ഭാര്യയെ കൊന്ന് വെള്ളച്ചാട്ടത്തിലുപേക്ഷിച്ചു, ഒന്നുമറിയാത്ത പോലെ തിരിച്ചുവന്നു

ചെന്നൈ- ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ നാല് മാസം മുമ്പ് വിവാഹം കഴിച്ച ഭാര്യയെ ഹണിമൂണ്‍ യാത്രക്കിടെ കൊന്ന് വെള്ളച്ചാട്ടത്തിലുപേക്ഷിച്ചയാള്‍ പിടിയില്‍. ചെന്നൈ റെഡ്ഹില്‍സ്, സെങ്ക്രണ്ടം സ്വദേശിയായ മദനനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ആന്ധ്രപ്രദേശിലെ കോണിയ പാലസിലേക്കുള്ള യാത്രക്കിടയില്‍ ഉണ്ടായ തര്‍ക്കത്തിനിടെയാണ് മദന്‍ ഭാര്യ തമിഴ്‌ശെല്‍വിയെ(18) കൊലപ്പെടുത്തിയത്.
വിവാഹ ശേഷം റെഡ്ഹില്‍സിനടുത്തുള്ള സെങ്ക്രണ്ടത്തേക്ക് താമസം മാറി. ചെന്നൈ പുഴല്‍ കതിര്‍വേട് സ്വദേശിയാണ് തമിഴ്‌ശെല്‍വി. ഒരു മാസം മുന്‍പ് ശെല്‍വിയെ ഫോണില്‍ ലഭ്യമാവാതിരുന്നതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്തപ്പോള്‍ ശെല്‍വി തന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞെന്നായിരുന്നു മദന്റെ വാദം. പിന്നീട് മാതാപിതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊലപ്പെടുത്തിയ കാര്യം മദന്‍ സമ്മതിക്കുകയായിരുന്നു.

മൃതദേഹം ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തില്‍ ഉപേക്ഷിച്ചുവെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് വെള്ളച്ചാട്ടത്തില്‍ നടത്തിയ തെരച്ചിലില്‍ ജീര്‍ണ്ണിച്ച നിലയില്‍ തമിഴ്‌ശെല്‍വിയുടെ മൃതദേഹം കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെടുത്തത്.

 

Latest News