ഒരു കോടി വില വരുന്ന ഇലക്ട്രിക് ബസ്  ഉദ്ഘാടന പിറ്റേന്ന് കെട്ടിവലിച്ച് ഡിപ്പോയിലേക്ക് 

തിരുവനന്തപുരം- കെഎസ്ആര്‍ടിസി ഇന്നലെ ഉദ്ഘാടനം ചെയ്ത ഇലക്ട്രിക് ബസ് വഴിയില്‍ നിന്നു. തിരുവനന്തപുരം നഗരത്തിലെ ബ്ലൂ സര്‍ക്കിള്‍ സര്‍വീസിനായി വിട്ടുകൊടുത്ത രണ്ടു ബസുകളിലൊന്നാണ് പണിമുടക്കിയത്. ഉദ്ഘാടനം ചെയ്ത് 24 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഒരു കോടിയോളം വിലവരുന്ന ഇലക്ട്രിക് ബസ് വഴിയില്‍ നിന്നുപോയത്. തുടര്‍ന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു ബസില്‍ കൊണ്ടുപോയി. തുടര്‍ന്ന് മൊബൈല്‍ വര്‍ക്ക്‌ഷോപ് വാഹനം എത്തി ഇലക്ട്രിക്  ബസ് കെട്ടിവലിച്ച് വികാസ്ഭവന്‍ ഡിപ്പോയിലേക്ക് കൊണ്ടുപോയി.
ബസ് കേടായതിന്റെ കാരണം വ്യക്തമല്ല. ബാറ്ററിയുടെ തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ഹരിയാനയില്‍നിന്ന് ഒരുമാസം മുന്‍പു വാങ്ങി ട്രയല്‍ റണ്‍ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ബസാണിത്. ഘട്ടംഘട്ടമായി നഗര ഗതാഗത്തിന് ഇലക്ട്രിക് ബസ് ഉപയോഗിക്കാനുള്ള 400 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ബസാണിത്. ആദ്യഘട്ടത്തില്‍ 25 ബസുകളാണ് നിരത്തിലിറക്കുന്നത്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും നിവൃത്തിയില്ലാതെ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസി ഇത്രയും തുക മുടക്കി പുതിയ ബസുകള്‍ വാങ്ങുന്നതിനെതിരെ ഇടതു സംഘടനകളുടെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇന്നലെ ബസ് സര്‍വീസിന്റെ ഉദ്ഘാടന വേളയിലും ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
 

Latest News