Sorry, you need to enable JavaScript to visit this website.

മൂന്നാം വര്‍ഷത്തിലും നീതിക്കായി കാത്ത്  കെ.എം. ബഷീറിന്റെ കുടുംബം 

കഴക്കൂട്ടം- മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം. കേസില്‍ നീതി തേടി ബഷീറിന്റെ കുടുംബം ഇന്നും കോടതി കയറിയിറങ്ങുകയാണ്. ഇതിനിടെ ബഷീറിന്റെ മരണത്തില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിമയിച്ചതും പിന്നീട് പിന്‍വലിച്ചതും വിവാദവുമാകുകയാണ്. ശ്രീറാമിന് ഭരണകൂടത്തിന്റെ പിന്തുണയോട ഉന്നതസ്ഥാനങ്ങള്‍ നല്‍കുന്നതിനെതിരെ കടുത്ത ആക്ഷേപങ്ങളാണ് ഉയരുന്നത്.
2019 ഓഗസ്റ്റ് മൂന്നിന് രാത്രി 12.45ന് ഒരു നാടിനെയാകെ കണ്ണിരാലാഴ്ത്തിയാണ് കെ.എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങിയത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനം ഇടിച്ച് പൊലിഞ്ഞത് ഒരു കുടുബത്തിന്റെ അത്താണിയാണ്. രണ്ടു മക്കളും ഭാര്യയും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കെ.എം ബഷീര്‍. ബഷീറിന്റെ അപ്രതീക്ഷിതമായ മരണത്തില്‍ നിന്ന് ഇന്നും ആ കുടുംബം മുക്തരായിട്ടില്ല.
തുടക്കം മുതല്‍ അട്ടിമറിക്കപ്പെട്ട കേസെന്ന് പരക്കെ ആക്ഷേപമുയര്‍ന്നതോടെ കേസ് കുപ്രസിദ്ധിയാര്‍ജിച്ചു. ഏറ്റവും ഒടുവില്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയാണെന്ന് ഇരിക്കെ സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാമിനെ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്. ഒടുവില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി ശ്രീറാം വെങ്കിട്ടരാമനെ തല്‍സ്ഥാനത്ത് മാറ്റി. എങ്കിലും മരണം നടന്ന് വര്‍ഷം മൂന്നാകുമ്പോള്‍ ബഷീറിന്റെ മരണത്തിന് ഉത്തരവാദി എന്ന് ആരോപിക്കപ്പെടുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നതപദവിയില്‍ തന്നെയാണ്. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഉറച്ച ശബ്ദത്തോടെ പറയുകയാണ് കെ എം ബഷീറിന്റെ കുടുംബം. ബഷീറിന്റേയും ബാല ഭാസ്‌കറിന്റേയും മരണം, തിരുവനന്തപുരം സ്വര്‍ണ കടത്ത് എന്നിങ്ങനെ സംസ്ഥാന തലസ്ഥാനത്ത് അടുത്തിടെ നടന്ന പലതും കൂട്ടിയോജിപ്പിച്ച് വിശകലനം ചെയ്യുന്നവരുമുണ്ട്. 
 

Latest News