കോണ്‍ഗ്രസ് സ്വയം തകരാന്‍ തീരുമാനിച്ചാല്‍ പിന്നെ എന്തു ചെയ്യും; ബി.ജെ.പിയില്‍ ചേക്കേറി ദമ്പതികള്‍

ന്യൂദല്‍ഹി- ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയിയും ഭാര്യ രേണുകയും ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം എം.എല്‍.എ സ്ഥാനം രാജിവെച്ച കുല്‍ദീപും ഭാര്യയും ബി.ജെ.പിയുടെ ദേശീയ ആസ്ഥാനത്തെത്തിയാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഷെഖാവത്ത്, ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നാലു തവണ എം.എല്‍.എയും രണ്ടു തവണ എം.പിയുമായ കുല്‍ദീപ് ബിഷ്‌ണോയി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചു.
കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയ കുല്‍ദീപ് ബി.ജെ.പിയില്‍ ചേരുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ഭര്‍ത്താവിനോടൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്ന രേണുക ബിഷ്‌ണോയിയും മുന്‍ എം.എല്‍.എയാണ്.
ദീര്‍ഘകാലം കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ച താന്‍ പാര്‍ട്ടിക്ക് ഒരു അവസരം കൂടി നല്‍കിയിരുന്നുവെന്നും സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ എന്തുചെയ്യാന്‍ കഴിയുമെന്നും കുല്‍ദീപ് ബിഷ്‌ണോയി ചോദിച്ചു.
ബിഷ്‌ണോയിയടക്കം ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്ക് അവരുടെ സീനിയോറിറ്റി അനുസരിച്ച് ഉചിതമായ പദവികള്‍ നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധന്‍കര്‍ പറഞ്ഞു.

 

Latest News