ള ഇളവുകളുമെല്ലാം നിലനിൽക്കുന്നത്. പരിപൂർണമായി ജൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതിലൂടെ ഇതെല്ലാം തച്ചുതകർക്കപ്പെടുകയാണുണ്ടാവുക. അവിടെയാണ് ജെൻഡർ ന്യൂട്രാലിറ്റി എന്ന് പറയുന്നത് പലപ്പോഴും പുരുഷന് വേണ്ട രൂപത്തിലും അവന് അനുഗുണമാകുന്ന താരത്തിലുമാണ് നടപ്പിലാക്കുന്നത് എന്ന വാദം പ്രസക്തമാകുന്നത്. കേവലം വസ്ത്ര ധാരണത്തിൽ നടപ്പിലാക്കപ്പെട്ടപ്പോൾ പോലും ആൺകുട്ടികൾ കാലങ്ങളായി ധരിക്കുന്ന വസ്ത്രം പെൺകുട്ടികളിലേക്കും അടിച്ചേൽപിച്ചു എന്നതല്ലാതെ, പെൺകുട്ടികളുടെ വസ്ത്രം ആണ്കുട്ടികളോടും ധരിക്കാൻ ആവശ്യപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടില്ല. അത്തരം ഒരു മറുചോദ്യം പോലും പരിഹാസ്യമായി തോന്നുന്ന പുരോഗമനവാദികൾ യഥാർത്ഥത്തിൽ സ്ത്രീ വസ്ത്രങ്ങൾ എന്തോ കുറഞ്ഞതാണ് എന്ന് പറയാതെ പറയുകയല്ലേ ചെയ്യുന്നത്?!

ഒരു തരത്തിലുമുള്ള ഗുണങ്ങളുമില്ലെന്ന് മാത്രമല്ല, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഈയൊരു ആശയം കൊണ്ട് ഉണ്ടാവുന്നുണ്ട്. ഇത് മനസ്സിലാക്കാൻ ഇത് നടപ്പിലാക്കിയ പാശ്ചാത്യൻ നാടുകളിൽ എന്ത് സംഭവിച്ചു എന്ന് മാത്രം പരിശോധിച്ചാൽ മതിയാകും. കേരളത്തിൽ ഈയൊരു പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടം മാത്രമേ എത്തിയിട്ടുള്ളൂ. എന്നാൽ ഇത് വർഷങ്ങൾക്ക് മുൻപേ പരീക്ഷിച്ച രാഷ്ട്രങ്ങളിൽ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. അതിൽ ഏറ്റവും പ്രധാനമാണ് ലിംഗത്വത്തെ പറ്റിയുള്ള സംശയമുള്ള ഒരു തലമുറ വളർന്നു വരുന്നു എന്നത്.

അമേരിക്കയിലും യൂറോപ്യൻ നാടുകളിലും താൻ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാത്ത, അല്ലെങ്കിൽ അതിൽ സംശയമുള്ള കൗമാരക്കാരുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ് എന്ന് ആധികാരികമായ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വരെ അമേരിക്കയിൽ 95% ലധികം കുട്ടികൾക്കും തങ്ങൾ ആണാണോ പെണ്ണാണോ എന്ന കൃത്യമായ ധാരണയും ബോധ്യവും ഉണ്ടായിരുന്നെങ്കിൽ, ഇന്നത് 77% നും താഴേക്ക് എത്തിയിരിക്കുകയാണ്! ഒരു സമൂഹത്തിന്റെ കാൽ ഭാഗത്തിനും തങ്ങൾ ആണാണോ പെണ്ണാണോ എന്ന സംശയം ഉണ്ടാകുന്ന അവസ്ഥയെ കുറിച്ചൊന്ന് ആലോചിച്ചു നോക്കുക! ഒരു കുടുംബത്തിൽ പത്തു കുട്ടികളുണ്ടെങ്കിൽ രണ്ടോ മൂന്നോ കുട്ടികൾ താനാരാണെന്നോ തന്റെ സ്വത്വം എന്തെന്നോ മനസ്സിലാകാത്ത വല്ലാത്തൊരു അവസ്ഥ! ഈ കുട്ടികൾക്കാവട്ടെ വലിയ രൂപത്തിലുള്ള വിഷാദ രോഗവും മാനസിക സമ്മർദങ്ങളും സാമൂഹിക വിരുദ്ധ ചിന്തകളും വലിയ രൂപത്തിൽ ഉണ്ടാവുകയും ചെയ്യുന്നു.

ജനനം തൊട്ടു തന്നെ കുട്ടി തന്റെ ലിംഗസ്വത്വത്തെ ഊട്ടിയുറപ്പിക്കുന്ന ജീവിത ശൈലിയും രീതികളും വസ്ത്രധാരണങ്ങളും ശീലിക്കുന്നതുകൊണ്ടാണ് നമ്മുടെ സമൂഹത്തിൽ ഇത്തരം പ്രശ്‌നങ്ങൾ ഇപ്പോൾ വ്യാപകമല്ലാത്തത്. എന്നാൽ ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ അതെല്ലാം അപ്രസക്തമാക്കിയാൽ നമ്മുടെ നാട്ടിലും വീട്ടിലും വരാൻ പോകുന്നതും ഇത്തരം ഒരു പുതുതലമുറയായിരിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ഇതിനെ പ്രാരംഭ ഘട്ടത്തിൽ തന്നെ എതിർത്ത് തോൽപിക്കാൻ സാമൂഹിക പ്രതിബദ്ധതയുള്ളവർ രംഗത്ത് വരുന്നത്.

