കൊല്ലം- വാളത്തുങ്കലിൽ 19 കാരന് ലഹരി സംഘത്തിന്റെ ക്രൂരമർദ്ദനം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനെയാണ് എട്ടോളം വരുന്ന അക്രമികൾ ക്രൂരമായി മർദ്ദിച്ചത്. സംഘത്തിന് മുന്നിലൂടെ ലെയ്‌സ് കഴിച്ചു നടന്നുവരികയായിരുന്ന നീലകണ്ഠനോട് ലെയ്‌സ് ചോദിച്ചാണ് ക്രൂരമർദ്ദനം അഴിച്ചുവിട്ടത്. കൊല്ലം വാളത്തുങ്കൽ ഫിലിപ്പ് മുക്കിലാണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് വാടകയ്ക്ക് താമസിക്കാൻ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ. കണ്ടു പരിചയമുള്ളവരാണ് തന്നെ മർദ്ദിച്ചതെന്ന് നീലകണ്ഠൻ പറഞ്ഞു.കുനിച്ചു നിർത്തി ഇടിക്കുകയും കുതിച്ച് തലയിൽ ചവിട്ടുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.






