ജലോര്‍- ഭക്തയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണമുയര്‍ന്ന രാജസ്ഥാനിലെ ഭഗവാന്‍ ദത്താത്രേയ ആശ്രമത്തിലെ നടത്തിപ്പുകാരി ഹേമലതക്ക് ഫേസ് ബുക്കില്‍ 2300 അനുയായികള്‍. ആശ്രമത്തില്‍ ഭക്തയെ ബലാത്സംഗം ചെയ്ത കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഇവരുടെ സഹായിയാണ് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി തഗാറാം .
കാലസര്‍പ്പ ദോഷം ഒഴിവാക്കാന്‍ തഗറാമുമായി അവിഹിതബന്ധം പുലര്‍ത്താന്‍ യുവതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം. ദോഷം അകറ്റാന്‍ 108 ദിവസം തഗാറാമുമായി ശാരീരികബന്ധം പുലര്‍ത്തണമെന്നാണ് സന്യാസിനി ഹേമലത യുവതിയോട് ആവശ്യപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
തന്റെ ഭര്‍ത്താവിനും മരുമക്കള്‍ക്കും ആശ്രമത്തില്‍ വലിയ വിശ്വാസമുണ്ടെന്നും ആശ്രമത്തിന്റെ സേവനത്തില്‍ അര്‍പ്പണബോധമുള്ളവരാണെന്നും യുവതി പറയുന്നു. ഹേമലതയെയും തഗാറാമിനേയും പരിചയപ്പെടുത്താന്‍ ആദ്യം ആശ്രമത്തിലേക്ക് കൊണ്ടുപോയത് ഭര്‍ത്താവ് തന്നെയായിരുന്നു.
സര്‍പ്പദോഷം കാരണം ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഹേമലത തന്നോട് പറഞ്ഞതായി യുവതി തന്റെ പരാതിയില്‍ അവകാശപ്പെട്ടു. ജീവിതം പ്രശ്നത്തില്‍ തുടരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അവിഹിതബന്ധം മാത്രമാണ് പ്രതിവിധിയെന്ന് സന്യാസിനിയും സേവകനും പറഞ്ഞതായി പരാതിയില്‍ പറയുന്നു . 2022 ഫെബ്രുവരി 19 ന് തഗറാമും ഹേമലതയും തന്നെ ആശ്രമത്തിലേക്ക് വിളിച്ചുവരുത്തി വഞ്ചിച്ചെന്നാണ് യുവതിയുടെ ആരോപണം. രാത്രി എട്ട് മണിയോടെയാണ് ബേസ്മെന്റിലെ മുറിയിലേക്ക് കൊണ്ടുപോയത്. തഗാറാം നേരത്തെ തന്നെ അവിടെയുണ്ടായിരുന്നു.
തഗാറാം തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിലവിളിച്ചുവെങ്കിലും ഹേമലത തന്റെ വായില്‍ തുണി തിരുകി ബലാത്സംഗ വീഡിയോയില്‍ പകര്‍ത്തി. ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് പ്രതികള്‍ മുന്നറിയിപ്പ് നല്‍കിയതായും പരാതിയില്‍ പറയുന്നു. ഈ വീഡിയോ കാണിച്ചുകൊണ്ട് നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായി യുവതി മൊഴി നല്‍കി.






