Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ക്രിപ്‌റ്റോ കറൻസിയും ബിറ്റ്‌കോയിനും

 

ക്രിപ്‌റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചവർക്ക് ശനിദശയാണിപ്പോൾ. ഇക്കഴിഞ്ഞ മാസത്തിൽ ബിറ്റ്‌കോയിന്റെ വില ഇരുപത്തിയഞ്ച് ശതമാനത്തിലേറെ വീണ്ടും ഇടിഞ്ഞിരിക്കുന്നു. കഴിഞ്ഞ നവംബറിൽ ഏറ്റവും ഉയർന്ന വിലയിലെത്തിയിരുന്നത് എഴുപതു ശതമാനത്തിലേറെ കുറഞ്ഞ വിലയാണ് ഇപ്പോഴുളളത്. അതായത് അൻപതു ലക്ഷം രൂപയുണ്ടായിരുന്നിടത്ത് ഇപ്പാഴുള്ളത് വെറും പതിനഞ്ചു ലക്ഷം രൂപ മാത്രം.
ബിറ്റ് കോയിന്റെ വിലയിടിയുമ്പോൾ സമാന രീതിയിലുള്ള പല ക്രിപ്‌റ്റോ കറൻസികളും തികഞ്ഞ വെല്ലുവിളികളാണ് നേരിടുന്നത്. ടെറാ സ്‌റ്റേബിൾ കോയിൻ തകർന്നുകഴിഞ്ഞു. കൂടാതെ ബൈനാൻസ്, സെൽഷ്യസ് നെറ്റ്‌വർക്ക്, ബാബേൽ ഫിനാൻസ് എന്നീ ക്രിപ്‌റ്റോ സേവനദാതാക്കൾ പിൻവലിക്കൽ സംവിധാനം പോലും നിർത്തിവെച്ചിരുന്നു. വിൽപന സമ്മർദമാണ് സേവനങ്ങൾ നിർത്തിവെയ്ക്കാൻ ഇടയാക്കിയതെന്ന് ഇവർ തുറന്നു സമ്മതിക്കുന്നുണ്ട്.
അച്ചടിച്ചു വിതരണം ചെയ്യുന്നതിനു പകരം ക്രിപ്‌റ്റോഗ്രഫി എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റലായി നിർമിച്ച് ഡിജിറ്റലായിത്തന്നെ കൈമാറ്റം ചെയ്യുന്ന പണമാണ് ക്രിപ്‌റ്റോ കറൻസി. കേന്ദ്ര ബാങ്ക് പോലെയുള്ള ഒരു സംവിധാനത്തിന്റെ നിയന്ത്രണത്തിലല്ല ഇതിന്റെ പ്രവർത്തനം. ഇത്തരം ക്രിപ്‌റ്റോ കറൻസികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബിറ്റ് കോയിൻ. ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ് കോയിൻ. ഇത് ലോഹ നിർമിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കംപ്യൂട്ടർ ഭാഷയിൽ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ് വെയർ കോഡാണിത്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇതിനെ ക്രിപ്‌റ്റോ കറൻസി എന്നു വിളിക്കുന്നത്.
ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ് കോയിനിയിലൂടെ യാഥാർഥ്യമായത്. ആഗോള സാമ്പത്തിക ബാങ്കിംഗ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊണ്ടത്. 2008 ൽ സതോഷി നകമോട്ടോയാണ് ബിറ്റ് കോയിൻ അവതരിപ്പിച്ചത്. സതോഷി നകമോട്ടോ എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി വിദഗ്ധരോ ആയിരിക്കാമെന്ന അഭ്യൂഹങ്ങൾ നിലവിലുണ്ട്. എങ്കിലും ഓസ്‌ട്രേലിയയിലെ ഐ.ടി വിദഗ്ധനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ് കോയിന്റെ ഉടമസ്ഥാവകാശവുമായി രംഗത്തെത്തിയിരുന്നു.

ബിറ്റ് കോയിന്റെ ഉപയോഗം

ബിറ്റ് കോയിന്റെ ഉപയോഗം വളരെ ലളിതമാണ്. അത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏതെങ്കിലും സൈറ്റിലൂടെ ആവശ്യക്കാർ ഒരു ബിറ്റ് കോയിൻ വാലറ്റ് സ്വന്തമാക്കണം. തുടർന്ന് അവരുടെ ബാങ്കിൽനിന്ന് പണം വാലറ്റിലേയ്ക്കു മാറ്റി ബിറ്റ് കോയിനുകൾ വാങ്ങാവുന്നതാണ്. ബിറ്റ് കോയിനുകൾ വാലറ്റിലോ കംപ്യൂട്ടറിലോ മൊബൈൽ ഫോണിലോ ശേഖരിച്ചുവെയ്ക്കാം. ഇത് ഉപയോഗിച്ച് പ്രത്യേക രീതിയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറൻസി പോലെ ഉപയോഗിക്കാവുന്നതല്ല.

