ടിക്കറ്റെടുത്തിട്ടും ലോകകപ്പ് കളി കാണാനെത്തില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ റിസെയില്‍ ചെയ്യാം

ദോഹ- ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങിയിട്ടുണ്ടെങ്കിലും കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്താനാവില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് എടുത്ത് ടിക്കറ്റ് പുനര്‍ വില്‍പ്പന നടത്താന്‍ സാധിക്കും. ഫിഫയുടെ ഒഫീഷ്യല്‍ ടീക്കറ്റ് റീസെയില്‍ പ്ലാറ്റ്ഫോമിലൂടെയാണ് വില്‍പ്പന നടക്കുക. ആഗസ്ത് 16ന് ദോഹ സമയം ഉച്ചക്ക് 12 വരെ  റീസെയില്‍ വില്‍പ്പന നടക്കും. പേടിക്കേണ്ട, ഈ തവണ റീസെയില്‍ നടത്താത്തവര്‍ക്ക് ടൂര്‍ണമെന്റ് അടുക്കുമ്പോള്‍ ഒരു തവണ കൂടി ടിക്കറ്റ് വില്‍ക്കാനുള്ള അവസരം ഫിഫി ഒരുക്കുന്നുണ്ട്. 

ടിക്കറ്റുള്ളവര്‍ക്ക് അവരുടെ ഫിഫ ടിക്കറ്റിംഗ് അക്കൗണ്ട് ആക്സസ് ചെയ്ത് സൈഡ് മെനുവിലെ റീസെയില്‍ ടിക്കറ്റുകള്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമായ ടിക്കറ്റുകള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD എന്ന വിലാസത്തില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

എന്നാല്‍ റീസെയില്‍ പ്ലാറ്റ്ഫോമില്‍ സമര്‍പ്പിച്ച ഏതെങ്കിലും ടിക്കറ്റ് വീണ്ടും വില്‍ക്കപ്പെടുമെന്ന ഉറപ്പ് ഫിഫ ടിക്കറ്റിംഗ് നല്കുന്നില്ല. ഒരാള്‍ എടുത്ത എത്ര ടിക്കറ്റുകളും റീസെയില്‍ പ്ലാറ്റ്ഫോമില്‍ വില്‍ക്കാം. എന്നാല്‍ മറ്റുള്ളവര്‍ക്കായി വാങ്ങിയ ടിക്കറ്റ് വില്‍ക്കുമ്പോള്‍ സ്വന്തം ടിക്കറ്റ് നിലനിര്‍ത്താമെങ്കിലും സ്വന്തം ടിക്കറ്റ് വില്‍പ്പനയ്ക്ക് വെക്കുകയാണെങ്കില്‍ അവര്‍ വാങ്ങിയ മറ്റെല്ലാ ടിക്കറ്റുകളും സമര്‍പ്പിക്കേണ്ടി വരും. 

ടിക്കറ്റ് വാങ്ങിയയാള്‍ കൂടെയില്ലാതെ മറ്റുള്ളവര്‍ക്ക് ഒരു മത്സരവും കാണാന്‍ സാധിക്കില്ല. റീസെയില്‍ പ്ലാറ്റ്ഫോമില്‍ എല്ലാ ടിക്കറ്റുകളുടേയും വില്‍പ്പന നടന്നിട്ടില്ലെങ്കില്‍ ടിക്കറ്റ് വാങ്ങിയ ആള്‍ക്ക് കളി കാണാനുള്ള അവസരമുണ്ടാകും. 

റീസെയില്‍ പ്ലാറ്റ്ഫോമില്‍ വില്‍പ്പന നടക്കുന്ന ടിക്കറ്റിന്റെ യഥാര്‍ഥ ഉടമയില്‍ നിന്നും വാങ്ങിയയാളില്‍ നിന്നും ഫിഫ റീസെയില്‍ ഫീസ് ഈടാക്കും. റീസെയില്‍ നയത്തിന് അനുസരിച്ച് ടിക്കറ്റിന്റെ വില്‍പ്പന നടന്നാല്‍ ഫിഫ ടിക്കറ്റിംഗ് മുപ്പത് പ്രവര്‍ത്തി ദിവസത്തിനകം റീഫണ്ട് തുക അനുവദിക്കും. ഫിഫയുടെ റീസെയില്‍ പ്ലാറ്റ്ഫോമിലൂടെയല്ലാതെ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ടീക്കറ്റ് പുനര്‍വില്‍പ്പനയ്ക്ക് ശ്രമിക്കുകയോ നടത്തുകയോ ചെയ്യരുതെന്നും അത് കര്‍ശനമായി നിരോധിച്ചതായും ഫിഫ അറിയിച്ചു.

Latest News