സുപ്രീംകോടതി നിര്‍ദേശം ലംഘിച്ച് കരുതല്‍ തടങ്കല്‍,  എല്ലാം മുഖ്യമന്ത്രിയ്ക്ക് സുരക്ഷിത പാതയൊരുക്കാന്‍ 

തിരുവനന്തപുരം-  സാധാരണ ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ കരുതല്‍ തടങ്കല്‍ നിയമം സര്‍ക്കാരുകള്‍ പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി വിധിപ്രസ്താവിച്ച ജൂലൈ  മാസത്തില്‍ത്തന്നെ കേരളത്തില്‍ കരുതല്‍ നടപടിയായി പോലീസ് അറസ്റ്റു ചെയ്ത് നീക്കിയത് 25 പേരെ. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കുന്നത് തടയാനാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്ന് പ്രതിഷേധിക്കുമെന്ന് സംശയിക്കുന്നവരെ ഇത്തരത്തില്‍ നീക്കിയത്.
റോഡില്‍ നില്‍ക്കുന്ന പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി മണിക്കൂറുകളാണ് പോലീസ് സ്‌റ്റേഷനില്‍ ഇരുത്തുന്നത്. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാവുന്ന സര്‍ക്കാരുകള്‍ക്കുള്ള അസാധാരണ അധികാരമാണ് കരുതല്‍ തടങ്കല്‍ നിയമമെന്നും അതുകൊണ്ട് വളരെ മിതമായി മാത്രമേ ഈ നിയമം പ്രയോഗിക്കാവൂ എന്നുമാണ് ജൂലൈ  നാലിന് ജസ്റ്റിസ് സി.ടി. രവികുമാര്‍ വിധി പ്രസ്താവിച്ചത്. കേരളത്തില്‍ കഴിഞ്ഞമാസം മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയില്‍ ചായ കുടിച്ചു നിന്നവരെയും ഖദര്‍ ധരിച്ച് കൂടിനിന്നവരെയും കരിങ്കൊടി കാണിച്ചവരുടെ പിന്നാലെവന്നവരെയുമൊക്കെയാണ് കരുതല്‍ തടങ്കല്‍ എന്ന് പേരില്‍ അറസ്റ്റുചെയ്തു നീക്കിയത്.
ജൂലൈ  23ന് തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തില്‍ ആശാന്റെ 150ാം ജന്മവാര്‍ഷികാഘോഷം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഡി.സി.സി. ജനറല്‍ സെക്രട്ടറി എസ്. കൃഷ്ണകുമാറിനെ അറസ്റ്റു ചെയ്തു നീക്കിയത്. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഗേറ്റിന് മുന്നില്‍നിന്ന് പോലീസ് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. മൂന്നുമണിക്ക് കസ്റ്റഡിയിലെടുത്ത കൃഷ്ണകുമാറിനെ വൈകീട്ട് ഏഴു മണിയോടെയാണ് വിട്ടയച്ചത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ എത്തിയെന്ന സന്ദേശം ലഭിച്ച ശേഷമാണ് തന്നെ വിട്ടയച്ചതെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
തോന്നയ്ക്കല്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിന് മുമ്പായി കണിയാപുരത്ത് റോഡരികില്‍ ചായ കുടിച്ചു നില്‍ക്കുകയായിരുന്ന ഡി.സി.സി. വൈസ് പ്രസിഡന്റ് എം. മുനീറിനെയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെയും അറസ്റ്റു ചെയ്ത് നീക്കി. അതിനുമുമ്പ് മുഖ്യമന്ത്രി ഉദ്ഘാടകനായ ആറ്റിങ്ങലില്‍ നടന്ന പോലീസ് അസോസിയേഷന്‍ സമ്മേളനത്തിന് റോഡ് ക്ലിയറന്‍സിന് എത്തിയ പോലീസുകാര്‍ വഴിയില്‍നിന്ന നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഇതേപോലെ അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മുഖ്യമന്ത്രി മടങ്ങിയ ശേഷമാണ് ഇവരെയും വിട്ടയച്ചത്.
ജൂലായ് 20ന് മുഖ്യമന്ത്രി പങ്കെടുത്ത വിളപ്പില്‍ശാല ഇ. എം.എസ്. അക്കാദമിയിലെ പരിപാടിക്കു മുന്നോടിയായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.ആര്‍. ബൈജു, പൂവച്ചല്‍ മണ്ഡലം പ്രസിഡന്റ് സത്യദാസ് എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ജൂലൈ  30ന് എറണാകുളം ഗവ. പ്രസില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കു മുന്നോടിയായി ഏഴു പേരെയും നാലുദിവസം മുമ്പ് കുന്നംകുളത്തുനിന്ന് മൂന്നുപേരെയും പോലീസ് കരുതല്‍ തടങ്കലിലാക്കി.
ഏതു സാഹചര്യത്തില്‍ കരുതല്‍ തടങ്കല്‍ നിയമം പ്രയോഗിക്കാമെന്ന് ജൂലൈ ് നാലിലെ വിധിയില്‍ ജസ്റ്റിസ് രവികുമാര്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള സമാധാന ലംഘനങ്ങളും കരുതല്‍ തടങ്കല്‍ നിയമം പ്രയോഗിക്കേണ്ട പൊതു ക്രമക്കേടായി കാണാനാവില്ലെന്നും സാധാരണ ക്രമസമാധാന പ്രശ്‌നങ്ങള്‍ അതിന്റേതായ നിയമംവഴി നേരിടണമെന്നുമാണ് വിധിയില്‍ പറയുന്നത്.
 

Latest News