തകർച്ചയുടെ കാരണം

പണപ്പെരുപ്പവും മാന്ദ്യവും ആഗോള തലത്തിൽ കൂടിവരികയാണ്. പണപ്പെരുപ്പം നേരിടാൻ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുകയാണ്. ഇത്തരം സാഹചര്യത്തിൽ പരീക്ഷണങ്ങൾ നടത്താൻ ആരും ധൈര്യപ്പെടില്ല. ഉള്ള സമ്പാദ്യം സുരക്ഷിതമാക്കാനുള്ള ശ്രമമാണ് എല്ലായിടത്തും കാണുക. സുരക്ഷിതമല്ലാത്തതിനാൽ ബിറ്റ് കോയിൻ വാങ്ങുന്നത് കുറയുകയും വിറ്റഴിക്കുന്നത് കൂടുകയും ചെയ്യും. അങ്ങനെയാണ് ഈ ഡിജിറ്റൽ നാണയങ്ങളുടെ വിലയിടിയുന്നത്. 


മറ്റൊന്ന്  ക്രിപ്റ്റ് സമ്പാദ്യത്തിനും ഇടപാടുകൾക്കും വിവിധ സർക്കാരുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നു എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപനക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കും ബിറ്റ് കോയിൻ സഹായകമാകും എന്ന ആശങ്കയിലാണ് എല്ലാ രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയത്. വിവിധ ക്രിപ്‌റ്റോ കറൻസി സേവനദാതാക്കൾ പ്രതിസന്ധിയുടെ സൈറൺ മുഴക്കുന്നതും അതുകൊണ്ടു തന്നെ. പതിനെട്ടു ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടാണ് അമേരിക്കയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ കോയിൻ ബോക്‌സ് പ്രതിസന്ധിയെ അതിജീവിച്ചത്. ഇനിയുള്ള കാലം ക്രിപ്‌റ്റോ വിന്റർ ആയിരിക്കുമെന്നും ഈ കമ്പനികൾ സൂചന നൽകുന്നു.
ക്രിപ്‌റ്റോ കറൻസികളുടെ വിനിമയം കേന്ദ്ര ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്തതുകൊണ്ട് ഗുണവും ദോഷവുമുണ്ട്. ആരും നിയന്ത്രിക്കാനില്ല എന്നത് നേട്ടമായി കാണുന്നുണ്ടെങ്കിലും പണത്തിന്റെ മൂല്യത്തിന് ആധികാരികമായ ഒരുറപ്പും കമ്പനി നൽകുന്നില്ല എന്നതാണ് ന്യൂനത. മാത്രമല്ല. വാലറ്റ് നഷ്ടപ്പെട്ടാൽ സമ്പാദ്യം തിരിച്ചുകിട്ടില്ലെന്നതും വെല്ലുവിളിയാണ്.

തിരിച്ചുവരവുണ്ടാകുമോ?

ഇടിഞ്ഞ വില തിരിച്ചുകയറുമെന്ന വിശ്വാസമാണ് ഏതൊരു നിക്ഷേപത്തിന്റെയും അടിസ്ഥാനം. സ്വർണവും ഭൂമിയുമടക്കമുള്ള നിക്ഷേപങ്ങൾക്കും വസ്തുക്കൾക്കും വില തിരിച്ചുകിട്ടുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് വാങ്ങിക്കൂട്ടുന്നത്. സാധാരണ കറൻസിക്ക് കേന്ദ്ര ബാങ്കിന്റെ ഉറപ്പാണ് മൂല്യം നൽകുന്നത്. ഓഹരികൾക്കും കമ്പനിയുടെ ആസ്തിയും വരുമാനവും അടിസ്ഥാനമാക്കിയാണ് നിക്ഷേപം വരുന്നത്. എന്നാൽ ക്രിപ്‌റ്റോ കറൻസികൾക്ക് ഇത്തരം സുരക്ഷിതത്വമില്ല. വാങ്ങാൻ ആളുണ്ടെങ്കിൽ മാത്രമേ അതിന്റെ മൂല്യം വർധിക്കുകയുള്ളൂ.
ക്രിപ്‌റ്റോ കറൻസികളുടെ വില ഒരിക്കലും ഉയരില്ല എന്നു പറയാനാവില്ല. കൃത്യമായ ധാരണയില്ലാതെ അതിൽ പണം നിക്ഷേപിക്കാതിരിക്കുക എന്നതാണ് പ്രധാനം. മാത്രമല്ല, ക്രിപ്‌റ്റോ കറൻസി സ്വന്തമാക്കുന്ന പലർക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഇതിന് തനതായ ഒരു മൂല്യമില്ല എന്നും അവർ തിരിച്ചറിയുന്നില്ല. ഭാവിയിൽ വില കൂടും. അപ്പോൾ വിറ്റ് പണമാക്കാം എന്ന വിശ്വാസം മാത്രമാണ് ഇവർക്കുള്ളത്. ഇത്തരക്കാരെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. ബിസിനസ് രംഗത്തെ ഭീമന്മാരും ഹോളിവുഡ് താരങ്ങളും നിരവധി സ്റ്റാർട്ടപ്പുകളും ഇതിന്റെ മുന്നിലും പിന്നിലുമായി പ്രവർത്തിക്കുന്നതുകൊണ്ട് ഭാവിയിൽ ഇത്തരം കറൻസികളുടെ വില ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

