യുവതിയെ തുടര്‍ച്ചയായി പീഡിപ്പിച്ച  പോലീസുകാരനുള്‍പ്പെടെ  നാല് പേര്‍ക്കെതിരെ കേസ് 

ജയ്പൂര്‍- രാജസ്ഥാനില്‍ വനിതാ എന്‍.ജി.ഒ ജീവനക്കാരിയെ പീഡിപ്പിച്ചു. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. പീഡന വിവരം പുറത്തു പറയരുതെന്ന് പോലീസുകാരന്‍ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ ആരോപിക്കുന്നു. ജോധ്പൂര്‍ ജില്ലയിലെ അഹോറിലാണ് സംഭവം. കേസെടുത്തെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ രാജേഷ് കുമാര്‍ എന്ന വ്യക്തി എത്തിയിരുന്നതായി പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. ഇയാള്‍ ഉന്നത ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും, ലഹരി നല്‍കിയ ശേഷം മറ്റൊരു ജീവനക്കാരന്റെ സഹായത്തോടെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് യുവതി ആരോപിക്കുന്നു.
സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മുകേഷ് കുമാര്‍ എന്ന കോണ്‍സ്റ്റബിള്‍ തന്നെ വീണ്ടും പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, പ്രതികള്‍ തന്നെ നിരീക്ഷിക്കുകയും ചെയ്തതായി യുവതി പറയുന്നു. പ്രതികള്‍ തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെന്നും, യുവതിയുടെ വൈദ്യപരിശോധന നടത്തിയതായും എസ്എച്ച്ഒ (അഹോര്‍) അറിയിച്ചു.
 

Latest News