ഇത്രമേൽ ഭീകരമാണ് ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ഒളിച്ചു കടത്തുന്ന ലിബറൽ ജെൻഡർ പൊളിറ്റിക്‌സ് എന്ന് അതിന്റെ വക്താക്കൾക്ക് പോലും ധാരണയില്ല എന്നതാണ് വസ്തുത. പുരോഗമനം എന്ന പേരിൽ കൊണ്ടുവരുന്നതായതുകൊണ്ട് എന്തിനെയും വാരിപ്പുൽകുക എന്നതിനപ്പുറം ഇതിന്റെ വരും വരായ്കകളെ കുറിച്ചോ പ്രശ്‌നങ്ങളെ കുറിച്ചോ അവർ ബോധവാന്മാരല്ല. ഇടത് വിദ്യാർത്ഥി പ്രസ്ഥാനം പരസ്യമായി കാമ്പസ് ചുവരുകളിൽ അശ്ലീലം വരച്ചിടുമ്പോഴും ഒരു സെക് ഷ്വൽ ലിബറേഷൻ ആണ് തങ്ങളുടെ ലക്ഷ്യം എന്ന് വിളിച്ചു കൂവുമ്പോഴും യൂറോപ്പിൽ സെക്ഷ്വ്വൽ ലിബറേഷന് ശേഷം എന്ത് സംഭവിച്ചു എന്നോ, അവിടെയുള്ള സ്ത്രീ സുരക്ഷയും സാമൂഹിക സുരക്ഷയും എത്രമേൽ സംരക്ഷിപ്പെട്ടു എന്നോ പരിശോധിക്കാൻ അവർക്കായിട്ടില്ല.

എല്ലാറ്റിനുമുപരി ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇത് അടിച്ചേൽപിക്കുന്നത് കുട്ടികളിലാണ് എന്നതാണ്. തങ്ങളുടെ വ്യക്തിത്വവും ലോകവീക്ഷണവും രൂപപ്പെടുത്തുന്ന പ്രായത്തിൽ തന്നെ ഇത്തരം അശാസ്ത്രീയവും വസ്തുതാവിരുദ്ധവുമായ ആശയങ്ങൾ അവരിലേക്ക് അടിച്ചേൽപിക്കപ്പെടുകയാണ്. ജെൻഡർ ന്യൂട്രൽ യൂനിഫോമുകളായും മറ്റുമുള്ള പരീക്ഷണങ്ങൾക്ക് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ ഗിനിപ്പന്നികളെ പോലെ ഇരയാവുകയാണ്. ഈ പരിഷ്‌കാരങ്ങളുടെ പേരിൽ കുട്ടികൾക്ക് ഭാവിയിൽ ഇപ്പറഞ്ഞ സ്വത്വ പ്രതിസന്ധിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരോ ഇതിനു വേണ്ടി വാദിക്കുന്നവരോ ഏറ്റെടുക്കുമോ?!

ഇനി ഇപ്പറഞ്ഞതൊന്നും തങ്ങൾക്ക് വിഷയമല്ല എന്നാണെങ്കിൽ അങ്ങനെയുള്ളവർക്ക് സ്വന്തം മക്കളെ അത്തരത്തിൽ വളർത്താനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. തങ്ങളുടെ വീട്ടിലും സ്വകാര്യ ഇടങ്ങളിലും വേണമെങ്കിൽ പൊതുഇടങ്ങളിലും അവർ അത്തരത്തിലുള്ള വസ്ത്രധാരണങ്ങളും ജീവിത ശൈലിയുമായി ജീവിച്ചോട്ടെ, പക്ഷേ അത് എല്ലാ കുട്ടികളിലേക്കും അടിച്ചേൽപിക്കും എന്ന് പറയുന്നത് അക്രമമാണ്. പൊതുവിദ്യാലയങ്ങളിലൂടെ ഇത്തരം പരീക്ഷണങ്ങൾക്ക് മുഴുവൻ കുട്ടികളും വിധേയരാകണം, എതിർക്കുന്നവരെല്ലാം പിന്തിരിപ്പൻ നിലപാടുകാരാണ് എന്ന തീട്ടൂരം ഒരു തരത്തിലും അനുവദിച്ചു കൊടുക്കാൻ പറ്റുന്നതല്ല. 

ആണിനെയും പെണ്ണിനെയും ഒരേപോലെയാക്കിയല്ല സമത്വവും നീതിയും നടപ്പിലാക്കേണ്ടത്. അവർക്ക് വ്യത്യസ്തമായ അസ്തിത്വവും വ്യക്തിത്വവും ഉണ്ടായിരിക്കേ തന്നെ അവരും മനുഷ്യരാണെന്നും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ടെന്നും ബോധ്യപ്പെടുത്തുകയുമാണ് വേണ്ടത്. വ്യത്യസ്തതകളെ ഉൾക്കൊള്ളാൻ പരിശീലിപ്പിക്കേണ്ട കലാലയങ്ങൾ ഏകശിലാത്മകമായെങ്കിലേ സമത്വമുണ്ടാവൂ എന്ന സന്ദേശം കുട്ടികളിലേക്ക് കൈമാറാനുള്ള, അത് വഴി സ്വത്വ പ്രതിസന്ധി അനുഭവിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള അരങ്ങുകളാകാതിരിക്കട്ടെ.

Latest News