പ്രതീക്ഷകൾ

ബിറ്റ് കോയിന് ശരിയായ മൂല്യമുണ്ടാവുകയും പരമാവധി സേവനങ്ങളും സാധനങ്ങളും ഇതുപയോഗിച്ച് വാങ്ങാനാവുകയും ചെയ്താൽ തിരിച്ചുവരവ് അസ്ഥാനത്തല്ല എന്നാണ് പലരും വിലയിരുത്തുന്നത്. ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ ബിറ്റ് കോയിന് ഇത്തരത്തിലുള്ള സ്വീകാര്യതയുള്ളൂ. എൽസാൽവദോറിലെ സർക്കാർ 2021 ൽ ബിറ്റ് കോയിനെ ഔപചാരികമായി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ വലിയ പ്രതീക്ഷയുളവാക്കിയിരുന്നു. എന്നാൽ മറ്റു രാജ്യങ്ങളൊന്നും ഇത് പിന്തുടർന്നില്ലെന്നു മാത്രമല്ല, ക്രിപ്‌റ്റോ കറൻസി ഇടപാടുകൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന വാർത്തയും പ്രചരിപ്പിക്കുന്നു.
പണമായി അംഗീകരിച്ചിട്ടില്ലെങ്കിലും പല രാജ്യങ്ങളും ബിറ്റ് കോയിൻ നിരോധിച്ചിട്ടില്ല. പ്രതീക്ഷക്കു വകയുള്ള കാര്യമാണിത്. പരമാവധി സേവനദാതാക്കളും കച്ചവടക്കാരും ബിറ്റ് കോയിൻ സ്വീകരിക്കാൻ തയാറായാൽ ഇതിന്റെ വില ഉയരാം. ടെസ്‌ല പോലുള്ള ഏതെങ്കിലും കമ്പനി ബിറ്റ് കോയിനിൽ നിക്ഷേപിക്കുകയോ വിൽക്കുന്ന സാധനത്തിന്റെ വിലയായി ബിറ്റ് കോയിൻ സ്വീകരിക്കുകയോ ചെയ്താൽ വില ഉയരും. പിന്മാറിയാലോ ഇടിയുകയും ചെയ്യും. വില കുറയുമ്പോൾ ഏറെ വാങ്ങിക്കൂട്ടുകയും കാര്യമായ പ്രചാരം നൽകി മറ്റുള്ളവരെ ഇതിലേയ്ക്ക് ആകർഷിച്ച് വില കൂടുമ്പോൾ ഒന്നിച്ച് വിൽക്കുന്ന പ്രവണതയും ബിറ്റ് കോയിന്റെ വില മൊത്തത്തിൽ ഇടിയാൻ കാരണമായിട്ടുണ്ട്.


ക്രിപ്‌റ്റോ കറൻസിയെ ഒരു നിക്ഷേപ സാധ്യതയായി കാണുന്നതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്. ഇതൊരു വിനിമയ മാർഗമാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ഇന്റർനെറ്റിന്റെ സഹായത്തോടെ പണം അഥവാ പ്രതിഫലം കൈമാറാനുള്ള ഒരു സംവിധാനമാണ് ബിറ്റ് കോയിൻ. നിങ്ങൾ നൽകുന്ന സാധനങ്ങൾക്കോ സേവനങ്ങൾക്കോ പ്രതിഫലമായി രൂപക്കു പകരം ബിറ്റ് കോയിൻ സ്വീകരിക്കാം. സാധനങ്ങളും സേവനങ്ങളും കൈപ്പറ്റുമ്പോൾ തിരിച്ചുകൊടുക്കുകയുമാവാം. അല്ലാതെ സ്വയം വളരുമെന്ന് ഉറപ്പുള്ള ഒരു ഡിജിറ്റൽ മാന്ത്രിക വിദ്യയൊന്നുമല്ല ക്രിപ്‌റ്റോ കറൻസി എന്ന തിരിച്ചറിവാണ് വേണ്ടത്.

Latest News