വിദ്യാര്‍ഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ച അധ്യാപിക അറസ്റ്റില്‍ 

കോയമ്പത്തൂര്‍- കോളേജ് വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ സ്വകാര്യ ആര്‍ട്‌സ് കോളേജിലെ അസി. പ്രൊഫസര്‍ അറസ്റ്റിലായി. ബി.എസ്‌സി മാത്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ നാലു പേരെ മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്  വഴങ്ങാന്‍ പ്രേരിപ്പിച്ച കേസിലാണ് അസി.പ്രൊഫ. നിര്‍മലാ ദേവിയെ 
പോലീസ് അറസ്റ്റ് ചെയ്തത്. 
വീട് പൂട്ടി അകത്ത് കഴിയുകയായിരുന്ന അധ്യാപികയെ വാതില്‍ പൊളിച്ച് അകത്തുകടന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനുകൂല തീരുമാനമെടുത്താല്‍ പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്നും സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ബിരുദം വരെ എളുപ്പം നേടാമെന്നും സാമ്പത്തിക നേട്ടമുണ്ടാവുമെന്നും പറഞ്ഞാണ് നിര്‍മലാദേവി വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ചത്. 
20 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസും കേളേജ് മാനേജ്‌മെന്റും നടപടി സ്വീകരിച്ചത്. 
വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി മധുര കാമരാജ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പി.പി. ചെല്ലദുരൈ അറിയിച്ചു.
 

Latest News