കൊച്ചി- ലഹരിമരുന്ന് കേസ് പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയില്‍. നെടുമങ്ങാട് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. നേരത്തെ നെടുമങ്ങാട് കോടതിയില്‍നിന്ന് തിരുവനന്തപുരം സി.ജെ.എം കോടതി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിപ്പിച്ചിരുന്നു. പിന്നാലെ കേസിലെ വിചാരണ നീണ്ടുപോയതിനെക്കുറിച്ച് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാര്‍ രംഗത്തെത്തി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ആന്റണി രാജുവിനെതിരെ ഹാജരാകുന്നത് അസി. പബ്ലിക് പ്രോസിക്യൂട്ടറാണ്. മന്ത്രിക്കെതിരായ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകുന്നത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകുന്നത് സുതാര്യമായ കേസ് നടത്തിപ്പിന് തടസ്സമാകുമെന്ന് ഇവര്‍ ആരോപിച്ചു. ആവശ്യമുന്നയിച്ച് ഹരജിക്കാര്‍ മുഖ്യമന്ത്രിയെ സമീപിച്ചു. പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചെന്നാണ് വിവരം. കേസ് മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.






